Latest News

ബേവിഞ്ചയിലെ യുവാവ് കുണ്ടംകുഴിക്കടുത്ത് ദുരൂഹസാചര്യത്തില്‍ കിണറില്‍ മരിച്ചനിലയില്‍

കുറ്റിക്കോല്‍: കാസര്‍കോട് ചെര്‍ക്കള ബേവിഞ്ച സ്റ്റാര്‍ നഗറിലെ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കുറ്റിക്കോല്‍ മരുതടുക്കം കല്ലടക്കുറ്റിയിലെ സ്വകാര്യ വ്യക്തിയുടെ ആള്‍മറയില്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ബേവിഞ്ച സ്റ്റാര്‍ നഗറിലെ പരേതനായ സി.പി.സി മുഹമ്മദ് ആയിഷ ബീവി ദമ്പതികളുടെ മകന്‍ എം. മുസ്തഫ (25) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 10.30 മണിയോടെ ബേവിഞ്ചയിലെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച് കാലൊടിഞ്ഞ് കിടപ്പിലായ ഉമ്മയോട് പുറത്തു പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു മുസ്തഫ. ഉടനെ വരാമെന്ന് പറഞ്ഞായിരുന്നു പോയത്.

ഏറെ വൈകിയിട്ടും തിരിച്ചെത്തിയിരുന്നില്ല. ഇതിനിടയില്‍ പുലര്‍ച്ചെ നാല് മണിയോടെ നാട്ടുകാരാണ് ഈ മുസ്തഫ കിണറ്റില്‍ മരിച്ച വിവരം വീട്ടിലറിയിച്ചത്. മുസ്തഫയുടെ കെ.എല്‍. 14 കെ 7934 നമ്പര്‍ പള്‍സര്‍ ബൈക്ക് കിണറിന് അല്‍പം അകലെ കണ്ടെത്തിയിട്ടുണ്ട്. മുസ്തഫയുടെ കൈയില്‍ ഒരാള്‍ക്ക് കൊടുക്കാനുണ്ടായിരുന്ന 60,000 രൂപ ഉണ്ടായിരുന്നു. ഈ പണം കൊടുക്കാനുള്ളയാള്‍ക്ക് നല്‍കിയിട്ടുണ്ടോ എന്ന കാര്യം വീട്ടുകാര്‍ക്ക് അറിയില്ല.

മുസ്തഫയുടെ ഹെല്‍മറ്റ് കിണറില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. പുലര്‍ച്ചെ ഫയര്‍ഫോഴ്‌സാണ് മൃതദേഹം പുറത്തെടുത്തതെന്നാണ് വിവരം. മുസ്തഫയുടൈ മരണത്തില്‍ സംശയം ഉയര്‍ന്നതിനാല്‍ ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം വിദഗ്ദ പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

മുസ്തഫയുടെ മൃതദേഹം കണ്ടെത്തിയ കിണറിന് സമീപത്തായി രണ്ട് വീടുകളുണ്ട്. മുസ്തഫ
എന്തിനാണ് ഇവിടെ എന്ന കാര്യം ദുരൂഹമാണ്.

60 അടിയോളം ആഴമുള്ള കിണറ്റിലാണ് മുസ്തഫയുടെ മൃതദേഹം കാണപ്പെട്ടത്. കിണറിനു സമീപത്തായി മുസ്തഫയുടെ കെ.എല്‍.14 കെ. 7934 നമ്പര്‍ പള്‍സര്‍ ബൈക്ക് ഉണ്ടായിരുന്നു. ഇതിന്റെ താക്കോലും 1200 രൂപയും ഇയാളുടെ പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്നു കണ്ടെടുത്തതായി എസ്.ഐ. പറഞ്ഞു. ഹെല്‍മറ്റും കിണറ്റിലുണ്ടായിരുന്നു. മൃതദേഹത്തിന്റെ തലയില്‍ പരിക്കുണ്ട്. ഇത് വീഴ്ചയില്‍ സംഭവിച്ചതാകാമെന്നും അതാണ് മരണത്തിനു കാരണമായതെന്നു സംശയിക്കുന്നതായും എസ്.ഐ. പറഞ്ഞു.

അതേ സമയം രാത്രി ചിലര്‍ കല്ലടക്കുറ്റിയില്‍ വന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇവിടെ ഒരു വീട്ടു പരിസരത്ത് സംശയ സാഹചര്യത്തില്‍ കണ്ട ഇവരെ നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഓടിപ്പോയതാണെന്നും സംസാരമുണ്ട്.

കിണറിന്റെ കരയില്‍ നിന്നും മുസ്തഫയുടെ മൊബൈല്‍ ഫോണ്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. അതിലെ കോളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. മരിക്കുന്നതിനു മുമ്പ് മുസ്തഫയ്ക്ക് മര്‍ദനനേറ്റിരുന്നുവോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നു. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചതിനു ശേഷമേ മരണം കൊലപാതകമാണോ എന്ന് പറയാനാകൂവെന്നും എസ്.ഐ. പറഞ്ഞു.

സഹോദരങ്ങള്‍: ഹാഷിം, ബഷീര്‍, മുംതാസ്, സജ്‌ന.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.