Latest News

സൈനബയെ മുന്നില്‍ നിര്‍ത്തി യുവാക്കളുടെ പണം തട്ടുന്ന സംഘത്തിലെ യുവാവ് മുംബൈയില്‍ പിടിയില്‍

കാഞ്ഞങ്ങാട്: ഗള്‍ഫുകാരായ സമ്പന്നരുടെയും യുവാക്കളുടെയും ഫോണ്‍ നമ്പരുകള്‍ സംഘടിപ്പിച്ച് അവരെ രാത്രികാലങ്ങളില്‍ മൊബൈല്‍ ഫോണുകളില്‍ വിളിച്ച് ശൃംഗരിച്ചും കിന്നരിച്ചും മയക്കിയെടുത്ത ശേഷം വീട്ടിലേക്ക് വരണമെന്ന് പറഞ്ഞ് അവരില്‍ നിന്ന് പണവും സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും മറ്റും തട്ടിയെടുത്ത് ശേഷം ഭീഷണിപ്പെടുത്തി തിരിച്ചയക്കുന്ന സംഘത്തില്‍പ്പെട്ട യുവാവ് മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി.

ഞാണിക്കടവ് സ്വദേശി റംഷീദാണ് വെളളിയാഴ്ച രാവിലെ ഗള്‍ഫിലേക്ക് കടക്കുന്നതിനുള്ള ശ്രമത്തിനിടയില്‍ മുംബൈ വിമാനത്താവളത്തില്‍ പിടിയിലായത്. ഒക്‌ടോബര്‍ 8 ന് രാത്രി കാറ്ററിംഗ് സര്‍വ്വീസ് നടത്തുന്ന നോര്‍ത്ത് ചിത്താരിയിലെ നിസാറിനെ തൈക്കടപ്പുറം സ്വദേശിനിയും ഷാഫിയുടെ ഭാര്യയുമായ സി എച്ച് സൈനബയെ ഇടനിലക്കാരിയാക്കി തൈക്കടപ്പുറത്തെ വീട്ടിലേക്ക് ക്ഷണിക്കുകയും ഇതനുസരിച്ച് യാത്ര തിരിക്കുകയും ചെയ്ത നിസാര്‍ സഞ്ചരിച്ച കാര്‍ പടന്നക്കാട് മയ്യത്ത് റോഡില്‍ എത്തിയപ്പോള്‍ നാല് യുവാക്കള്‍ തടഞ്ഞ് നിര്‍ത്തുകയും ഭീഷണിപ്പെടുത്തി ബലം പ്രയോഗിച്ച് കൈയ്യിലുണ്ടായിരുന്ന 25000 രൂപയും മൊബൈല്‍ ഫോണും പിടിച്ച് വാങ്ങുകയും ചെയ്ത സംഭവത്തിലെ പ്രതിയാണ് റംഷീദ്. 

സൈനബയെ കൊണ്ട് യുവാക്കളെ ഫോണില്‍ വിളിപ്പിച്ച് അവരെ മോഹിപ്പിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുക എന്നതായിരുന്നു സംഘത്തിന്റെ രീതി.
ഈ കേസില്‍ സൈനബയെ ഒരാഴ്ച മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സൈനബ റിമാന്റിലാണ്.
റംഷീദിനെ കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവരാന്‍ ഹൊസ്ദുര്‍ഗ് എ എസ് ഐ മോഹനനും സംഘവും മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്.
റംഷീദിനെ കാഞ്ഞങ്ങാട്ടെത്തിച്ച ശേഷമേ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളു. ഇയാളെ വിശദമായി ചോദ്യംചെയ്യുന്നതോടെ ബ്ലാക് മെയില്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുമെന്നും പോലീസ് പറഞ്ഞു.
ഈ സംഘത്തില്‍പ്പെട്ട രണ്ടുപേരെ പിടികിട്ടാനുണ്ട്. പള്ളിക്കരയിലെ ഗള്‍ഫുകാരനെ ഇതേ രീതിയില്‍ സൈനബയുടെ നേതൃത്വത്തിലുള്ള സംഘം കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റിലേക്ക് വിളിച്ചുവരുത്തി പണം തട്ടിയെടുക്കാനുള്ള ശ്രമം നടന്നിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.