Latest News

ഒ ത്രീയുമായി കാഞ്ഞങ്ങാടന്‍ സംഘം ദേശീയ ഹ്രസ്വ ചലച്ചിത്ര മേളയില്‍

കാഞ്ഞങ്ങാട് : മുബെയില്‍ നടന്ന ദേശീയ ചലച്ചിത്രോത്സവത്തില്‍ ഹ്രസ്വചിത്ര വിഭാഗത്തില്‍ കാഞ്ഞങ്ങാട്ടെ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ പെരുമ. മംഗലാപുരം എസ് ഡി എം ലോ കോളേജിലെ വിദ്യാര്‍ത്ഥിയും കാഞ്ഞങ്ങാട്ടെ അഭിഭാഷകന്‍ അഡ്വ. പി കെ ചന്ദ്രശേഖരന്റെ മകനുമായ അജയ്‌ശേഖറിന്റെ നേതൃത്വത്തിലുള്ള സംഘം ഒരുക്കിയ ' ഒ ത്രി' എന്ന ഹ്രസ്വ ചിത്രമാണ് ദേശീയ ചലച്ചിത്ര പ്രദര്‍ശനത്തിനുള്ള അനുമതി നേടിയത്. ഇത് ഒരു വലിയ അംഗീകാരമായി ഈ വിദ്യാര്‍ത്ഥി കൂട്ടായ്മ കരുതുന്നു.

അനൂപ് ശേഖറാണ് കഥ രചിച്ചതും സംഗീതം നല്‍കിയതും. സഹപാഠികളായ കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി രോഹിത് രാമകൃഷ്ണനാണ് ചിത്രീകരണവും സംവിധാനവും നിര്‍വ്വഹിച്ചത്. കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാല എം എസ് ഡബ്ല്യു വിദ്യാര്‍ത്ഥി രതീഷ് അമ്പലത്തറ സഹസംവിധാനം നിര്‍വ്വഹിച്ചു.
കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ വി എം മൃദുല്‍ തയ്യാറാക്കിയ തിരക്കഥക്ക് മംഗലാപുരം ലോ കോളേജിലെ രോഹിത് രാമകൃഷ്ണന്‍ ശബ്ദലേഖനം നിര്‍വ്വഹിച്ചു. എഡിറ്റിംഗ്- സി ഇഖ്ബാല്‍, നിധിന്‍ രഘുനാഥ്. ഈ ഏഴംഗ സംഘം മുംബൈ ഹ്രസ്വ ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കുകയും ചെയ്തു.
ഹ്രസ്വചിത്രത്തിനുള്ള കഥ സംഘാടകര്‍ക്ക് അയച്ചു കൊടുത്താല്‍ 101 മണിക്കൂറിനുള്ളില്‍ സിനിമ നിര്‍മ്മിച്ച് ഇന്റര്‍നെറ്റ് വഴി മത്സരത്തിന് ഓണ്‍ലൈനായി അയച്ചു കൊടുക്കണമെന്നായിരുന്നു വ്യവസ്ഥ. ആഗസ്റ്റ് 15 ന് രാവിലെ ആറു മണിക്കാണ് ഈ സംഘം കഥ ഇന്റര്‍നെറ്റിലൂടെ കൈമാറിയത്. പ്രവര്‍ത്തനങ്ങളിലെ ദയാപരത എന്നതായിരുന്നു കഥ.
കിച്ചു എന്ന ആറാം ക്ലാസുകാരന് സയന്‍സ് വിഷയത്തില്‍ മാര്‍ക്ക് വളരെ കുറവാണ്. എന്നാല്‍ ഓസോണ്‍ പാളികളില്‍ സുഷിരങ്ങള്‍ പ്രത്യക്ഷമാകുന്നതും അതേ തുടര്‍ന്ന് ഭൂമിയില്‍ പാരിസ്ഥിതിക മാറ്റങ്ങള്‍ ഉണ്ടാകുന്നതും സയന്‍സ് ടീച്ചര്‍ ക്ലാസില്‍ വിശദീകരിച്ചപ്പോള്‍ അത് കിച്ചുവിന്റെ മനസില്‍ തറച്ചു. ആ മനസിന്റെ സഞ്ചാരപഥത്തിലൂടെയാണ് ഹ്രസ്വചിത്രം നീങ്ങുന്നത്. ഭൂമിയെ സംരക്ഷിക്കാന്‍ തന്നാലാകുന്നത് അവന്‍ ചെയ്യുന്നു. അവസാന പഠന മുറിയിലെ മേശപ്പുറത്ത് ഗ്ലോബിന് ഒരു തൂവാല പുതപ്പിച്ച് ഒരു മുത്തം സമ്മാനിക്കുകയാണ് കിച്ചു. പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ മുതിര്‍ന്നവര്‍ അലസരും അശ്രദ്ധയുള്ളവരുമാകുമ്പോള്‍ ഇളം തലമുറ അതില്‍ ആകാംക്ഷയുള്ളവരും ആശങ്കാകുലരുമാകുന്നു. - ഇതാണ് ഈ ഹ്രസ്വ ചിത്രം പ്രേക്ഷകരെ ഓര്‍മിപ്പിക്കുന്നത്.
നാഷണല്‍ ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ നീനദത്ത്, സംവിധായകന്‍ ഷൂജിത്ത് സിര്‍ക്കാര്‍, നാഗേഷ് റാവു, പ്രശസ്ത പത്രപ്രവര്‍ത്തകന്‍ പ്രതീഷ് നന്ദി, സിനിമാ പ്രവര്‍ത്തകന്‍ കൈലാസ് സുരേന്ദ്രനാഥ്, ഗുണീത് മോംഗ എന്നിവരാണ് ഫെസ്റ്റിവല്‍ ജൂറി അംഗങ്ങള്‍.
1750 എന്‍ട്രികളില്‍ നിന്ന് 60 എണ്ണമാണ് പ്രദര്‍ശനത്തിന് തിരഞ്ഞെടുത്തത്. ആ അറുപതിലൊന്ന് കാഞ്ഞങ്ങാട്ടെ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ആദ്യ സംരംഭമാണ്. അത് ദേശീയ മേളയില്‍ സ്ഥാനം പിടിച്ചു എന്നതു തന്നെ വലിയ അംഗീകാരമായി അണിയറ ശില്പികള്‍ കരുതുന്നു. കാഞ്ഞങ്ങാട്ടെ സി മേജര്‍ സെവന്‍ മ്യൂസിക്‌സ് ബാന്റ് അംഗങ്ങളും ഈ ഹ്രസ്വ ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.