Latest News

സമരം നയിച്ചയാള്‍ മോഷ്ടാവായത് സിനിമാക്കഥയെ വെല്ലുന്ന തരത്തില്‍

പീരുമേട്: മോഷണ കേസുകളില്‍ പോലീസിന്റെ നിഷ്‌ക്രിയത്തിനെതിരേ സമരം നയിച്ചയാള്‍ തന്നെ അതേ കേസുകളിലെ മോഷ്ടാവായത് സിനിമാക്കഥയെ വെല്ലുന്ന തരത്തില്‍. കോഴിക്കാനം എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന നെല്ലികോട്ടയില്‍ രാജേഷ് (34) ആണ് കഥാനായകന്‍. നാട്ടില്‍ മോഷണം പതിവായപ്പോഴും ഇതു തടയാന്‍ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നു കാണിച്ച് ആഭ്യന്തര മന്ത്രിക്കു ഭീമ ഹര്‍ജി നല്‍കാന്‍ രാജേഷായിരുന്നു നേതൃത്വം നല്‍കിയിരുന്നു.

ഈ അതിബുദ്ധി ഇയാളുടെ വില്ലനായി മാറുകയായിരുന്നു. വീട്കുത്തിത്തുറന്ന് നാല്‍പ്പതര പവന്‍ സ്വര്‍ണവും ഇരുപത്തിയേഴായിരം രൂപയും കവര്‍ന്ന കേസില്‍ പോലീസ് രാജേഷിനെ കുടുക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ തുമ്പില്ലാതിരുന്ന രണ്ട് മോഷണക്കേസുകള്‍കൂടി തെളിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ 27ന് ഏലപ്പാറ സ്വദേശിനിയും ഇന്‍ഫന്റ് ജീസസ് സ്‌കൂളിലെ അക്കൗണ്ടന്റുമായ അനിതയുടെ വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്നാണ് പ്രതി സ്വര്‍ണവും പണവും കവര്‍ന്നത്. അന്ന് വൈകിട്ട് ഏഴിനും ഒന്‍മ്പതിനും ഇടയ്ക്കാണ് മോഷണം നടന്നത്. ഉടന്‍ തന്നെ പീരുമേട് സി.ഐ പി.വി മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു. വിരലടയാള വിഭാഗവും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയെങ്കിലും കേസിന് തുമ്പ് ലഭിക്കുന്ന ഒരു വിവരവും ലഭിച്ചില്ല.

മുന്‍പ് മോഷണക്കേസുകളില്‍ പ്രതികളായവരെയും മോഷണം നടക്കുന്ന സമയത്ത് പ്രദേശത്തുകൂടി യാത്ര ചെയ്തവരെയും പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. അപ്പോഴെല്ലാം യാതൊരു സംശയങ്ങള്‍ക്കും ഇടനല്‍കാതെ രാജേഷും പോലീസിനൊപ്പം ഉണ്ടായിരുന്നു. തടിവ്യാപാരിയായിരുന്നു രാജേഷ്. ബിസിനസില്‍ നഷ്ടം സംഭവിച്ചതാണ് മോഷണത്തിന് പ്രേരിപ്പിച്ചത്. സംഭവ ദിവസം പ്രതി അനിതയുടെ വീടിന് പിന്‍ഭാഗത്തെ കതക് തകര്‍ത്ത് അകത്ത് കടന്നാണ് മോഷണം നടത്തിയത്.

മോഷ്ടിച്ച ഒരു മാല 45000 രൂപയ്ക്ക് പണയം വച്ചു. മറ്റൊരുമാല 75000 രൂപയ്ക്ക് വില്‍ക്കുകയും ചെയ്തു. ശേഷിച്ച സ്വര്‍ണാഭരണങ്ങള്‍ പ്രതിയുടെ വീട്ടിലെ തട്ടിന്‍ പുറത്ത് തടി അടുക്കി വെച്ചിരിക്കുന്നതിനിടയില്‍ നിന്നും തൊണ്ടിമുതല്‍ പോലീസ് സംഘം കണെ്ടത്തി. ഏലപ്പാറ ഇന്‍ഫാന്റ് ജീസസ് സ്‌കൂളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് പ്രതി. ഇവിടെ അധ്യാപികയായ അനിതയുമായും പ്രതിക്ക് പരിചയം ഉണ്ടായിരുന്നു. അനിതയുടെ പുരയിടത്തിലെ തടി വാങ്ങിയത് രാജേഷായിരുന്നു.

അടുത്തിടെ ഈ സ്‌കൂളില്‍ നിന്നു 19000 രൂപയും, ഒരുവര്‍ഷം മുമ്പ് സ്‌കൂളിലെ അധ്യാപികയായ ജാസ്മിന്റെ വീട്ടില്‍ നിന്ന് ആറര പവന്‍ സ്വര്‍ണവും മോഷണം പോയിരുന്നു. പോലീസ് ഈ മൂന്നു മോഷണവും തമ്മില്‍ ബന്ധപ്പെടുത്തി നടത്തിയ അന്വേഷണമാണ് രാജേഷിനെ കുടുക്കയിത്. മുന്നിടങ്ങളിലും രാജേഷിന്റെ സാന്നിധ്യമുണ്ടായിരുന്നതായി പോലീസ് കണെ്ടത്തിയിരുന്നു. മാത്രമല്ല സമാന രീതിയിലായിരുന്നു മൂന്നു മോഷണവും. ഒടുവില്‍ ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന്റെ ചുരുളഴിയുന്നത്.

ഈ കേസുമായി ബന്ധപ്പെട്ട് ഒരു അന്വേഷണ സംഘം തന്നെ രൂപീകരിച്ചിരുന്നു, എസ്. പി അലക്‌സ് എം വര്‍ക്കി, ഡിവൈ.എസ്.പി ജഗതീഷ്, സി.ഐ മനോജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണ സംഘം. സി.ഐ മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വളരെ വിശദമായ അന്വേഷണത്തെത്തുടര്‍ന്ന് തന്ത്രപരമായി പ്രതിയെ അറസ്റ്റ് ചെയ്തത്.

സംഘത്തില്‍ എ.എസ്.ഐ സമദ്, പോലീസ് ഉദ്യോഗസ്ഥരായ സജീവ്, ഇസ്മയില്‍, അനില്‍, സജി എന്നിവരുമുണ്ടായിരുന്നു. പ്രതിയെ വെളളിയാഴ്ച കോടതിയില്‍ ഹാജരാക്കും. പ്രതിയുമായി തെളിവെടുപ്പിന് ഏലപ്പാറയിലെത്തിയപ്പോള്‍ വന്‍ ജനാവലിയായിരുന്നു പ്രതിയെ കാണാന്‍. ജനങ്ങളെ നിയന്ത്രിക്കുവാന്‍ പോലീസ് ബുന്ധിമുട്ടി. ആര്‍മ്ഡ് പോലീസിന്റെ ഒരു ബെറ്റാലിയനാണ് സംഭവസ്ഥലത്ത് ജനങ്ങളെ നിയന്ത്രിക്കാന്‍ എത്തിയത്. 
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.