Latest News

കാസര്‍കോട്ട് ഇനി മഹോത്സവ രാവുകള്‍

കാസര്‍കോട്: സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി കാസര്‍കോട് മഹോത്സവത്തിന് തുടക്കമായി. കലയും വിനോദവും സംഗമിക്കുന്ന 13 രാവുകളാണ് ഇനി കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍. 

വിപണനമേള, അമ്യൂസ്മെന്റ് പാര്‍ക്ക്, വിനോദ പരിപാടികള്‍, പുഷ്പ- ഫല പ്രദര്‍ശനം എന്നിവയോടെ 11 വരെ നീളുന്ന മഹോത്സവം മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷനായി. പി കരുണാകരന്‍ എംപി മുഖ്യാതിഥിയായി. ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ഷുക്കൂര്‍, സി ബി മുഹമ്മദ് കുഞ്ഞി, എ മാധവ, സി കെ ശ്രീധരന്‍, പാദൂര്‍ കുഞ്ഞാമു എന്നിവര്‍ സംസാരിച്ചു. കലക്ടര്‍ പി എസ് മുഹമ്മദ്സഗീര്‍ സ്വാഗതം പറഞ്ഞു. 

ഉദ്ഘാടനത്തിനുശേഷം സുധീര്‍ മാടക്കത്തിന്റെ മാജിക്ഷോ അരങ്ങേറി. ചൊവ്വാഴ്ച വൈകിട്ട് ആറിന് കുട്ടമത്ത് ജനാര്‍ദനന്റെ ഓട്ടന്‍തുള്ളല്‍, രാത്രി ഏഴിന് ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ശ്രീനാഥ് നയിക്കുന്ന ഗാനമേള, 31ന് വൈകിട്ട് ആറിന് ഇശല്‍ രാവും ഒന്നിന് വൈകിട്ട് ആറിന് ലയം കലാക്ഷേത്രത്തിന്റെ "വന്ദേമാതരം' സംഗീത നൃത്തശില്‍പവും അരങ്ങേറും. 

രണ്ടിന് വൈകിട്ട് ആറിന് സ്റ്റാര്‍സിംഗര്‍ ഫെയിം മുഹമ്മദ് അസ്ലം നയിക്കുന്ന ഗാനസന്ധ്യയും മൂന്നിന് വൈകിട്ട് ആറിന് ഷിരിബാഗിലു വെങ്കപ്പയ്യ സംസ്കൃതിക പ്രതിസ്ഥാനി അവതരിപ്പിക്കുന്ന യക്ഷഗാനവുമുണ്ടാകും. നാലിന് വൈകിട്ട് ആറിന് പ്രശസ്ത സിനിമ- കോമഡി താരം അബി നയിക്കുന്ന ഹരം മസാലയും അഞ്ചിന് വൈകിട്ട് ആറിന് ആലപ്പുഴ ഇപ്റ്റ അവതരിപ്പിക്കുന്ന നാടന്‍പാട്ട് മെഗാഷോയും അരങ്ങേറും. 

ആറിന് വൈകിട്ട് ആറിന് നാടന്‍ കലാമേളയും, പിലിക്കോട് ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ "മുഖംമൂടികള്‍ ഉണ്ടാകുന്നത്' നാടകവും, കാസര്‍കോട് സ്മൈല്‍ ഗ്രൂപ്പ് അവതരിപ്പിക്കുന്ന ഫ്യൂഷന്‍ ഡാന്‍സും അരങ്ങേറും. ഏഴിന് പകല്‍ മൂന്നിന് സാഹിത്യസെമിനാറും വൈകിട്ട് ആറിന് കൊല്ലം അയനം നാടകവേദിയുടെ "മഴ കാറ്റിനോട് പറഞ്ഞത്' നാടകവും അരങ്ങേറും. 

എട്ടിന് പകല്‍ മൂന്നിന് പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകരായ ഡോ. ബിജു, പ്രകാശ് ബാരെ, മധു കൈതപ്രം, ഷെറി തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചലച്ചിത്ര സെമിനാറും വൈകിട്ട് ആറിന് കാലിക്കറ്റ് വി ഫോര്‍ യു അവതരിപ്പിക്കുന്ന ഗ്രാന്‍ഡ് കേരള കോമഡി ഫെസ്റ്റിവലും നടക്കും. ഒമ്പതിന് വൈകിട്ട് ആറിന് കണ്ണൂര്‍ ഷെരീഫും സംഘവും അവതരിപ്പിക്കുന്ന മാപ്പിളപ്പാട്ട് അരങ്ങേറും. പത്തിന് പകല്‍ മൂന്നിന് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമ സെമിനാര്‍ സംഘടിപ്പിക്കും. 

സമാപന ദിവസമായ 11ന് പകല്‍ മൂന്നിന് അനിത ഷെയ്ഖിന്റെ "സൂഫിയാന' ഗസല്‍ സായാഹ്നം, വൈകിട്ട് ആറിന് പിന്നണി ഗായിക ചിത്ര അയ്യര്‍ നയിക്കുന്ന ഗാനമേളയും തുടര്‍ന്ന് കരിമരുന്ന് പ്രയോഗത്തോടെ മഹോത്സവത്തിന് സമാപനമാകും. 
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.