Latest News

വിറ്റ ആദിവാസി പെണ്‍കുട്ടിയെ തൃപ്പൂണിത്തുറയില്‍ കണ്ടെത്തി ; പിതാവും സുഹൃത്തും പിടിയില്‍

പാലക്കാട്: ആദിവാസി ബാലികയെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റെന്ന അമ്മയുടെ പരാതിയില്‍ അച്ഛനെയും ഇടനിലക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഷോളയൂര്‍ കോട്ടത്തറ വണ്ണാന്തറ ഊരിലെ തുളസിയുടെ രണ്ടര വയസുള്ള മകളെയാണ് കഴിഞ്ഞ 17ന് വിറ്റത്. കുട്ടിയുടെ അച്ഛന്‍ ആലത്തൂര്‍ സ്വദേശി ഷംസുദ്ദീന്‍, ഇടനിലക്കാരന്‍ കോട്ടത്തറ സ്വദേശി ജോണ്‍ എന്നിവരാണ് അറസ്റ്റിലായത്.

അതേസമയം, തൃപ്പൂണിത്തുറ ചാത്താരിയിലെ പ്രദീപന്‍-ശോഭ ദമ്പതികളാണു കുഞ്ഞിനെ വാങ്ങിയതെന്നു തൃപ്പൂണിത്തുറ പൊലീസ് കണ്ടെത്തി. എസ്എന്‍ ജംക്ഷനിലുള്ള രാധാകൃഷ്ണന്‍ മുഖേന കോയമ്പത്തൂരില്‍ താമസിക്കുന്ന സഹോദരന്‍ രാജന്‍ വഴിയാണ് പ്രദീപന്‍ കുട്ടിയെ വാങ്ങിയത്. കുട്ടികളില്ലാത്ത ഈ ദമ്പതികള്‍ ഒരു കുട്ടിയ ദത്തെടുത്തു വളര്‍ത്താന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് രാജന്‍ വഴി കുട്ടിയെ രാധാകൃഷ്ണന്‍ കണ്ടെത്തിയത്. നല്ല ആഹാരവും വസ്ത്രവും നല്‍കി പരിപാലിച്ച കുഞ്ഞിന് കാതുകുത്തും അരഞ്ഞാണം അണിയിക്കലും എല്ലാം കഴിഞ്ഞിരുന്നു. കുഞ്ഞ് സന്തോഷത്തോടെയാണ് പ്രദീപന്റെ വീട്ടില്‍ കഴിയുന്നതെന്ന് തൃപ്പൂണിത്തുറ പൊലീസ് പറഞ്ഞു.

കുട്ടിയുടെ അമ്മ തുളസി അഗളി സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ തൃപ്പൂണിത്തുറ സ്വദേശിക്ക് വിറ്റു എന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് പൊലീസ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെയും വാങ്ങിയവരെയും അഗളി പൊലീസിന് കൈമാറുമെന്ന് തൃപ്പൂണിത്തുറ എസ്‌ഐ പി.ആര്‍. സന്തോഷ് പറഞ്ഞു.

കുട്ടിയെ വിറ്റതായി സൂചന ലഭിച്ച കോട്ടത്തറ ആരോഗ്യമാതാ ജംക്ഷനിലെ ഓട്ടോഡ്രൈവര്‍മാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ചോദ്യം ചെയ്യലില്‍ ഷംസുദ്ദീനും ജോണും കുറ്റം സമ്മതിച്ചു. പ്രതിഫലമായി 80,000 രൂപ കൈപ്പറ്റിയതായും പൊലീസിനോട് സമ്മതിച്ചു.

കണ്ടാലറിയാവുന്ന നാലു പേരെ കൂടി കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. കുട്ടിയെ വിറ്റവിവരം പുറത്തുപറഞ്ഞാല്‍ ഉപേക്ഷിക്കുമെന്ന് ഷംസുദ്ദീന്‍ ഭീഷണിപ്പെടുത്തുകയും വീട്ടില്‍ അടച്ചിടുകയും ചെയ്തതായി തുളസി പൊലീസിനോട് പറഞ്ഞു. ഷംസുദ്ദീന് ആലത്തൂരില്‍ മറ്റൊരു ഭാര്യയും കുട്ടികളുമുണ്ട്. ഇവരെ ഉപേക്ഷിച്ച് അട്ടപ്പാടിയിലെത്തിയ ഇയാള്‍ നാലു വര്‍ഷമായി തുളസിയോടൊപ്പമാണ് താമസം. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തിട്ടുണ്ട്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.