Latest News

ബസ് ബൈക്കില്‍ ഇടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു

കോട്ടയം: നിയന്ത്രണംവിട്ട സ്വകാര്യ ബസ് ബൈക്കില്‍ ഇടിച്ചു ബൈക്ക് യാത്രികരായ വിദ്യാര്‍ഥികള്‍ മരിച്ചു.12 പേര്‍ക്കു പരുക്കേറ്റു. വെച്ചൂച്ചിറ തെള്ളിയില്‍ ചരിവുകാലായില്‍ ടി.ജി. തോമസിന്റെ മകന്‍ ഡോണി തോമസ് (20), വെച്ചൂച്ചിറ മുണ്ടയ്ക്കല്‍ താഴെ മുരളീധരന്‍പിള്ളയുടെ മകന്‍ അജിത് എം. പിള്ള (സുജിത്-19) എന്നിവരാണു മരിച്ചത്.

അജിത് സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതര പരുക്കേറ്റ ഡോണിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചൊവ്വാഴ്ച വൈകിട്ടു ദേശീയപാതയില്‍ പന്ത്രണ്ടാംമൈല്‍ ഗ്രാന്‍ഡ് ജംക്ഷനു സമീപമുള്ള വളവിലായിരുന്നു അപകടം. 

അമിതവേഗത്തില്‍ വളുവുതിരിഞ്ഞു വന്ന ബസ് ബൈക്കിലിടിക്കാതിരിക്കാന്‍ വെട്ടിച്ചതോടെ നിയന്ത്രണം വിടുകയായിരുന്നു. ബൈക്കിലിടിച്ചശേഷം റോഡിനും വൈദ്യുതപോസ്റ്റിനും ഇടയിലൂടെ സ്‌റ്റേഷനറി കടയിലേക്ക് ഇടിച്ചുകയറിയാണു നിന്നത്. കടയിലെ ജീവനക്കാരി ഓര്‍വയല്‍ മഴുവനാടിയില്‍ അശ്വതി (40) തെറിച്ചുവീണെങ്കിലും പരുക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.

അജിത്തിന്റെ സഹപാഠി കുര്യന്‍ മറ്റൊരു ബൈക്കില്‍ പിന്നാലെയുണ്ടായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളെയും ബസിലെ യാത്രക്കാരെയും ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചു. തേനി ഭാരത് എന്‍ജിനീയറിങ് കോളജില്‍ പഠിക്കുന്ന അജിത്തും കുര്യനും കോട്ടയം സിഎംഎസ് കോളജിലെ വിദ്യാര്‍ഥിയും സുഹൃത്തുമായ ഡോണിയെ കൂട്ടി കോട്ടയത്തുനിന്നു തിരികെ പോകുമ്പോഴാണ് അപകടം. ഡോണിയാണു ബൈക്ക് ഓടിച്ചിരുന്നത്. ഡോണിയുടെ മാതാവ്: സുജ. സഹോദരി: ജയ. സുജിത്തിന്റെ മാതാപിതാക്കളും സഹോദരനും ബഹ്‌റൈനിലാണ്. മാതാവ്: ഗീത. സഹോദരന്‍: വിഷ്ണു.

പാമ്പാടി ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍: മാങ്ങാനം സ്വദേശിനികളായ റിന്‍സി (18), ശില്‍പ (18), രഞ്ജന (18), അരീപ്പറമ്പ് സ്വദേശിനി നീന (43), കാഞ്ഞിരപ്പള്ളി സ്വദേശിനി ജോണ്‍സമ്മ (32), അയ്മനം തനൂജ (24), ചെന്നാമറ്റം സ്വദേശിനി സൗദാമിനി (48), ചേന്നംപള്ളി സ്വദേശിനി കോമളവല്ലി (53), കോത്തല സ്വദേശിനി സുസ്‌മേര (28), വിശ്വലക്ഷ്മി (21). സിഐ സാജു വര്‍ഗീസ്, എസ്‌ഐ കെ.എല്‍. സജിമോന്‍, എഎസ്‌ഐമാരായ ജയിന്‍ സഖറിയ, രാജശേഖരന്‍, രവി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും നാട്ടുകാരും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം നടത്തി.


Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.