Latest News

പിയേഴ്‌സന്റെ ഗോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഫൈനലില്‍

ചെന്നൈ: പരാജയത്തിന്റെ വക്കില്‍ നിന്ന് തിരിച്ചടിച്ച കേരള ബ്ലാസ്‌റ്റേഴ്‌സ് അധികസമയത്ത് നേടിയ ഗോളില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ ഫൈനലിലേക്ക്. രണ്ടാംപാദ മത്സരത്തില്‍ 13ന് ചെന്നൈയിന്‍ എഫ് സിയോട് തോറ്റെങ്കിലും ഇരുപാദങ്ങളിലുമായി നേടിയ 43ന്റെ ലീഡുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഫൈനലിലേക്ക് കുതിച്ചത്. ഭാഗധേയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തിന്റെ അധികസമയത്ത് സ്റ്റീഫന്‍ പിയേഴ്‌സണ്‍ നേടിയ ഗോളാണ് കേരളത്തെ രക്ഷിച്ചത്. സില്‍വസ്റ്ററും ജെജെലാല്‍പെഖുലെയും നേടിയ ഗോളുകള്‍ക്കൊപ്പം ബ്ലാസ്‌റ്റേഴ്‌സിന്റെ സന്ദേശ് ജിംഗാന്റെ സെല്‍ഫ് ഗോളുമാണ് ചെന്നൈയെ നിശ്ചിതസമയത്ത് മൂന്നു ഗോളിന് മുന്നിലെത്തിച്ചിരുന്നത്.

കളിയുടെ ഒന്നാംപകുതിയില്‍ ഇംഗ്ലീഷ് താരം മെക്കാലിസ്റ്റര്‍ രണ്ടാമത്തെ മഞ്ഞകാര്‍ഡ് കണ്ട് പുറത്ത് പോയതുകൊണ്ട് പത്തുപേരുമായാണ് ബ്ലാസ്‌റ്റേഴ്‌സ് കളിച്ചത്.

കഴിഞ്ഞ കളിയില്‍നിന്ന് ഒരുമാറ്റവുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയിലെ പോരാട്ടത്തിനിറങ്ങിയത്. പ്രതിരോധനിരയില്‍ നിര്‍മല്‍ ഛേത്രിക്ക് പകരം വിശ്വസ്തനായ കാവല്‍ക്കാരന്‍ സന്ദേശ് ജിംഗന്‍ മടങ്ങിയെത്തി. നിര്‍ണായകമല്‍സരത്തില്‍ നാല് മാറ്റങ്ങളുമായാണ് ചെന്നൈ ഇറങ്ങിയത്. ഇന്ത്യന്‍ താരം ജെജെലാല്‍പെഖുലെക്കൊപ്പം ഫ്രഞ്ച് താരം ജീന്‍ മൗറിസിനെയാണ് ചെന്നൈ ആക്രമണത്തിന് നിയോഗിച്ചത്.

മൂന്ന് ഗോള്‍ എന്ന ലക്ഷ്യവുമായി തുടക്കം മുതല്‍ ചെന്നൈയാണ് ആക്രമണങ്ങള്‍ അഴിച്ചുവിട്ടത്. മധ്യനിരയില്‍ നിന്ന് ബെര്‍നാഡ് മെന്‍ഡി കൃത്യമായി നല്‍കിക്കൊണ്ടിരുന്ന പാസുകള്‍ സ്വീകരിച്ച് വലതുവിങ്ങിലൂടെ മൗറിസും ഇടതുവിങ്ങിലൂടെ ജെജെയും പലതവണ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍മുഖത്തേക്ക് ഇരമ്പിക്കയറി. ചെന്നൈ ആക്രമണം തടയാന്‍ പന്ത് വെച്ച് താമസിപ്പിക്കുക എന്നതായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തന്ത്രം. ഈ മെല്ലെപ്പോക്ക് സ്വന്തം കോര്‍ണര്‍കിക്ക് എടുക്കുന്നതില്‍വരെ ബ്ലാസ്‌റ്റേഴ്‌സ് തുടര്‍ന്നപ്പോള്‍ റഫറിക്ക് മഞ്ഞക്കാര്‍ഡ് പുറത്തെടുക്കേണ്ടിവന്നു. എട്ടാം മിനിട്ടില്‍ കിട്ടിയ കോര്‍ണര്‍കിക്ക് വൈകിച്ചതിന് മക്അലിസ്റ്ററിനാണ് മല്‍സരത്തിലെ ആദ്യ മഞ്ഞക്കാര്‍ഡ് കിട്ടിയത്.

