Latest News

വയോധികയെ മര്‍ദ്ദിച്ച് കവര്‍ച്ച; മോഷ്ടാക്കളെ നാട്ടുകാര്‍ പിടികൂടി

പന്തളം: വീടിന്റെ വാതിലിന്റെ കുറ്റി പൊളിച്ച് അകത്തുകയറി വയോധികയെ മര്‍ദ്ദിച്ച് ആഭരണങ്ങള്‍ കവര്‍ന്ന മോഷ്ടാക്കളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു.

പത്തനംതിട്ട ജില്ലയിലെ ഇലവുംതിട്ട കവലയ്ക്ക് സമീപം ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ഭാവനാമന്‍സിലില്‍ പി.കെ.ഭാവനാംഗി(75)യെയാണ് മോഷ്ടാക്കള്‍ മര്‍ദ്ദിക്കുകയും വളയും കമ്മലും ഊരിയെടുക്കുകയും ചെയ്തത്. സംഭവസമയം ഉറങ്ങിക്കിടക്കുകയായിരുന്നു ഭാവനാംഗി.

അടുക്കളഭാഗത്തെ കതകിന്റെ കുറ്റി തകര്‍ത്താണ് മൂന്നംഗസംഘം അകത്തുകയറിയത്. മുറിക്കുള്ളില്‍ കയറിയപ്പോള്‍ത്തന്നെ ഇവര്‍ ഉണര്‍ന്നെങ്കിലും മോഷ്ടാക്കള്‍ കഴുത്തില്‍ കുത്തിപ്പിടിച്ചു. ഭാവനാംഗിയുടെ കൈയില്‍ ചുറ്റിയിരുന്ന തുണി അഴിച്ചെടുത്ത് മോഷ്ടാക്കള്‍ കഴുത്തില്‍ ചുറ്റുകയും ചെയ്തു. ഭാവനാംഗി വേദന മാറാന്‍ കൈയില്‍ തുണി ചുറ്റിയിരുന്നു. കൈയില്‍ കിടന്ന എട്ട് ഗ്രാം വീതം വരുന്ന രണ്ട് വളകളും നാല് ഗ്രാം വരുന്ന രണ്ട് കമ്മലുകളും ബലമായി ഊരിയെടുത്തു. ഇതിനിടെ കാതിലും കൈകളിലും മുറിവുപറ്റി. ശബ്ദമുണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ നെഞ്ചിനുതാഴെയും വയറ്റിലുമായി ഇടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മോഷ്ടാക്കള്‍ പുറത്തിറങ്ങിയപ്പോള്‍ത്തന്നെ ഭാവനാംഗി വിളിച്ചുകൂവി ശബ്ദമുണ്ടാക്കി. ഉടന്‍ അടുത്ത വീട്ടിലെ താമസക്കാരനായ പത്തനംതിട്ട ഡെപ്യൂട്ടി കളക്ടര്‍ എം.ജെ.ജെയിംസാണ് ആദ്യം സ്ഥലത്തെത്തിയത്. കാര്യങ്ങള്‍ അന്വേഷിക്കുന്നതിനിടെ, അപരിചിതരായ മൂന്നുപേര്‍ നടന്നുവരുന്നത് നാട്ടുകാര്‍ ശ്രദ്ധിച്ചു. ഇവരില്‍ ഒരാളുടെ കാലില്‍ ചെരിപ്പില്ലായിരുന്നു. സംശയം തോന്നിയ നാട്ടുകാര്‍ ഇവരെ ചോദ്യംചെയ്യുകയും ഭാവനാംഗി ഇവരെ തിരിച്ചറിയുകയുമായിരുന്നു. പോലീസെത്തി മോഷ്ടാക്കളെ കൂട്ടിക്കൊണ്ടുപോയി.

മോഷ്ടാക്കളെ മോഷണം നടന്ന വീട്ടില്‍ ഞായറാഴ്ച എത്തിച്ച് തെളിവെടുപ്പ് നടത്തി. വീടിന്റെ 500 മീറ്റര്‍ അകലെനിന്ന്, മോഷ്ടിച്ച നിലവിളക്ക്, മൊബൈല്‍ ചാര്‍ജര്‍ എന്നിവയും ഇവരുടെ കൈയില്‍നിന്ന് കുറച്ച് സ്വര്‍ണവും കണ്ടെടുത്തിട്ടുണ്ട്. മോഷ്ടാക്കളുടെ പേര് പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.