Latest News

ബൈക്കില്‍ സഞ്ചരിച്ച രണ്ടു വിദ്യാര്‍ഥികള്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ചു

വണ്ടൂര്‍: ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരായ രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. വാണിയമ്പലം ശാന്തിനഗര്‍ ആലിക്കാപറമ്പില്‍ റംലത്തിന്റെ ഏക മകന്‍ അബ്ദുല്‍സമദ് (18), അയല്‍വാസി കൊണ്ടോട്ടിപ്പറമ്പന്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ മുഹാജിര്‍ (18) എന്നിവരാണ് മരിച്ചത്.

കോയമ്പത്തൂര്‍ ഈറോഡ് നന്ദ എന്‍ജിനീയറിങ് കോളജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമാ വിദ്യാര്‍ഥിയാണ് അബ്ദുല്‍സമദ്. എറിയാട് അല്‍ജാമിയ ഐടിസിയില്‍ സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമാ വിദ്യാര്‍ഥിയാണ് മുഹാജിര്‍. വെളളിയാഴ്ച രാവിലെ ഒന്‍പതോടെ വണ്ടൂര്‍-കാളികാവ് റോഡില്‍ കുറ്റിയില്‍ അങ്ങാടിക്കു സമീപം മാര്‍ബിള്‍ കടയുടെ മുന്നിലാണ് അപകടം നടന്നത്.

അബ്ദുല്‍സമദിന്റെ അമ്മാവന്റെ മകളുടെ നിക്കാഹ് വെളളിയാഴ്ച നിശ്ചയിച്ചിരുന്നു. അതിനു ചില സാധനങ്ങള്‍ വാങ്ങാന്‍ മുഹാജിറിനോടൊപ്പം വീട്ടില്‍നിന്നു വണ്ടൂരിലേക്കു ബൈക്കില്‍ പുറപ്പെട്ടതായിരുന്നു. ചരക്കുലോറി വണ്ടൂരില്‍നിന്നു കൂരാട് ഭാഗത്തേക്കു കോഴിത്തീറ്റയുമായി വരികയായിരുന്നു. കുറ്റിയില്‍ എത്തിയപ്പോള്‍ എതിര്‍വശത്തു നിര്‍ത്തിയിടാന്‍ ബൈക്ക് തിരിക്കുന്നതിനിടെയാണ് അപകടമെന്നു പറയുന്നു.

ബൈക്കില്‍നിന്നു തെറിച്ചുവീണ ഇരുവരും ലോറിക്കടിയില്‍പ്പെട്ടു. രണ്ടുപേരുടെയും ശരീരത്തിലൂടെ ചക്രങ്ങള്‍ കയറിയിറങ്ങി. കുറച്ചു ദൂരം നിരക്കിക്കൊണ്ടുപോയ അടയാളം റോഡിലുണ്ട്. അബ്ദുല്‍സമദ് സംഭവസ്ഥലത്തുതന്നെ മരിച്ചു. മുഹാജിറിനെ നാട്ടുകാരും പൊലീസും ചേര്‍ന്നു ലോറി ഉയര്‍ത്തി പുറത്തെടുത്ത് മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എസ്‌ഐ ടി. അബ്ദുല്‍ഗഫൂര്‍, ജിഎസ്‌ഐ സി. ചെറുണ്ണി എന്നിവര്‍ ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വൈകിട്ട് ശാന്തിനഗര്‍ കുയ്യംപൊയില്‍ ജുമാ മസ്ജിദില്‍ കബറടക്കി. മുഹാജിറിന്റെ മാതാവ് സുബൈദ. സഹോദരങ്ങള്‍: മുബഷിര്‍, ഫബിദ.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.