Latest News

മൊഗ്രാലിന്റെ ഇശല്‍ പെരുമ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച തനിമ അബ്ദുല്ല വിടപറഞ്ഞു

മൊഗ്രാല്‍: മൊഗ്രാല്‍ ഗ്രാമത്തിന്റെ ഇശല്‍ പെരുമ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച എം.കെ അബ്ദുല്ല എന്ന തനിമ അബ്ദുല്ല വിടപറഞ്ഞു.

കടുത്ത പ്രമേഹത്തിന് പുറമെ രക്തസമ്മര്‍ദ്ദവും കഠിനമായി ആരോഗ്യനില വഷളായ അബ്ദുല്ല ഏറെ നാളായി ചികിത്സയിലായിരുന്ന അബ്ദുല്ല വെള്ളിയാഴ്ച രാത്രി 11 മണിയോടെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം.

വലിയൊരു സുഹൃദ് വലയമുള്ള അബ്ദുല്ല മൊഗ്രാലിന്റെ കലാസാംസ്‌കാരികരാഷ്ട്രീയ രംഗങ്ങളിലെല്ലാം സജീവമായിരുന്നു. മാപ്പിളപ്പാട്ടിനോടുള്ള കൂറും സ്‌നേഹവും വെളിപ്പെടുത്താന്‍ അബ്ദുല്ല പല തവണ കാസര്‍കോട്ട് തനിമ എന്ന പേരില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. അങ്ങിനെ തനിമ അബ്ദുല്ല എന്ന പേര് അദ്ദേഹം സ്വന്തമാക്കി.

മാപ്പിളപ്പാട്ട് മത്സരങ്ങളും സെമിനാറുകളും സംഘടിപ്പിക്കുന്നതിലും ഏറെ ഉത്സാഹം കാട്ടാറുള്ള എം.കെ അബ്ദുല്ല പല പരിപാടികളും ഒരുക്കിയത് തന്റെ ഒറ്റക്കുള്ള കഠിനാധ്വാനം കൊണ്ടാണ്. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഒരിക്കല്‍ വിപുലമായി നടത്തിയ തനിമ ഇശല്‍ സന്ധ്യക്കൊടുവില്‍ ക്ഷീണിതനായി അബ്ദുല്ല വേദിയില്‍ വീണതും ദിവസങ്ങളോളം ആസ്പത്രിയില്‍ കിടക്കേണ്ടി വന്നതും കാസര്‍കോട്ടെ മാപ്പിളപ്പാട്ട് ആസ്വാദകര്‍ക്ക് മറക്കാന്‍ പററാത്തതായിരുന്നു.
രാഷ്ട്രീയരംഗത്തും അബ്ദുല്ലയുടെ സജീവസാന്നിധ്യമുണ്ടായിരുന്നു. ജനതാദള്‍ ജില്ലാ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിരുന്നു.

മൊഗ്രാലിന്റെ ഇശല്‍പെരുമയെ അടയാളപ്പെടുത്തിയ ഇശല്‍ ഗ്രാമം വിളിക്കുന്നു എന്ന ഡോക്യുമെന്ററി ഒരു നാടിന്റെ എവിടെയോ മറന്നുപോയ നല്ല നാളുകളെ മാലോകര്‍ക്കു മുന്പില്‍ അവതരിപ്പിക്കുന്നതായിരുന്നു. കൈരളി ചാനല്‍ സംപ്രേഷണം ചെയ്ത ഈ ഡോക്യുമെന്ററി ഏറെ പ്രശംസ പിടിച്ചുപറ്റുകയും അബ്ദുല്ലക്കിത് വലിയ അംഗീകാരം നേടിക്കൊടുക്കുകയും ചെയ്തിരുന്നു.
ഇശല്‍ രാവുകളൊരുക്കി മാപ്പിളപ്പാട്ടിന്റെ മാധുര്യം നാട്ടുകാര്‍ക്ക് സമ്മാനിക്കുന്നതിനിടയില്‍ അബ്ദുല്ല പക്ഷെ തന്റെ സ്വകാര്യ ജീവിതം മറന്നുപോയിരുന്നു. വിവിധ രംഗങ്ങളില്‍ മികവ് പുലര്‍ത്തുന്നവരെ കണ്ടെത്തി ആദരിക്കുന്നതിലും അദ്ദേഹം സന്തോഷം കണ്ടെത്തിയിരുന്നു.

ബംഗളൂരുവില്‍ വിപുലമായൊരു ആദരവ് പരിപാടി സംഘടിപ്പിച്ച് നാട്ടിലെത്തിയ ഉടനെയായിരുന്നു കടുത്ത രക്തസമ്മര്‍ദ്ദവും പ്രമേഹവും അദ്ദേഹത്തെ വീഴ്ത്തിക്കളഞ്ഞത്. നീണ്ട നാളെത്തെ ചികിത്സക്കൊടുവില്‍ വെളളിയാഴ്ച വൈകിട്ടോടെയായിരുന്നു വീട്ടിലെത്തിയത്.

അബ്ദുല്ലയുടെ വിയോഗ വാര്‍ത്തയറിഞ്ഞ് മാപ്പിള കലാ രംഗത്തെ പ്രമുഖരടക്കം നിരവധി പേര്‍ മൊഗ്രാലില്‍ എത്തികൊണ്ടിരിക്കുന്നത്.

പരേതനായ അഹ് മദ് കുട്ടി - ആഇശ ദമ്പതികളുടെ മകനാണ്. ഭാര്യ: ബീഫാത്വിമ. മക്കള്‍: അല്‍ത്താഫ്, ഹസീന, റസീന, പരേതനായ അജ്മല്‍. മരുമകന്‍: സാജിദ് അംഗഡിമുഗര്‍ (ദുബൈ). സഹോദരങ്ങള്‍: ഹംസ, മുഹമ്മദ്, ഖദീജ. 

മൃതദേഹം ശനിയാഴ്ച രാവിലെ 11 മണിയോടെ മൊഗ്രാല്‍ വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.


Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.