Latest News

റെയില്‍വെ സ്ഥലം കൈയ്യേറി മറിച്ചു വിറ്റ കേസില്‍ സ്ത്രീക്ക് കാല്‍ലക്ഷം പിഴയും തടവും

കാഞ്ഞങ്ങാട് : തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തോടൊപ്പം റെയില്‍വെയുടെ സ്ഥലം കൂടി കൈയ്യേറി സ്വകാര്യ വ്യക്തിക്ക് വില്‍പ്പന നടത്തിയ കേസില്‍ പ്രതിയായ സ്ത്രീയെ കോടതി കാല്‍ ലക്ഷം രൂപ പിഴയടക്കാനും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചു.

ഹൊസ്ദുര്‍ഗ് ചര്‍ച്ചിന് സമീപം താമസിക്കുന്ന സി എച്ച് ഷെയ്ക്ക് കുട്ടിയുടെ ഭാര്യ പുത്തിലക്കാട്ട് വലിയ പുരയില്‍ റാബിയയെയാണ് (57) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ( ഒന്ന്) കോടതി ശിക്ഷിച്ചത്.
തട്ടിപ്പിനിരയായ കാസര്‍കോട് ഐ ടി ഐ യിലെ സ്റ്റോര്‍ കീപ്പറായ ആവിക്കരയിലെ എ എന്‍ രാധാകൃഷ്ണന്‍ ആചാരിയാണ് റാബിയക്കെതിരെ കോടതിയില്‍ ഹരജി നല്‍കിയിരുന്നത്.
2008 നവംബര്‍ 19 നാണ് റാബിയ രാധാകൃഷ്ണന്‍ ആചാരിക്ക് സ്ഥലം വില്‍പ്പന നടത്തിയത്. രാധാകൃഷ്ണന്‍ ആവിക്കരയിലെ ക്വാര്‍ട്ടേഴ്‌സില്‍ കുടുംബസമേതമാണ് താമസം. റാബിയയുടെ ഹൊസ്ദുര്‍ഗ് വില്ലേജില്‍ 27/02 സര്‍വ്വെ നമ്പറില്‍പ്പെട്ട പടിഞ്ഞാറ് ഭാഗത്തുള്ള സ്ഥലം രാധാകൃഷ്ണന്‍ ആചാരിക്ക് ഹൊസ്ദുര്‍ഗ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് രജിസ്റ്റര്‍ ചെയ്ത് നല്‍കിയിരുന്നു. സ്ഥലത്തിന്റെ വിലയായി നിശ്ചയിച്ച 56000 രൂപ റാബിയ രജിസ്റ്ററിനു മുമ്പ് നല്‍കുകയും ചെയ്തിരുന്നു.
തന്റെ ഉടമസ്ഥതയിലുള്ള അഞ്ച് സെന്റ് സ്ഥലമെന്ന് ധരിപ്പിച്ചാണ് ഭൂമി ഇടപാട് നടത്തിയത്.
ഈ സ്ഥലത്ത് വീടു നിര്‍മ്മിക്കുന്നതിനായി കെട്ടിടനിര്‍മാണ അനുമതി ലഭിച്ചതായും റാബിയ രാധാകൃഷ്ണനെ ധരിപ്പിച്ചിരുന്നു. ഈ സ്ഥലത്ത് പുതിയ വീട് നിര്‍മിക്കുന്നതിനുള്ള അനുമതിയുമായി ബന്ധപ്പെട്ട് രാധാകൃഷ്ണന്‍ നഗരസഭ കാര്യാലയത്തില്‍ എത്തിയെങ്കിലും അനുമതിയില്ലെന്ന മറുപടിയാണ് ലഭിച്ചത്.
റാബിയയ്ക്ക് 27/02 സര്‍വ്വെ നമ്പറില്‍ മൂന്നര സെന്റ് സ്ഥലം മാത്രമേ ഉള്ളൂവെന്നും ബാക്കി സ്ഥലം റെയില്‍വെയുടേതാണെന്നും നഗരസഭയില്‍ നിന്നും അറിയിച്ചതോടെയാണ് ഇക്കാര്യം മറച്ചുവെച്ചാണ് റാബിയ സ്ഥലം വില്‍പ്പന നടത്തിയതെന്നും രാധാകൃഷ്ണന് ബോധ്യപ്പെട്ടു.
മാത്രമല്ല വില്‍പ്പന നടത്തിയ സ്ഥലത്ത് മൂന്ന് മീറ്റര്‍ വീതിയില്‍ ഓവുചാല്‍ നിര്‍മിക്കാന്‍ കാഞ്ഞങ്ങാട് നഗരസഭയ്ക്ക് റെയില്‍വെ അനുമതി പത്രം നല്‍കുകയും ചെയ്തിരുന്നു. നാല് സെന്റ് സ്ഥലമെങ്കിലും ഇല്ലാതെ വീട് നിര്‍മാണത്തിന് വായ്പ നല്‍കാനാകില്ലെന്ന് ബാങ്ക് അധികൃതരും രാധാകൃഷ്ണനെ അറിയിച്ചു.
ഈ സാഹചര്യത്തിലാണ് റാബിയയ്‌ക്കെതിരെ രാധാകൃഷ്ണന്‍ കോടതിയെ സമീപിച്ചത്. കോടതി നിര്‍ദ്ദേശ പ്രകാരം റാബിയക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുക്കുകയും കഴിഞ്ഞ ദിവസം കോടതിയില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയായി വിധി പ്രഖ്യാപിക്കുകയുമായിരുന്നു.


Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.