Latest News

കലോത്സവത്തിനായി വ്യാജരേഖ : ലോകായുക്ത കേസെടുത്തു

ഉദുമ: സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ വ്യാജരേഖയിലൂടെ ലോകായുക്തയെ തെറ്റിദ്ധരിപ്പിച്ച് അപ്പീല്‍നേടിയ സംഭവത്തില്‍ കേസെടുക്കാന്‍ ലോകായുക്ത നിര്‍ദേശിച്ചു. വ്യാജരേഖ സമര്‍പ്പിച്ച ഉദുമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയുടെ അച്ഛന് നടപടിയെടുക്കാതിരിക്കാന്‍ കാരണംകാണിക്കല്‍ നോട്ടീസയക്കാനും തീരുമാനിച്ചു. 

വിദ്യാര്‍ഥിക്ക് 18 വയസ്സ് പൂര്‍ത്തിയാകാത്തതിനാലാണ് ഉദുമ സ്വദേശിയായ അച്ഛനോട് ഹാജരാകാന്‍ ലോകായുക്ത നിര്‍ദേശിച്ചിരിക്കുന്നത്. 

ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിക്കാതെ സംഘനൃത്തത്തിന് രണ്ടാം സ്ഥാനമുണ്ടെന്നും ജില്ലാ ഉപവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ അകാരണമായി അപ്പീല്‍ തള്ളിയെന്നും വ്യാജരേഖയുണ്ടാക്കി ലോകായുക്തയ്ക്ക് അപേക്ഷ സമര്‍പ്പിച്ചാണ് അപ്പീല്‍ സമ്പാദിച്ചത്. 

സ്‌കൂള്‍ കലോത്സവത്തില്‍ വഞ്ചിപ്പാട്ട് മത്സരത്തില്‍ പങ്കെടുത്ത ഉദുമ സ്‌കൂള്‍ ടീമിന് രണ്ടാം സ്ഥാനമാണു ലഭിച്ചത്. ഈ രേഖ വിദ്യാഭ്യാസവകുപ്പിന്റെ വെബ്‌സൈറ്റില്‍നിന്നു ഡൗണ്‍ലോഡ് ചെയ്ത് വഞ്ചിപ്പാട്ടെന്നത് സംഘനൃത്തമെന്നാക്കുകയായിരുന്നു. വഞ്ചിപ്പാട്ടിന് അപ്പീല്‍ നല്‍കിയത് ഡി.ഡി.ഇ. തള്ളിയത് സംഘനൃത്തത്തിന്റേതെന്നാക്കി തിരുത്തുകയും ചെയ്തു.

ലോകായുക്തയെ തെറ്റിദ്ധരിപ്പിച്ചെന്ന വാര്‍ത്തയറിഞ്ഞ ലോകായുക്തമാരായ ജസ്റ്റിസ് പയസ് സി.കുര്യാക്കോസ്, ജസ്റ്റിസ് കെ.പി.ബാലചന്ദ്രന്‍ എന്നിവരാണ് കേസെടുക്കാന്‍ നിര്‍ദേശിച്ചത്. 

ലോകായുക്തയെ അവഹേളിക്കുന്നതരത്തില്‍ വ്യാജരേഖ സമര്‍പ്പിച്ചതിന് ലോകായുക്തനിയമത്തിന്റെ സെക്ഷന്‍ 18 പ്രകാരമാണ് കേസ്. ആറുമാസം മുതല്‍ ഒരുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. 

ഫിബ്രവരി 18-ന് ലോകായുക്തമുമ്പാകെ ഹാജരാകാനും നടപടിയെടുക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാനുമാവശ്യപ്പെട്ടാണ് നോട്ടീസയക്കുന്നത്. സംഘനൃത്തത്തിന്റെ ഗ്രൂപ്പ് ലീഡറും 16വയസ്സുകാരിയുമായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ പേരിലാണ് ലോകായുക്തയില്‍ അപേക്ഷ നല്‍കിയിരുന്നത്.

ഇതിനുപുറമെ, ഡി.പി.ഐ., കാസര്‍കോട് ഡി.ഡി.ഇ. എന്നിവര്‍ മാര്‍ച്ച് രണ്ടിന് ലോകായുക്തമുമ്പാകെ ഹാജരാകണം. അപ്പീല്‍ അപേക്ഷ പരിഗണിച്ചാണ് ഇവരോട് ഹാജരാകാന്‍ നേരത്തേതന്നെ ആവശ്യപ്പെട്ടത്. എന്നാല്‍ കേസിന്റെ ഗൗരവം പരിഗണിച്ച് വ്യാജരേഖക്കേസ് ആദ്യമാക്കാന്‍ ലോകായുക്ത തീരുമാനിക്കുകയായിരുന്നു. 

അപ്പീലനുവദിക്കാനായി സമര്‍പ്പിച്ച രണ്ടു രേഖകളും വ്യാജമാണെന്ന് കാസര്‍കോട് ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമികാന്വേഷണറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഒരു ഡി.ടി.പി. സെന്ററില്‍നിന്നാണ് രേഖകളില്‍ തിരുത്തല്‍ വരുത്തിയിരിക്കുന്നത്.

ലോകായുക്തയുടെ നടപടിക്രമങ്ങള്‍ക്കു പുറമെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യാന്‍ ഡി.പി.ഐ. നിര്‍ദേശിച്ചിരിക്കുന്നതനുസരിച്ച് ജില്ലാ പോലീസ് മേധാവിയെക്കണ്ട് ഡി.ഡി.ഇ. പരാതി നല്‍കി. ഉദുമ കേന്ദ്രീകരിച്ചാണ് വ്യാജരേഖകള്‍ ചമച്ചതെന്നതിനാല്‍ ബേക്കല്‍ പോലീസ് സ്റ്റേഷനിലേക്കു പരാതി കൈമാറി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.