Latest News

ബാപ്പയും മകനും ഒന്നിച്ച് ഗള്‍ഫിലേക്ക് പോകാനൊരുങ്ങി; ബാപ്പ കുവൈത്തിലെത്തി, മകന്‍ ജയിലിലും

കാഞ്ഞങ്ങാട് : സ്ത്രീകളെ ഫോണ്‍ സംഭാഷണത്തിനുപയോഗിച്ച് സമ്പന്നരെ വലയിലാക്കി പണം തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ ഒഴിഞ്ഞ വളപ്പ് ഞാണിക്കടവിലെ സി എച്ച് റംഷീദ് (25) ബാപ്പയോടൊപ്പം ഗള്‍ഫിലേക്ക് മുങ്ങാന്‍ പദ്ധതിയിട്ടു.

നോര്‍ത്ത് ചിത്താരിയിലെ ക്യാറ്ററിംഗ് സര്‍വ്വീസ് നടത്തുന്ന യുവാവിനെ തൈക്കടപ്പുറം സ്വദേശിനി സി എച്ച് സുബൈദയെ മൊബൈല്‍ ഫോണ്‍ വഴി സംസാരിപ്പിച്ച് മോഹിപ്പിച്ച് പടന്നക്കാടേക്ക് എത്താന്‍ നിര്‍ദ്ദേശിക്കുകയും പടന്നക്കാട്ടെത്തിയ യുവാവിനെ റംഷീദ് ഉള്‍പ്പെടെയുള്ള നാലംഗ സംഘം തടഞ്ഞു വെക്കുകയും കൈയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണും പണവും കൈക്കലാക്കി ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയായിരുന്നു. ഈ യുവാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തതോടെ റംഷീദ് ഉള്‍പ്പെടെയുള്ളവര്‍ ഒളിവില്‍ പോയി. നിരവധി തവണ യുവാവിന്റെ വീട്ടിലും ബന്ധു വീടുകളുലും പോലീസ് റെയ്ഡ് നടത്തിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. തട്ടിപ്പ് സംഘത്തെ കുറിച്ച് ഹൊസ്ദുര്‍ഗ് പോലീസ് ലുക്കൗട്ട് നോട്ടീസ് തയ്യാറാക്കുകയും രാജ്യത്തെ ആഭ്യന്തര -അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ അത് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.

നാട്ടില്‍ ഒളിവില്‍ കഴിഞ്ഞ റംഷീദിനെ പിതാവ് സി എച്ച് അബ്ദുള്ള അതിരഹസ്യമായി കുവൈത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും കുവൈത്തിലേക്ക് യാത്ര തിരിക്കാന്‍ മംഗലാപുരം വിമാനത്താവളത്തില്‍ എത്തുകയും ചെയ്തു.
എമിഗ്രേഷന്‍ ക്ലിയറന്‍സ് കൃത്യമായി പൂര്‍ത്തിയാക്കി യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള സെക്യൂരിറ്റി ഏരിയയിലേക്ക് അബ്ദുള്ള ചെല്ലുകയും ചെയ്തു. കുറച്ച് കഴിഞ്ഞതിന് ശേഷമാണ് റംഷീദ് എമിഗ്രേഷന്‍ ക്ലിയറന്‍സ് സെന്ററിലെത്തിയത്. റംഷീദിന്റെ യാത്രാ രേഖകള്‍ പരിശോധിച്ചപ്പോള്‍ കമ്പ്യൂട്ടറില്‍ ഹൊസ്ദുര്‍ഗ് പോലീസ് ലുക്കൗട്ട് പുറപ്പെടുവിച്ച വ്യക്തിയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. അതോടെ എമിഗ്രേഷന്‍ അധികൃതര്‍ റംഷീദിനെ വിമാനത്താവളത്തില്‍ പിടിച്ച് വെക്കുകയും വിവരം ഹൊസ്ദുര്‍ഗ് പോലീസിനെ അറിയിക്കുകയും ചെയ്തു.

ഇതിനിടയില്‍ സെക്യൂരിറ്റി സെന്ററില്‍ ഇരിക്കുകയായിരുന്ന അബ്ദുള്ള വിമാനം കയറുകയും ചെയ്തു. മകനെ പിടികൂടിയ വിവരം കുവൈത്തില്‍ വെച്ചാണ് ബാപ്പ അറിയുന്നത്. റംഷീദിന്റെ അറസ്റ്റ് ഞായറാഴ്ച  ഹൊസ്ദുര്‍ഗ് സി ഐ ടി പി സുമേഷ് രേഖപ്പെടുത്തി. ഹൊസ്ദുര്‍ഗ് ഗ്രേഡ് എസ് ഐ മോഹനന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ പി വി രാജേഷ്, അബ്ദുള്‍ സലാം എന്നിവര്‍ മംഗലാപുരത്തെത്തി റംഷീദിനെ കസ്റ്റഡിയിലെടുത്ത് കാഞ്ഞങ്ങാട്ടെത്തിക്കുകയായിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.