Latest News

ഗണേഷിന് പകരം മന്ത്രി ഉടനില്ല


തിരുവനന്തപുരം: കെ.ബി. ഗണേശ്കുമാറിന് പകരം ഉടന്‍ മറ്റൊരു മന്ത്രിയെ നിയമിക്കില്ല. ഗണേശ് വഹിച്ചിരുന്ന വകുപ്പുകള്‍ മുഖ്യമന്ത്രി കൈകാര്യം ചെയ്യും. വകുപ്പുകള്‍ മറ്റേതെങ്കിലും മന്ത്രിമാര്‍ക്ക് അത് നല്‍കണോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രി പിന്നീട് തീരുമാനം എടുക്കും.
ഗണേശ് വിട്ടു പോയ മന്ത്രിസ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമാണ്. കോണ്‍ഗ്രസില്‍ നിന്ന് അങ്ങനെ ഒരു മന്ത്രിയെ കണ്ടു പിടിക്കുന്നതിനോടൊപ്പം മന്ത്രിസഭയില്‍ സമഗ്രമായ അഴിച്ചുപണി നടത്തിയാലോ എന്ന ആലോചനയും കോണ്‍ഗ്രസിന്റെ ഉന്നതതലങ്ങളില്‍ നടക്കുന്നുണ്ട്.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പു കൂടി ലക്ഷ്യംവച്ചു കൊണ്ടുള്ളതാണ് ഈ ആലോചന. പുതിയ ടീമുമായി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത് ഗുണകരമാവും എന്നതാണ് ഈ ആലോചനക്കാരുടെ ന്യായവാദം. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ മന്ത്രിസഭയില്‍ കൊണ്ടുവരുക എന്നതാണ് സമഗ്ര അഴിച്ചുപണി എന്നു പറയുന്നതിന്റെ ആദ്യ അര്‍ത്ഥം. മന്ത്രിസഭയിലെ മൂന്നു പേരെയെങ്കിലും മാറ്റി പകരം മൂന്നുപേരെ കൊണ്ടുവരണമെന്ന നിര്‍ദ്ദേശവുമുണ്ട്. സ്പീക്കര്‍ ജി.കാര്‍ത്തികേയനെ കെ.പി.സി.സി പ്രസിഡന്റാക്കുക എന്ന പഴയ നിര്‍ദ്ദേശം വീണ്ടം പൊടിതട്ടി എടുക്കുന്നുമുണ്ട്.

മന്ത്രി കെ.സി.ജോസഫിനെ പകരം സ്പീക്കര്‍ സ്ഥാനത്തു കൊണ്ടുവരാം എന്നാണ് ഈ ആലോചനക്കാരുടെ നിര്‍ദ്ദേശം. മുന്‍പ് മന്ത്രിസഭാ പുനഃസംഘടനയില്‍ പരിഗണിച്ച ടി.എന്‍.പ്രതാപനെ അടുത്ത പുനഃസംഘടനയില്‍ ഉള്‍പ്പെടുത്തണമെന്ന് പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വാദിക്കുന്നവരുമുണ്ട്. ഗണേശിനു പകരം കോണ്‍ഗ്രസില്‍ നിന്ന് ഒരു മന്ത്രിയെ കണ്ടെത്തുന്‌പോള്‍ കഴിയുന്നത്ര വിവാദമില്ലാതെ അതു നടക്കണം എന്ന ആഗ്രഹമാണ് മുഖ്യമന്ത്രിക്കുള്ളത്. എന്‍.എസ്.എസിന്റെ പരിഭവം തീര്‍ക്കുന്നതും എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പ് വൈരം മൂര്‍ച്ഛിക്കാത്തതുമാകണം. കെ.മുരളീധരന്‍, കെ.ശിവദാസന്‍ നായര്‍, വി.ഡി.സതീശന്‍ തുടങ്ങി പല പേരുകളും പ്രചാരത്തിലുണ്ട്.

 ഗണേശ്കുമാര്‍, പി.സി.ജോര്‍ജ് തുടങ്ങിയവര്‍ കാരണം വശംകെട്ടു നില്‍ക്കുന്ന മുന്നണിക്ക് മന്ത്രി സ്ഥാനത്തിന്റെ പേരില്‍ ഇനിയും ഒരു വിവാദം കൂടി താങ്ങാനുള്ള ആരോഗ്യമില്ല എന്നതാണ് വസ്തുത. തന്നെ മന്ത്രിസ്ഥാനത്തു കൊണ്ടുവരാനുള്ള നീക്കത്തിന് രമേശ് ചെന്നിത്തല വഴങ്ങിക്കൊടുക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. നേരത്തെ പാര്‍ട്ടി ഹൈക്കമാന്‍ഡ് പ്രേരിപ്പിച്ചിട്ടും വഴങ്ങാതിരുന്ന അദ്ദേഹം നിലപാട് മാറ്റാന്‍ ഈ ഘട്ടത്തില്‍ തയ്യാറാവുമോ എന്ന് വ്യക്തമല്ല. പട്ടികജാതി കോളനികളിലുടെയുള്ള ഗാന്ധിഗ്രാമം പരിപാടി കഴിഞ്ഞ് കേരള പര്യടനത്തിലേക്ക് കടക്കുന്ന രമേശ് ചെന്നിത്തല മന്ത്രിപദത്തെ അത്ര വലുതായി കാണുന്നില്ല.

Key Words: Kerala, Politics, News, Ganesh Kumar, Ommen Chandy,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.