Latest News

ലോകകപ്പ് ഫുട്‌ബോളിന്റെ ലോഗോ പ്രകാശനം ചെയ്തു

മോസ്‌ക്കോ: 2018ല്‍ റഷ്യ ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ ലോഗോ പ്രകാശനം ചെയ്തു. റഷ്യയിലെ ചാനല്‍ വണ്ണിലെ ഈവ്‌നിങ് അര്‍ജന്റ് എന്ന ടോക്‌ഷോയില്‍ വച്ച് ഫിഫ അധ്യക്ഷന്‍ സെപ് ബ്ലാറ്റര്‍ പ്രകാശനം നിര്‍വഹിച്ചു. ചുവപ്പ് പശ്ചാത്തലത്തില്‍ റഷ്യന്‍ പതാകയുടെ മാതൃകയില്‍ പൊതിഞ്ഞ ലോകകപ്പാണ് ലോഗോ. 

റഷ്യയുടെ സ്‌പേസ് സ്‌റ്റേഷനില്‍ വച്ച് മൂന്ന് ബഹിരാകാശയാത്രികരാണ് ലോഗോ ആദ്യം പ്രദര്‍ശിപ്പിച്ചത്. ഈ ലോഗോ പിന്നീട് ഒരു ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ മാതൃകയില്‍ രൂപകല്‍പന ചെയ്ത സ്റ്റുഡിയോയില്‍ എത്തിക്കുകയായിരുന്നു. ടോക് ഷോയ്ക്കിടെ പ്രകാശനം ചെയ്ത ലോഗോ പിന്നീട് മോസ്‌ക്കോയിലെ ബോള്‍ഷോയ് തിയറ്ററില്‍ ആരാധകര്‍ക്കായി പ്രദര്‍ശിപ്പിച്ചു.

ഫുട്‌ബോളിനെ കുറിച്ചുള്ള പ്രത്യേക ചര്‍ച്ചകള്‍ക്കായി ടോക്‌ഷോയുടെ പേരും ലേറ്റ് നൈറ്റ് മണ്ട്യാല്‍ എന്ന് പുനര്‍നാമകരണം ചെയ്തിരുന്നു. ബ്ലാറ്റര്‍ക്ക് പുറമെ ടോക് ഷോയുടെ അവതാരകന്‍ ഇവാന്‍ അര്‍ഗന്റ്, സംഘാടക സമിതി അധ്യക്ഷന്‍ വിതാലി മുത്‌കോ, 2006 ലോകകപ്പിലെ ജേതാക്കളായ ഇറ്റലിയുടെ നായകന്‍ ഫാബിയോ കന്നവാരോ എന്നിവരും പ്രകാശനച്ചടങ്ങില്‍ സംബന്ധിച്ചു. 

ലോകകപ്പ് നേടിയ എട്ട് രാജ്യങ്ങളെ പ്രതിനിധീകരിച്ച് ഫ്രൂട്ട്‌സ് സംഗീത ബാന്‍ഡിലെ അംഗങ്ങള്‍ അതാത് രാജ്യങ്ങളുടെ ജെഴ്‌സിയണിഞ്ഞ് സ്റ്റുഡിയോയില്‍ അണിനിരന്നു.
റഷ്യയുടെ ഹൃദയത്തിന്റെയും ആത്മാവിന്റെയും ആവിഷ്‌കാരമാണ് ലോഗോയെന്ന് സെപ് ബ്ലാറ്റര്‍ പറഞ്ഞു. യുക്രെയ്‌നിലെ സംഘര്‍ഷം കാരണം ലോകകപ്പിന്റെ വേദി റഷ്യയില്‍ നിന്ന് മാറ്റുന്ന പ്രശ്‌നമില്ലെന്നും ബ്ലാറ്റര്‍ പറഞ്ഞു. 

റഷ്യയെ ഒന്നിപ്പിക്കാനുള്ള ശേഷി ഫുട്‌ബോളിനുണ്ട്. ഏതൊരു പ്രതിഷേധത്തേക്കാളും ശക്തമാണ് ഫുട്‌ബോളെന്ന് വരുന്ന ലോകകപ്പ് തെളിയിക്കും. ബ്രസീലുമായി താരതമ്യം ചെയ്യുമ്പോള്‍ റഷ്യയില്‍ ലോകകപ്പിന്റെ ഒരുക്കങ്ങള്‍ ഏറെ പുരോഗമിച്ചുകഴിഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടില്ലെങ്കില്‍ റഷ്യയെയും യുക്രെയ്‌നിനെയും വ്യത്യസ്ത ഗ്രൂപ്പുകളിലായിരിക്കും ഉള്‍പ്പെടുത്തുക-ബ്ലാറ്റര്‍ പറഞ്ഞു.

2018 ജൂണില്‍ റഷ്യയിലെ 11 നഗരങ്ങളിലായാണ് ലോകകപ്പ് നടക്കുക.


Keywords: Sports, World Cup, International News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.