Latest News

ഇടതുപക്ഷത്തിന്റെ തകര്‍ച്ചയ്ക്കു കാരണം അന്ധമായ കോണ്‍. വിരോധം: ഉമ്മന്‍ ചാണ്ടി

കാസര്‍കോട്: അന്ധമായ കോണ്‍ഗ്രസ് വിരോധമാണു കേരളത്തിലും ബംഗാളിലും ഇടതുപക്ഷത്തിന്റെ വിനാശത്തിനു കാരണമെന്നും യാഥാര്‍ഥ്യബോധത്തോടെ രാഷ്ട്രീയത്തെ വിലയിരുത്താന്‍ സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍ തയാറാകണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മതേതര, അക്രമരഹിത, ലഹരിവിമുക്ത കേരളം എന്ന മുദ്രാവാക്യവുമായി കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ നയിക്കുന്ന ജനപക്ഷയാത്ര കുമ്പളയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.


ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ എല്ലാ അടവും ഇടതുപക്ഷം പ്രയോഗിച്ചു. അതില്‍ ഇന്ന് അവര്‍ പശ്ചാത്തപിക്കുന്നുണ്ട്. യുപിഎ സര്‍ക്കാരില്‍നിന്നു വേര്‍പെട്ട അന്നുമുതല്‍ സിപിഎമ്മിനു സംസ്ഥാനത്തിലും കേന്ദ്രത്തിലും തിരിച്ചടി കിട്ടിത്തുടങ്ങി. തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുന്നവരോടു പരിഭവം വയ്ക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്.


ജനങ്ങള്‍ നല്‍കിയ തിരിച്ചടിയായി വിലയിരുത്തി തെറ്റുതിരുത്തി കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കുറ്റവാളികളുടെ രാഷ്ട്രീയം നോക്കി കേസെടുക്കുന്ന രീതി കോണ്‍ഗ്രസിനില്ലെന്നും രാഷ്ട്രീയ കൊലപാതകങ്ങള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയപ്രവര്‍ത്തകരുടെ വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും ഗുണപരമായ മാറ്റം വരുത്തി പുതിയ പ്രവര്‍ത്തനശൈലി രൂപപ്പെടുത്താനുള്ള തുടക്കമാണു ജനപക്ഷ യാത്രയെന്നു വി.എം. സുധീരന്‍ പറഞ്ഞു.


എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് മുഖ്യാതിഥിയായ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പാര്‍ട്ടിപതാക വി.എം. സുധീരനു കൈമാറി. രാജ്യസഭ ഉപാധ്യക്ഷന്‍ പ്രഫ.പി.ജെ. കുര്യന്‍, മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, കെ.സി. ജോസഫ്, കെ. ബാബു, കര്‍ണാടക മന്ത്രിമാരായ ബി. രാമനാഥ റൈ, യു.ടി. ഖാദര്‍, വിനയകുമാര്‍ സൊര്‍കെ, എംപിമാരായ എം.കെ. രാഘവന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍, എം.ഐ. ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, എംഎല്‍എമാരായ ബെന്നി ബഹനാന്‍, വി.ഡി. സതീശന്‍, വി.ടി. ബല്‍റാം, സണ്ണി ജോസഫ്, എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുല്‍ റസാഖ്, കോണ്‍ഗ്രസ് നേതാക്കളായ എം.എം. ഹസന്‍, എ.സി. ജോസ്, എന്‍. പീതാംബരക്കുറുപ്പ്, അജയ് തറയില്‍, ജോസഫ് വാഴക്കന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ. സുധാകരന്‍, സി.കെ. ശ്രീധരന്‍, കെ.പി. അനില്‍കുമാര്‍, പത്മജാ വേണുഗോപാല്‍, ഷാനിമോള്‍ ഉസ്മാന്‍, ലതികാ സുഭാഷ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ, എന്‍എസ്‌യു ദേശീയ അധ്യക്ഷന്‍ റോജി ജോണ്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.


മുന്‍ കേന്ദ്രമന്ത്രി എ.കെ. ആന്റണി ഫോണിലൂടെ ആശംസ അറിയിച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു യാത്രയ്ക്കു സ്വീകരണം നല്‍കി. ബുധനാഴ്ച 10ന് ചട്ടഞ്ചാല്‍, 11ന് കാഞ്ഞങ്ങാട്ട്, മൂന്നിന് തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലൂടെ പര്യടനം നടത്തുന്ന ജനപക്ഷ യാത്ര ഡിസംബര്‍ ഒന്‍പതിനു തിരുവനന്തപുരത്ത് സമാപിക്കും. സമാപന സമ്മേളനം എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും.





Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.