Latest News

സമ്പൂര്‍ണ്ണ മദ്യ നിരോധനത്തില്‍ നിന്നും പുറകോട്ടില്ല : മുഖ്യമന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് സമയബന്ധിതമായി ഏറ്റവും വേഗത്തില്‍ മദ്യ നിരോധനം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന ശൈഖ് സായിദ് അന്താരാഷ്ട്ര സമാധാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വ്യവസ്ഥിതിയെ മാറ്റുമ്പോള്‍ അത് കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കണം. അതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണ്. നമുക്ക് ഈ സാമൂഹ്യ വിപത്തിനെ വിജയകരമായി മറികടക്കണം. മദ്യത്തിന്റെ വരുമാനം നഷ്ട്ടപെടുന്നതില്‍ യാതൊരു വൈമനസ്യവും ഇല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. എന്നാല്‍ ഇതേ കുറിച്ച് ആരും ചര്‍ച്ചചെയ്യുന്നില്ല. മദ്യാസക്തി കുറച്ചു വരികയാണ് നമ്മുടെ ലക്ഷ്യം. ഏറ്റവും വിജയകരമായ രീതിയില്‍ ഈ ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിനോട് എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമാധാനത്തിനു വേണ്ടി സമാനതകളില്ലാതെ നിലകൊണ്ട ഭരണാധികാരിയായിരുന്നു ശൈഖ് സായിദ്. അദ്ദേഹത്തിന്റെ പേരില്‍ മര്‍കസില്‍ അന്താരാഷ്ട്ര സമാധാന സമ്മേളനം നടക്കുന്നതില്‍ അഭിമാനമുണ്ട്. ലോകം ഇന്ന് ഉറ്റു നോക്കുന്നത് സമാധാന ശ്രമങ്ങളെയാണ്. ഭീകരതയെയും അക്രമ പ്രവര്‍ത്തനങ്ങളെയും മുഴുവന്‍ ജനങ്ങളും ഒരുമിച്ച് നിന്ന് പരാജയപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. യു.എ.ഇ അംബാസിഡര്‍ സഈദ് മുഹമ്മദ് അല്‍ മുസീരി, യു.എ.ഇ ഭരണകൂടത്തിന്റെ സന്ദേശം അവതരിപ്പിച്ചു. ശൈഖ് ഖലീഫ ബിന്‍ സാഇദ് ആല്‍ നഹിയാന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ മുഹമ്മദ് ഹാജി അല്‍ ഖൂരി, അലി മുഹമ്മദ് അല്‍ സുബൈദി (യു.എ.ഇ) ഫഹദ് അലി അബൂ ശനാന്‍ (സൗഊദി അറേബ്യ) ഡോ. അഹ്മദ് ബസരി ഇബ്രാഹിം (മലേഷ്യ) മഹമൂദ് ഇനായി സനദ് അബ്ദുല്‍ സലാം (ഖത്തര്‍) അബ്ദുള്ള മഹ്മൂദ് കരീഷാന്‍ മഹ്മൂദ് (കുവൈത്ത്) അനസ് മഹ്മൂദ് ഖലഫ് ബാഗ്ദാദി (ഇറാഖ്) മന്ത്രിമാരായ രമേഷ് ചെന്നിത്തല, ആര്യാടന്‍ മുഹമ്മദ്, കെ.ബാബു, എം.പിമാരായ എം.എ ഷാനവാസ്, എം.ക രാഘവന്‍ സംസാരിച്ചു. 

ബഹ്‌റൈന്‍ സര്‍ക്കാറിന്റെ വിശിഷ്ട അവാര്‍ഡ് നേടിയ പത്മ ശ്രി എം.എ യൂസുഫലിയെ ചടങ്ങില്‍ ആദരിച്ചു. എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി സ്വാഗതം പറഞ്ഞു.










Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.