Latest News

കസ്റ്റഡി മരണം: രണ്ടു പൊലീസുകാര്‍ക്ക് ജീവപര്യന്തവും പിഴയും

കൊല്ലം: പൊലീസ്‌കസ്റ്റഡിയില്‍ യുവാവ് മര്‍ദനമേറ്റു മരിച്ച കേസില്‍ പ്രതികളായ രണ്ടു പൊലീസുകാര്‍ക്കു ജീവപര്യന്തം തടവും പിഴയും. മൊബൈല്‍ ഫോണ്‍ മോഷ്ടാവെന്നു സംശയിച്ചു കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നു കസ്റ്റഡിയിലെടുത്ത കൊട്ടാരക്കര കാടാംകുളം രാജ്ഭവനില്‍ രാജേന്ദ്രന്‍ (37) മരിച്ച കേസില്‍ പ്രതികളായ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ തൃക്കടവൂര്‍ കോട്ടയ്ക്കകം മഠത്തില്‍ പുത്തന്‍വീട്ടില്‍ എസ്. ജയകുമാര്‍ (47), ഇരവിപുരം ആക്കോലില്‍ താന്നോലില്‍ വീട്ടില്‍ എം. വേണുഗോപാല്‍ (48) എന്നിവരെയാണ് അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

ജയകുമാര്‍ കൊല്ലം സിറ്റി ഡിസ്ട്രിക്ട് ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയിലും വേണുഗോപാല്‍ ഇരവിപുരം സിഐ ഓഫിസിലും സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരാണ്. ചോദ്യം ചെയ്യലിനിടെ പ്രതികള്‍ രാജേന്ദ്രനെ മര്‍ദിച്ചു കൊലപ്പെടുത്തിയതാണെന്നു കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ ഒരു ലക്ഷം രൂപ വീതം പിഴയടയ്ക്കണം. ഈ തുക രാജേന്ദ്രന്റെ അമ്മ രാജമ്മയ്ക്കു (77) നല്‍കണം. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം.

കുറ്റം ചെയ്‌തെന്നു സമ്മതിക്കാന്‍ അന്യായമായി തടഞ്ഞുവച്ചതിനു രണ്ടു വര്‍ഷം വീതം കഠിനതടവും 10,000 രൂപ വീതം പിഴയും വിധിച്ചു. പിഴയൊടുക്കിയില്ലെങ്കില്‍ ആറു മാസം കൂടി കഠിന തടവനുഭവിക്കണം. ഈ പിഴത്തുകയ്ക്കു പുറമെ, നഷ്ടപരിഹാരമായി രാജേന്ദ്രന്റെ അമ്മയ്ക്ക് ഒരു മാസത്തിനകം രണ്ടു ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണം. ഈ തുകയും പ്രതികളില്‍ നിന്ന് ഈടാക്കണം. 2005 ഏപ്രില്‍ ആറിനാണ് ഈസ്റ്റ് സ്‌റ്റേഷന്‍ വളപ്പിലെ പൊലീസ് മ്യൂസിയത്തില്‍ ചോദ്യം ചെയ്യലിനിടെ രാജേന്ദ്രന്‍ മര്‍ദനമേറ്റു മരിച്ചത്.

സംഭവം നടക്കുമ്പോള്‍ ഈസ്റ്റ് സിഐ ഓഫിസിലെ ക്രൈം സ്‌ക്വാഡില്‍ പൊലീസുകാരായിരുന്നു പ്രതികള്‍. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന രോഗിയുടെ മൊബൈല്‍ ഫോണ്‍ കാണാതായതുമായി ബന്ധപ്പെട്ടാണു സംശയത്തിന്റെ പേരില്‍ കസ്റ്റഡിയില്‍ എടുത്തത്. ചെന്നൈയിലെ കമ്പനിയുടെ പ്രതിനിധിയായിരുന്ന രാജേന്ദ്രന്‍ ലോഷന്‍ വിതരണത്തിന് എത്തിയതായിരുന്നു. ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിലെ ലോക്കപ്പില്‍ നിന്നു ജയകുമാറും വേണുഗോപാലും ചേര്‍ന്നാണു രാജേന്ദ്രനെ കൂട്ടിക്കൊണ്ടു പോയത്.

ഒരു മണിക്കൂറിനകം അവശനിലയില്‍ താങ്ങിപ്പിടിച്ചു തിരികെ എത്തിച്ചതും ഇവരായിരുന്നു. രാത്രിയോടെ മരിച്ച നിലയിലാണു ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. രാജേന്ദ്രന്റെ ദേഹത്തു 15 മുറിപ്പാടുകള്‍ ഉള്ളതായും അതില്‍ നാലെണ്ണം മരണകാരണമായതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. പ്രതികളല്ലാതെ മറ്റാരും രാജേന്ദ്രനെ ചോദ്യം ചെയ്തതിനു തെളിവില്ലെന്നും കസ്റ്റഡിയിലിരിക്കെ ഏറ്റ മര്‍ദനമാണു മരണ കാരണമെന്നു സംശയാതീതമായി തെളിഞ്ഞതായും കോടതി വിധിച്ചു.

ശിക്ഷയില്‍ ഇളവു വേണമെന്ന പ്രതികളുടെ ആവശ്യവും തള്ളി. പ്രതികളെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അടച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ ഗവ. പ്ലീഡറും പബ്‌ളിക് പ്രോസിക്യൂട്ടറുമായ കൊട്ടിയം എന്‍. അജിത്കുമാര്‍, അഭിഭാഷകരായ ചാത്തന്നൂര്‍ എന്‍. ജയചന്ദ്രന്‍, അഡ്വ. പി. ശരണ്യ എന്നിവര്‍ ഹാജരായി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.