Latest News

കാലിക്കറ്റ് സര്‍വകലാശാലയില്‍ ലീഗ്‌വത്കരണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ലീഗ്‌വത്കരണം നടക്കുകയാണെന്ന് പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എയുടെ ആരോപണം. സര്‍വകലാശാലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് അനുമതി തേടി നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി തങ്ങളെ ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തിയെന്നും ഇത് സര്‍വകലാശാലയില്‍ വര്‍ഗീയവത്കരണത്തിനുള്ള ശ്രമങ്ങള്‍ക്കാണെന്നും ശ്രീരാമകൃഷ്ണന്‍ ആരോപിച്ചു.

തങ്ങളുടെ പേര് പരാമര്‍ശിച്ചതിനെതിരെ ലീഗ് എം.എല്‍.എമാര്‍ ക്രമപ്രശ്നം ഉന്നയിച്ചു. കൂടാതെ ലീഗ് എം.എല്‍.എമാരും ശ്രീരാമകൃഷ്ണനും തമ്മിലുള്ള വാക്കേറ്റത്തിനും ഇടയാക്കി. അടിയന്തര പ്രമേയത്തിനിടെ ക്രമപ്രശ്നം അനുവദിക്കില്ലെന്ന്‌ സഭ നിയന്ത്രിച്ചിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍ റൂളിങ് നല്‍കി. അതേസമയം, ലീഗിന്‍െറ സംസ്ഥാന അധ്യക്ഷനായിരിക്കുന്നിടത്തോളം കാലം തങ്ങള്‍ വിമര്‍ശത്തിന് അതീതനല്ലെന്ന്‌ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

കാലിക്കറ്റ് സര്‍വകലാശാലയിലെ ഹോസ്റ്റല്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിച്ചതായി വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് സഭയെ അറിയിച്ചു. വിദ്യാര്‍ഥികളുടെ ഭക്ഷണകാര്യം മാത്രമാണ് പരിഹരിക്കാനുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

കാലിക്കറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന പ്രധാന പ്രശ്നങ്ങള്‍ പരിഹരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശദീകരിച്ചു. ചില്ലറ പ്രശ്നങ്ങള്‍ മാത്രമാണ് പരിഹരിക്കാനുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും വിശദീകരണത്തെ തുടര്‍ന്ന് പ്രതിപക്ഷത്തിന്‍െറ അടിയന്തര പ്രമേയത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ അനുമതി നിഷേധിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.