Latest News

തീരദേശവും കാഞ്ഞങ്ങാട് നഗരവും സ്തംബിച്ചു

കാഞ്ഞങ്ങാട്: കടലല പോലെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധമിരമ്പി. ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അഭിലാഷിന്റെ കൊലപാതകത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് അജാനൂര്‍ കടപ്പുറം കുറുംബ ഭഗവതി ക്ഷേത്ര പരിധിയിലെ മത്സ്യത്തൊഴിലാളികള്‍ വ്യാഴാഴ്ച പണിമുടക്കി.

പണി മുടക്കിയ സ്ത്രീകളുള്‍പ്പെടെയുള്ള മത്സ്യത്തൊഴിലാളികളും സമുദായക്കാരും ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് ആളുകള്‍ ക്ഷേത്ര സ്ഥാനികരുടെ നേതൃത്വത്തില്‍ ബത്തേരിക്കല്‍ കടപ്പുറത്ത് നിന്ന് കാഞ്ഞങ്ങാട് ടൗണ്‍ വഴി പുതിയകോട്ട മാന്തോപ്പ് മൈതാനിയിലേക്ക് ഇന്നുച്ചയോടെ ഉശിരന്‍ പ്രകടനം നടത്തി. അഭിലാഷിന്റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ഘാതകരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച പ്രകടനത്തില്‍ പ്രതിഷേധം കത്തിക്കാളി.
അജാനൂര്‍ കുറുംബ ഭഗവതി ക്ഷേത്രത്തിലെ പ്രധാന സ്ഥാനികന്‍ അമ്പാടി കാരണവര്‍, കണ്ണന്‍ കാരണവര്‍, ദണ്ഡന്‍ കര്‍ത്തായ, കരിപ്പിരിയന്‍ കാരണവര്‍, ചാമുണ്ഡി വെളിച്ചപ്പാടന്‍, രാജന്‍ കൂട്ടായി, രഘുനാഥന്‍ കുടക്കാരന്‍, ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ എ ആര്‍ രാമകൃഷ്ണന്‍, പി വി മോഹനന്‍, പി സ്വാമിക്കുട്ടി, എസ് ബൈജു, പി പ്രകാശന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം.
പ്രകടനം മാന്തോപ്പ് മൈതാനിയില്‍ എത്തിയപ്പോള്‍ ഒരു സംഘം ആളുകള്‍ പോലീസ് സ്റ്റേഷന്‍ ഭാഗത്തേക്ക് നീങ്ങിത്തുടങ്ങി. ഇവരെ നഗരസഭാ ഓഫീസിന് മുമ്പില്‍ ബാരിക്കേഡ് തീര്‍ത്ത് പോലീസ് തടഞ്ഞു.
ഡി വൈ എസ് പി ഹരിശ്ചന്ദ്രനായകിന്റെ നിര്‍ദ്ദേശമനുസരിച്ച് ട്രഷറി ഓഫീസിന്റെ മതിലിന് മുകളില്‍ കയറിയ ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പള്‍ എസ് ഐ കെ ബിജുലാല്‍, അഭിലാഷ് കൊലപാതക കേസില്‍ രണ്ടുപ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം വിപുലീകരിച്ചിട്ടുണ്ടെന്നും ഈ കേസില്‍ ഇനിയും പ്രതികളുണ്ടെങ്കില്‍ അവരെ പിടികൂടി ജനങ്ങള്‍ക്കിടയിലെ ദുരൂഹത അകറ്റുമെന്നും മൈക്കിലൂടെ വിളിച്ചു പറഞ്ഞു.
ജനങ്ങളോട് സംയമനം പാലിക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇതോടെ പ്രതിഷേധ പ്രകടനക്കാര്‍ പിരിഞ്ഞുപോയി. കാഞ്ഞങ്ങാട് ഡി വൈ എസ് പിക്ക് പുറമെ കാസര്‍കോട് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ ഡി വൈ എസ് പി സുനില്‍ കുമാര്‍, ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ വൈ എം സി സുകുമാരന്‍, സി ഐ മാരായ ടി പി സുമേഷ്(ഹൊസ്ദുര്‍ഗ്), സതീഷ് കുമാര്‍(ആദൂര്‍), സുരേഷ് കുമാര്‍(വെള്ളരിക്കുണ്ട്), യു പ്രേമന്‍ (നീലേശ്വരം)തുടങ്ങിയവരുടെ നേതൃത്വത്തില്‍ കനത്ത ബന്തവസ്സാണ് ഏര്‍പ്പെടുത്തിയത്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജലപീരങ്കി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പോലീസ് ഒരുക്കിയിരുന്നു. തീരദേശത്താകെ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പട്രോളിംഗും ശക്തമാണ്. പിക്കറ്റ് പോസ്റ്റും ഏര്‍പ്പെടുത്തി.
അഭിലാഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചും മുഴുവന്‍ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടും കാഞ്ഞങ്ങാട് നഗരസഭയിലും അജാനൂര്‍ പഞ്ചായത്തിലും എല്‍ ഡി എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. തീരദേശ പ്രദേശങ്ങളില്‍ വാഹനയോട്ടം നിലച്ചു. മത്സ്യ ബന്ധനത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങിയില്ല. മത്സ്യ വിതരണവും വില്‍പ്പനയും നടന്നില്ല. 