ഇരമ്പിക്കളിച്ച ചെന്നൈ ആദ്യ 15 മിനിട്ടിനുള്ളില്‍ രണ്ടു തവണ ഉറപ്പായ ഗോളിനടുത്തെത്തിയതാണ്. 12ാംമിനിട്ടില്‍ ജീന്‍ മൗറിസ് ബോക്‌സില്‍ കടന്ന് തൊടുത്ത ഷോട്ട് ഗോളി സന്ദീപ് നന്ദിയെ മറികടന്നുപോയപ്പോള്‍ ഗോളെന്ന് കരുതി ചെന്നൈ ആരാധകര്‍ മുഴുവന്‍ എഴുന്നേറ്റുനിന്നതാണ്. എന്നാല്‍ വേഗം കുറഞ്ഞുവന്ന പന്ത് ഗോള്‍വരയില്‍നിന്ന് ഗുര്‍വീന്ദര്‍ സിങ്ങ് തട്ടിയകറ്റിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ബെഞ്ച് ആശ്വാസത്തോടെ എഴുന്നേറ്റുനിന്നു.

തട്ടിയും മുട്ടിയും കളിച്ചുകൊണ്ടിരുന്ന ബ്ലാസ്‌റ്റേഴ്‌സിന് 28ാം മിനിട്ടില്‍ ഗോളിനേക്കാള്‍ വലിയ അടി കിട്ടി. വലതുവിങ്ങിലൂടെ മുന്നേറിയ മെന്‍ഡിയെ വലിച്ചിട്ടതിന് മക്അലിസ്റ്ററിന് കിട്ടിയ മഞ്ഞക്കാര്‍ഡ് മഞ്ഞക്കൂട്ടത്തിന് ഇടിവെട്ടേറ്റതുപോലെയായിരുന്നു. രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് മക്അലിസ്റ്റര്‍ പുറത്തായതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ കളിയൊഴുക്ക് പൂര്‍ണമായും നിലച്ചു. പ്രതിരോധം തന്നെ ശരണം എന്നുറപ്പിച്ച മട്ടില്‍ മിഡ്ഫീല്‍ഡര്‍ സ്​പാനിഷ് താരം ഫോര്‍സിഡക്ക് പകരം ഫ്രഞ്ച് ഡിഫണ്ടര്‍ റാഫേല്‍ റോമിയെ ഇറക്കി ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും റിവേഴ്‌സ് ഗിയറിലായി.

റിവേഴ്‌സ്ഗിയറിലായ ബ്ലാസ്‌റ്റേഴ്‌സിന് 42ാംമിനിട്ടില്‍ ആദ്യത്തെ അടിയേറ്റു. ഇടതുവിങ്ങില്‍ കോര്‍ണറിനടുത്തായി കിട്ടിയ ഫ്രീകിക്കാണ് ചെന്നൈ കാത്തിരുന്ന ഗോളിലെത്തിയത്. കിക്കെടുത്ത മറ്റരാസി ബോക്‌സിലേക്ക് നല്‍കിയ പന്ത് കൂട്ടപ്പൊരിച്ചിലിനിടയില്‍ മൈക്കല്‍ സില്‍വസ്റ്റര്‍ ബ്ലാസ്‌റ്റേഴ്‌സ് വലയിലേക്ക് തട്ടിയിടുമ്പോള്‍ ഗോളി സന്ദീപ് നന്ദി തീര്‍ത്തും നിസ്സഹായനായിരുന്നു. ആദ്യ പകുതിയുടെ അവസാന 15 മിനിട്ടിലെ ആക്രമണനിരക്ക് 95 ശതമാനമായിരുന്നു എന്ന കണക്ക് മാത്രം മതി ചെന്നൈ ചെലുത്തിയ സമ്മര്‍ദ്ദം എത്രവലുതായിരുന്നെന്ന് മനസ്സിലാക്കാന്‍.

രണ്ടാം പകുതി തുടക്കത്തില്‍ ഭാഗ്യദേവത കൂട്ടിനെത്തുന്ന ബ്ലാസ്‌റ്റേഴ്‌സിനെയാണ് കണ്ടത്. കളി തുടങ്ങി ഉടനെ ബോക്‌സില്‍ ജീന്‍ മൗറിസിനെ സന്ദേശ് ജിംഗന്‍ വീഴ്ത്തിയതിന് റഫറി പെനാല്‍ട്ടിസ്‌പോട്ടിലേക്കാണ് വിരല്‍ചൂണ്ടിയത്. മറ്റരാസി എടുത്ത കിക്ക് നേരെ പോസ്റ്റിന്റെ ഇടതുമൂലയിലെത്തിയെങ്കിലും കിക്കെടുക്കുംമുമ്പ് മൗറിസ് ബോക്‌സിലേക്ക് കയറിയതിനാല്‍ റഫറി ഗോള്‍ അനുവദിച്ചില്ല.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.