Latest News

മകന്റെ എഞ്ചിനിയറിംഗ്‌ ഫീസടയ്‌ക്കാന്‍ അമ്മ വൃക്ക വിറ്റു

പട്‌ന: മകന്റെ എഞ്ചിനിയറിംഗ്‌ ഫീസടയ്‌ക്കാനുളള പണത്തിനായി അമ്മ സ്വന്തം വൃക്ക വിറ്റു! സാഹസം കാട്ടിയെങ്കിലും അവയവക്കച്ചവട റാക്കറ്റിന്റെ ഇരയായ സ്‌ത്രീക്ക്‌ ഇടനിലക്കാര്‍ നാമാമാത്രമായ തുകയാണ്‌ നല്‍കിയത്‌.

പശ്‌ചിമബംഗാളിലെ മുകുന്ദാപുരില്‍ കുടുങ്ങിയ റാക്കറ്റിലെ അംഗങ്ങളെ ചോദ്യം ചെയ്‌തപ്പോഴാണ്‌ ബീഹാറിലെ ദരിദ്രയായ അമ്മയുടെ കദനകഥ വെളിപ്പെട്ടത്‌. ബീഹാറിലെ കത്തിഹാറില്‍ നിന്നുളള കരുണറോയി ചൗധരി എന്ന സ്‌ത്രീയാണ്‌ അവയവ റാക്കറ്റിന്റെ ക്രൂരതയ്‌ക്ക് ഇരയായത്‌. 

എഞ്ചിനിയറിംഗിന്‌ പഠിക്കാനുളള മകന്‍ അനിരുദ്ധയുടെ വാശിയാണ്‌ ഇവരെ കുഴിയില്‍ ചാടിച്ചത്‌. പലതവണ പരിശ്രമിച്ചിട്ടും മാര്‍ക്കിന്റെ അടിസ്‌ഥാനത്തില്‍ പ്രവേശനം ലഭിക്കാതിരുന്നതിനാല്‍ ഒരു സ്വകാര്യ കോളജില്‍ ചേര്‍ന്നു. അതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ആരംഭിച്ചു. മകന്റെ സെമസ്‌റ്റര്‍ ഫീസടക്കാന്‍ ഗതിയില്ലാത്ത അവസ്‌ഥയിലാണ്‌ വൃക്ക വിറ്റ്‌ കാര്യം സാധിക്കാന്‍ കരുണറോയി തീരുമാനിച്ചത്‌. 

വൃക്കയ്‌ക്ക് വിലയായി ആറ്‌ ലക്ഷം രൂപ നല്‍കാമെന്നാണ്‌ സ്വീകര്‍ത്താവ്‌ പറഞ്ഞിരുന്നത്‌. മൂന്ന്‌ ലക്ഷം മുന്‍കൂറായും നല്‍കിയിരുന്നു. എന്നാല്‍, ഇതില്‍ വെറും 20.000 രൂപ മാത്രമാണ്‌ കരുണറോയിയുടെ കുടുംബത്തിന്‌ ലഭിച്ചത്‌. 

പണം വാങ്ങിയത്‌ അനിരുദ്ധാണെന്നാണ്‌ സൂചന. കൊല്‍ക്കത്തയിലെ രബീന്ദ്രനാഥ ടാഗോര്‍ ആശുപത്രിയിലാണ്‌ വൃക്കമാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടന്നതെന്ന്‌ കേസ്‌ അന്വേഷിക്കുന്ന പുര്‍ബ ജാദവ്‌പൂര്‍ പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. 

കേസുമായി ബന്ധപ്പെട്ട്‌ അനിരുദ്ധ ഉള്‍പ്പെടെ ആറ്‌ പേരെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു. വ്യാജരേഖകള്‍ ഹാജരാക്കി വൃക്കദാനമെന്ന പേരില്‍ അവയവ കച്ചവടം നടത്തിയതിന്‌ കരുണാറോയിയെയും ഉടന്‍ അറസ്‌റ്റു ചെയ്യും. 
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.