Latest News

കശ്മീരില്‍ തീവ്രവാദി ആക്രമണം: 19 പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നാലിടങ്ങളിലായി തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ 11 സുരക്ഷാ ഉദ്യോഗസ്ഥരടക്കം 19 മരണം. ബരാമുള്ള ഉറിയിലെ മൊഹുറയില്‍ സൈന്യത്തിന്‍െറ 32 ഫീല്‍ഡ് റജിമെന്‍റിന്‍െറ ക്യാമ്പിനു പുറമേ ശ്രീനഗര്‍, ഷോപിയാന്‍, ട്രാല്‍ എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. 12 മണിക്കൂറിനിടെയായിരുന്നു ആക്രമണങ്ങളെല്ലാം.

ഉറിയിലെ സൈനിക ക്യാമ്പിനുനേരെയായിരുന്നു ആദ്യ ആക്രമണം. പുലര്‍ച്ചെ മൂന്നോടെയാണ് ക്യാമ്പിനുനേരെ വെടിവെപ്പും ഗ്രനേഡ് ആക്രമണവും ഉണ്ടായത്. ഇവിടെ ഒരു ഓഫിസറുപ്പെടെ എട്ട് സൈനികരും, ഒരു സബ് ഇന്‍സ്പെക്ടറുള്‍പ്പെടെ മൂന്ന് പൊലീസുകാരും കൊല്ലപ്പെട്ടു. തുടര്‍ന്ന് സൈന്യം മേഖല വളഞ്ഞ് നടത്തിയ പ്രത്യാക്രമണത്തില്‍ ആറു തീവ്രവാദികളെ വധിച്ചു. 

24 പഞ്ചാബ് റെജിമെന്‍റിലെ ലഫ്. കേണല്‍ സങ്കല്‍പ് കുമാറാണ് കൊല്ലപ്പെട്ട സൈനിക ഓഫിസര്‍. എ.എസ്.ഐ മുഹമ്മദ് അക്ബര്‍ ലോണ്‍, ഹെഡ്കോണ്‍സ്റ്റബ്ള്‍ അബ്ദുള്‍ മാജിദ്, കോണ്‍സ്റ്റബ്ള്‍ സഞ്ജയ് സിങ് എന്നിവരാണ് കൊല്ലപ്പെട്ട പൊലീസുകാര്‍. രാവിലെ 9.30 വരെ ഏറ്റുമുട്ടല്‍ തുടര്‍ന്നു.

രണ്ട് സംഘങ്ങളായി തിരിഞ്ഞായിരുന്നു ക്യാമ്പിനുനേരെ ആക്രമണം. ഒരു സംഘം ക്യാമ്പിനുള്ളില്‍ കടന്നപ്പോള്‍ മറ്റൊരു സംഘം ഗേറ്റില്‍ വെടിവെപ്പു നടത്തുകയായിരുന്നു. ആക്രമണം നടത്തിയ തീവ്രവാദികള്‍ എല്ലാവരെയും വധിച്ചതായി പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ ഡല്‍ഹിയില്‍ പറഞ്ഞു. പരിക്കേറ്റവരെ ബാരാമുള്ളയിലേക്ക് മാറ്റി. ഇവരുടെ സ്ഥിതി സുരക്ഷിതമാണെന്ന് സൈന്യം വ്യക്തമാക്കി. മേഖല ബന്തവസ്സാക്കിയ സൈന്യം കൂടുതല്‍ തീവ്രവാദികളുണ്ടോയെന്ന് തെരച്ചില്‍ തുടരുകയാണ്. അതിര്‍ത്തി കടന്നത്തെിയ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.

ശ്രീനഗറിലായിരുന്നു രണ്ടാമത്തെ ആക്രമണം. ഇവിടെ, സൗര അഹ്മദ്നഗറില്‍ കാറില്‍വന്ന രണ്ട് ഭീകരര്‍ ചെക്പോസ്റ്റില്‍ നിര്‍ത്താതെപോയതിനെ തുടര്‍ന്ന് പിന്തുടര്‍ന്ന പൊലീസിനെ വെടിവെക്കുകയായിരുന്നു. പൊലീസ് തിരിച്ചുനടത്തിയ വെടിവെപ്പില്‍ ക്വാറി ഇസ്രാര്‍ എന്നയാള്‍ കൊല്ലപ്പെട്ടു. പാക് പൗരനായ ഇയാള്‍ ലശ്കറെ ത്വയ്യിബ കമാന്‍ഡറാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. രക്ഷപ്പെട്ട രണ്ടാമത്തെയാള്‍ പ്രദേശത്തെ ഏതോ വീട്ടില്‍ ഒളിച്ചതായാണ് സംശയം. തെരച്ചില്‍ തുടരുകയാണ്.
തെക്കന്‍ കശ്മീരിലെ ഷോപ്പിയാനിലായിരുന്നു മൂന്നാമത്തെ ആക്രമണം പൊലീസ് സംഘത്തിനുനേരെ തീവ്രവാദികള്‍ ഗ്രനേഡ് എറിയുകയായിരുന്നു. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. തെക്കന്‍ കശ്മീരിലെ തന്നെ പുല്‍വാമയിലെ ട്രാലില്‍ ബസ്സ്റ്റാന്‍ഡില്‍ ഗ്രനേഡ് ഉപയോഗിച്ച് നടത്തിയ നാലാമത്തെ ആക്രമണത്തില്‍ ഒരു സിവിലിയന്‍ മരിക്കുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഡിസംബര്‍ ഒമ്പതിന് മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കശ്മീരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ടാം തീയതി പര്യടനം നടത്താനിരിക്കെയാണ് കനത്ത ആക്രമണം. സമാധാനവും സാധാരണ നിലയും തകര്‍ക്കാന്‍ തീവ്രവാദികള്‍ എതറ്റം വരെയും പോകുമെന്നാണ് ആക്രമണങ്ങള്‍ കാണിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല പറഞ്ഞു.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.