Latest News

കാസര്‍കോട് മെഡിക്കല്‍ കോളജിന് 388 കോടിരൂപ അനുവദിക്കും: മന്ത്രി ശിവകുമാര്‍

കാസര്‍കോട്: കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവൃത്തികള്‍ 2015 ജനുവരിയില്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ കാസര്‍കോട് ഗസ്റ്റ്ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

388 കോടി രൂപയാണ് മെഡിക്കല്‍ കോളജ് നിര്‍മാണത്തിനായി പ്രതീക്ഷിക്കുന്നത്. ഇതിനായി 150 കോടി രൂപ നബാര്‍ഡില്‍ നിന്നും വായ്പാ ഇനത്തില്‍ ലഭ്യമാക്കും. 2017 ഓടെ മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആദ്യഘട്ടത്തില്‍ 64 കോടിയും രണ്ടാം ഘട്ടത്തില്‍ 86 കോടിരൂപയുമായി രണ്ടുഗഡുക്കളായാണ് 150 കോടി രൂപ ലഭ്യമാക്കുക. ഇതിനുപുറമെ 234 കോടി സംസ്ഥാന സര്‍ക്കാര്‍ ഘട്ടം ഘട്ടമായി നല്‍കും. ജില്ലാ ആശുപത്രിയില്‍ രണ്ട് മാസത്തിനുള്ളില്‍ സി.ടി സ്‌കാന്‍ സൗകര്യം ലഭ്യമാക്കും. കാസര്‍കോട് പാക്കേജില്‍ അനുവദിച്ച 75 കോടിയില്‍ 25 കോടി രൂപയും പ്ലാന്‍ ഫണ്ടില്‍ നിന്നും ഒമ്പതരക്കോടിയും മെഡിക്കല്‍ കോളജിനായി അനുവദിക്കും.

ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കുന്നതോടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കും. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ 8.75 കോടി രൂപ ചിലവില്‍ പുതിയ കെട്ടിടം നിര്‍മിക്കും. ഇതിന്റെ ടെക്‌നിക്കല്‍ സാഗ്ഷനുള്ള നടപടി തുടങ്ങി. ജില്ലയില്‍ മാതൃശിശു സംരക്ഷണ കേന്ദ്രം സ്ഥലം ഏറ്റെടുത്ത് ലഭ്യമാക്കിയാല്‍ ഉടന്‍ ലഭ്യമാക്കും. കാഞ്ഞങ്ങാട്ടെ പഴയ ജില്ലാ ആശുപത്രി കെട്ടിടം ഇതിനായി പരിഗണിക്കുന്നുണ്ട്.

70 ആയുര്‍വേദ ഫിസിയോ തെറാപ്പിസ്റ്റുമാരെ ഉടന്‍ നിയമിക്കും. നിലവില്‍ താല്‍ക്കാലിക അടിസ്ഥാനത്തിലാണ് നിയമനം നല്‍കുന്നത്. ഇവര്‍ക്ക് ജോലി ചെയ്ത വകയില്‍ നല്‍കാനുള്ള തുക ഉടന്‍ അനുവദിക്കും. പ്രസവ ചികിത്സയുമായി ബന്ധപ്പെട്ട് ഗര്‍ഭിണികള്‍ക്ക് ആശുപത്രിയിലേക്ക് എത്തുന്നതിന് 108 ആംബുലന്‍സ് മാതൃകയില്‍ ജനനി സുരക്ഷാ എക്‌സ്പ്രസ് ആംബുലന്‍സ് സൗകര്യം ഉടന്‍ ആരംഭിക്കും. ഇപ്പോള്‍ ഗള്‍ഭിണികള്‍ക്ക് ആശുപത്രിയിലേക്ക് എത്തുന്നതിനുള്ള ചിലവ് സര്‍ക്കാര്‍ നല്‍കുന്നുണ്ട്.

എല്ലാ പഞ്ചായത്തുകളിലും പി.എച്ച്‌സിയും ആയുര്‍വേദ ഡിസ്‌പെന്‍സറിയും ആരംഭിക്കും. 61 ഡോക്ടര്‍മാരുടെ കുറവാണ് ജില്ലയിലുള്ളത്. ഇതില്‍ 59 ഡോക്ടര്‍മാരെ ഉടന്‍ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. ഡോ. മുഹമ്മദ് അഷീലും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.