രാവിലെ 6 മണിക്കാണ് തീരദേശ ഹര്‍ത്താല്‍ ആരംഭിച്ചത്. ഹര്‍ത്താല്‍ വൈകുന്നേരം 6 മണിവരെ നീണ്ടു നില്‍ക്കും. ഹര്‍ത്താല്‍ പൊതുവെ സമാധാനപരമാണ്. ഹര്‍ത്താല്‍ രാവിലെ പത്ത് മണിയോടെ കാഞ്ഞങ്ങാട് നഗരത്തെയും ബാധിച്ചു. കാഞ്ഞങ്ങാട് കടപ്പുറത്ത് നിന്ന് എത്തിയ ഒരു സംഘം നഗരത്തിലെ കടകള്‍ അടപ്പിച്ചു. 

അഭിയുടെ കൊലപാതകത്തിന് പിന്നില്‍ കുട്ടികളെ വഴി തെറ്റിക്കുന്ന മാഫിയാ സംഘങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന സംശയം ബലപ്പെട്ടിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനും പോലീസ് കര്‍ശന നടപടികള്‍ സ്വീകരിക്കാനുമാണ് എല്‍ ഡി എഫ് തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഹര്‍ത്താല്‍ അനുകൂലികള്‍ നഗരത്തില്‍ രാവിലെ പ്രകടനം നടത്തി. സി പി എം ജില്ലാ കമ്മിറ്റിയംഗവും ഏരിയാ സെക്രട്ടറിയുമായ എം പൊക്ലന്‍, കാറ്റാടി കുമാരന്‍, ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍, എ വി രാമചന്ദ്രന്‍, അഡ്വ. പ്രദീപ് ലാല്‍, നിഷാന്ത,് അനില്‍ കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

അഭിലാഷിന്റെ കൊലപാതകത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് മേഖലയിലെ വിദ്യാഭ്യാസ മേഖലയില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ പഠിപ്പ് മുടക്കി നഗരത്തില്‍ പ്രകടനം നടത്തി. ജില്ലയിലെ ക്യാമ്പസുകളില്‍ പ്രതിഷേധ പ്രകടനവും നടന്നു.
കൊല്ലപ്പെട്ട അഭിലാഷിന്റെ വീട് എസ് എഫ് ഐ ദേശീയ പ്രസിഡണ്ട് ഡോ. വി ശിവദാസന്‍ രാവിലെ സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചു. കേന്ദ്ര കമ്മിറ്റിയംഗം കെ സബീഷ്, ജില്ലാ പ്രസിഡണ്ട് ശിവപ്രസാദ്, സെക്രട്ടറി രജീഷ് വെള്ളാട്ട്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ കണ്‍വീനര്‍ എ വി അന്‍വീര്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.