Latest News

തുളുനാട്ടിലെ സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് ഫണ്ട് നല്‍കണം

മഞ്ചേശ്വരം: അത്യുത്തര കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ഥാപിച്ച സാംസ്‌കാരിക സ്ഥാപനങ്ങളെ ഇല്ലാതാക്കിയ യുഡിഎഫ് സര്‍ക്കാര്‍ നടപടിയില്‍ സിപിഐ എം മഞ്ചേശ്വരം ഏരിയാസമ്മേളനം പ്രതിഷേധിച്ചു.

തുളു അക്കാദമി, പാര്‍ഥിസുബ്ബ കലാകേന്ദ്രം, മാപ്പിള കലാകേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങള്‍ നല്ലരീതിയില്‍ കഴിഞ്ഞ സര്‍ക്കാര്‍ ആരംഭിച്ചതാണ്. തുളുനാട്ടിലെ ഈ സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് ഫണ്ട് നല്‍കി പ്രവര്‍ത്തനം പുനരാരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

വ്യാഴാഴ്ച പൈവളിഗെ ലാല്‍ബാഗില്‍ ബി എ മുഹമ്മദ് നഗറില്‍ പ്രതിനിധി സമ്മേളനം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസും എന്‍ഡിഎഫും ഒരേ കേന്ദ്രത്തില്‍നിന്നും പണം പറ്റി പ്രവര്‍ത്തിക്കുന ഫാസിസ്റ്റ് സംഘങ്ങളാണെന്ന് അവര്‍ പറഞ്ഞു. അഴിമതിയ്ക്കും ദുര്‍നയങ്ങള്‍ക്കും പേരുകേട്ട കോണ്‍ഗ്രസിന്റെ അതേ നയങ്ങളാണ് മോഡിയും തുടരുന്നത്. 

വന്‍കിട കോര്‍പറേറ്റുകളുടെ സഹായത്തോടെ മുഖം മിനുക്കി നടക്കുന്ന മോഡിക്ക്, കോണ്‍ഗ്രസില്‍നിന്നും ഭിന്നമായ നയങ്ങളില്ലെന്ന് ഇതിനകം തെളിഞ്ഞു. തൊഴിലുറപ്പ് പദ്ധതി തകര്‍ത്ത് ജനലക്ഷങ്ങളുടെ ജീവിതമാര്‍ഗം ഇല്ലാതാക്കുന്ന മോഡിസര്‍ക്കാരിന് ഇടതും വലതുമുള്ളത് അദാനിയും അംബാനിയും പോലുള്ള വന്‍കിടക്കാരാണെന്നും ശൈലജ പറഞ്ഞു.
ലാല്‍ബാഗില്‍ പ്രത്യേകം തയ്യാറാക്കിയ സമ്മേളന നഗറില്‍ ബി നാരായണഷെട്ടി പതാക ഉയര്‍ത്തി. രമണന്‍ രക്തസാക്ഷി പ്രമേയവും യോഗീഷ കുഞ്ചത്തൂര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. അബ്ദുള്‍ റസാഖ് ചിപ്പാര്‍ സ്വാഗതം പറഞ്ഞു.

അബ്ദുള്‍ റസാഖ് ചിപ്പാര്‍, ഡി ബൂബ, ബേബി ഷെട്ടി, സി രാഘവ എന്നിവരടങ്ങിയ പ്രസീഡിയവും കെ ആര്‍ ജയാനന്ദ, എ അബൂബക്കര്‍ എന്നിവരടങ്ങിയ സ്റ്റിയറിങ് കമ്മിറ്റിയും സമ്മേളനം നിയന്ത്രിച്ചു. ഡി കമലാക്ഷ (രജിസ്‌ട്രേഷന്‍), യോഗീഷ കുഞ്ചത്തൂര്‍ (മിനുട്‌സ്), രമണന്‍ (ക്രഡന്‍ഷ്യല്‍), ബി ചന്തപ്പ (പ്രമേയം)എന്നിവരടങ്ങിയ സബ്കമ്മിറ്റിയെയും െതരഞ്ഞെടുത്തു.

ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, സംസ്ഥാനകമ്മിറ്റി അംഗം എ കെ നാരായണന്‍, ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ കെ ബാലകൃഷ്ണന്‍, പി ജനാര്‍ദനന്‍, എം രാജഗോപാലന്‍ എന്നിവരും പങ്കെടുക്കുന്നു. ഏരിയാക്രെട്ടറി കെ ആര്‍ ജയാനന്ദ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

പി കെ അഹ്മദ് ഹുസൈന്‍, രാമചന്ദ്ര, ദയാകര മഞ്ചേശ്വര, അഷ്‌റഫ്, സിദ്ദിഖ് ചെറുഗോളി തുടങ്ങിയവര്‍ ആദ്യദിനം പൊതുചര്‍ച്ചയില്‍ പങ്കെടുത്തു. വെള്ളിയാഴ്ച പുതിയ കമ്മിറ്റിയെയും സെക്രട്ടറിയേയും തെരഞ്ഞെടുക്കും.

വൈകിട്ട് നാലിന് പൈവളിഗെയില്‍ പൊതുയോഗത്തോടെ സമാപിക്കും. സംസ്ഥാനകമ്മിറ്റി അംഗം എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. പകല്‍ മൂന്നിന് കയര്‍കട്ടയില്‍നിന്ന് റെഡ് വളണ്ടിയര്‍ മാര്‍ച്ചിന്റെ അകമ്പടിയോടെ പ്രകടനം ആരംഭിക്കും.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.