Latest News

സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ ലീലാ സാംസണ്‍ രാജിവെച്ചു

ന്യൂഡല്‍ഹി: കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ ലീലാ സാംസണ്‍ രാജിവെച്ചു. ദേരാ സച്ചാ സൗധ മഠാധിപതി ഗുര്‍മീത് റാം റഹീം സിങ് ദൈവമായി അവതരിപ്പിക്കപ്പെടുന്ന വിവാദ ചിത്രം മെസഞ്ചര്‍ ഓഫ് ഗോഡിന് ബോര്‍ഡിനെ മറികടന്ന് പ്രദര്‍ശനാനുമതി നല്‍കിയതിനെത്തുടര്‍ന്നാണ് രാജി.

വര്‍ഗീയ സംഘര്‍ഷത്തിനിടയാക്കിയേക്കാം എന്ന കാരണത്താലാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് അനുമതി നിഷേധിച്ചത്. ബോര്‍ഡിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് അനുമതിക്കായി ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രൈബ്യൂണലിന് വിടുകയായിരുന്നു സര്‍ക്കാര്‍.

എന്നാല്‍ വിവാദ ചിത്രത്തിന്റെ പ്രദര്‍ശനാനുമതിയുമായി തന്റെ രാജിക്ക് ബന്ധമുണ്ടോ എന്ന കാര്യം ലീലാ സാംസണ്‍ വ്യക്തമാക്കിയില്ല. ചിത്രത്തിന് അനുമതി കിട്ടിയ കാര്യം താന്‍ അറിഞ്ഞുവെന്നും ഇത് സെന്‍സര്‍ ബോര്‍ഡിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും അവര്‍ പറഞ്ഞു.

വാര്‍ത്താ വിതരണ മന്ത്രാലയം നാമനിര്‍ദേശം ചെയ്ത സെന്‍സര്‍ ബോര്‍ഡിലെ അംഗങ്ങളുടെ അനാവശ്യ ഇടപെടലും അഴിമതിയും അംഗീകരിക്കാനില്ലെന്ന് അവര്‍ പറഞ്ഞു. ഫണ്ടില്ലെന്ന കാരണത്താല്‍ കഴിഞ്ഞ ഒമ്പത് മാസമായി ബോര്‍ഡ് ചേരുന്നതിന് സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

സെന്‍സര്‍ ബോര്‍ഡിലെ ചെയര്‍പേഴ്‌സന്റേയും അംഗങ്ങളുടേയും കാലാവധി അവസാനിച്ചതായിരുന്നുവെങ്കിലും പുതിയ ആളുകളെ നിയമിക്കാന്‍ സര്‍ക്കാര്‍ താമസിച്ചതിനാല്‍ നിലവിലുള്ളവരോട് തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. പക്ഷേ ബോര്‍ഡിന് മുകളില്‍ ഒരു സി.ഇ.ഒയെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയാണെന്നും അവര്‍ ആരോപിച്ചു.

ചിത്രത്തിനെതിരെ സിഖ് സമൂഹത്തിന്റെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ട്രൈബ്യൂണലിന് വിട്ടത്.

ദൈവത്തിന്റെ ഭൂമിയിലെ പ്രവാചകന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഗുര്‍മീത് റാം റഹീം സിങ് പ്രശസ്തി നേടിയത് വിവാദങ്ങളിലൂടെയാണ്. സിഖ് ആചാര്യന്‍ഗുരു ഗോബിന്ദ് സിങ്ങിന്റെ വേഷം ധരിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത് വഴി സിഖ് സമൂഹത്തിന്റെ എതിര്‍പ്പ് നേടിയിരുന്നു ഗുര്‍മീത്. രണ്ട് കൊലപാതകവും ഒരു പീഡനവും ഉള്‍പ്പെടെ സിബിഐ അന്വേഷിക്കുന്ന മൂന്ന് കേസ്സുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട് അദ്ദേഹം. രണ്ടുതവണ അദ്ദേഹത്തിന് നേര്‍ക്ക് വധശ്രമമുണ്ടായി.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.