Latest News

സാംസങിന്റെ മെലിഞ്ഞ ഫോണ്‍-ഗാലക്‌സി എ7പുറത്തിറങ്ങി

കനം കുറഞ്ഞ ഫോണുകളിറക്കാന്‍ കമ്പനികള്‍ പരസ്പരം മത്സരിക്കുമ്പോള്‍ കച്ചവടത്തില്‍ ഒന്നാം സ്ഥാനക്കാരായ സാംസങിന് മാത്രം അടങ്ങിയിരിക്കാന്‍ പറ്റുമോ? ഇപ്പോഴിതാ അവരുമിറക്കി ഒരു മെലിഞ്ഞ സ്മാര്‍ട്‌ഫോണ്‍ മോഡല്‍. ഗാലക്‌സി എ7 ( Samsung Galaxy A7 ) എന്ന് പേരിട്ടിരിക്കുന്ന ഫോണ്‍ ഇന്ത്യയിലും കഴിഞ്ഞ ദിവസം ഒൗദ്യോഗികമായി അവതരിപ്പിക്കപ്പെട്ടു.

ലോകത്തെതന്നെ ഏറ്റവും കനം കുറഞ്ഞ ഫോണിതാണെന്ന അവകാശവാദമൊന്നും സാംസങിനില്ല. കമ്പനി ഇതുവരെ ഇറക്കിയ ഡസണ്‍കണക്കിന് മോഡലുകളില്‍ വച്ച് ഏറ്റവും കനംകുറഞ്ഞത് ഇവനാണെന്ന് മാത്രം. 6.3 മില്ലിമീറ്ററാണ് ഇതിന്റെ കനം.

ആഗോളഹിറ്റായി മാറിയ ഗാലക്‌സി എസ് സീരിസില്‍ നിന്ന് മാറി സാംസങ് പുതുതായി അവതരിപ്പിച്ചുതുടങ്ങിയ ഗാലക്‌സി എ പരമ്പരയില്‍പെട്ട ഫോണാണിത്. നേരത്തെ എ3, എ5 എന്നീ മോഡലുകള്‍ പുറത്തിറങ്ങിയിരുന്നു. ഈ രണ്ട് മോഡലുകളേക്കാള്‍ ഡിസ്‌പ്ലേ മികവിലും ഹാര്‍ഡ്‌വേര്‍ ശേഷിയിലും ഏറെ മുന്നിലാണ് ഗാലക്‌സി എ7. കാഴ്ചയില്‍ ആപ്പിള്‍ ഐഫോണിനോട് സാദൃശ്യമുള്ള ഈ ഫോണ്‍ കറുപ്പ്, വെളുപ്പ്, സ്വര്‍ണനിറങ്ങളിലെത്തുന്നു.

5.5 ഇഞ്ച് എച്ച്.ഡി. (720 പി) സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിലേത്. ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് വെര്‍ഷന്‍ അടിസ്ഥാനമാക്കിയുള്ള ടച്ച്‌വിസ് യൂസര്‍ ഇന്റര്‍ഫേസിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഏറെ വൈകാതെ ഫോണിന് ആന്‍ഡ്രോയ്ഡ് 5.0 ലോലിപ്പോപ്പ് അപ്‌ഡേഷന്‍ ലഭിക്കുമെന്ന് സാംസങ് ഉറപ്പുനല്‍കുന്നു.

16 ജി.ബി. ഇന്റേണല്‍ സ്‌റ്റോറേജ്, രണ്ട് ജി.ബി. റാം, 64 ജി.ബി. വരെയുള്ള എസ്.ഡി. കാര്‍ഡ് സൗകര്യം, 2600 എം.എ.എച്ച്. ബാറ്ററി എന്നിവയാണിതിന്റെ മറ്റ് ഹാര്‍ഡ്‌വേര്‍ വിശേഷങ്ങള്‍.

രണ്ടു മോഡലുകളിലായാണ് ഗാലക്‌സി എ7 പുറത്തിറങ്ങുക. 4ജി കണക്ടിവിറ്റി സൗകര്യമുള്ള മോഡലില്‍ 64 ബിറ്റ് ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 615 പ്രൊസസറാണുള്ളത്. 1.5 ഗിഗാഹെര്‍ട്‌സിന്റെ ക്വാഡ്‌കോര്‍ പ്രൊസസറും ഒരു ഗിഗാഹെര്‍ട്‌സിന്റെ ക്വാഡ്‌കോര്‍ പ്രൊസസറും ചേരുന്നതാണീ ഒക്ടാകോര്‍ പ്രൊസസര്‍. 3ജി കണക്ടിവിറ്റി മാത്രമുള്ള മോഡലില്‍ സാംസങിന്റെ സ്വന്തം എക്‌സിനോസ് ഒക്ടാകോര്‍ പ്രൊസസര്‍ ഉപയോഗിച്ചിരിക്കുന്നു. 1.8 ഗിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രൊസസറും 1.3 ഗിഗാഹെര്‍ട്‌സ് പ്രൊസസറും കൂടിച്ചേരുന്നതാണീ പ്രൊസസര്‍.

അള്‍ട്രാ പവര്‍സേവിങ് മോഡ്, പ്രൈവറ്റ് മോഡ്, മള്‍ട്ടി സ്‌ക്രീന്‍, ക്വിക്ക് കണക്ടിവിറ്റി തുടങ്ങി സാംസങ് സ്വന്തമായി വികസിപ്പിച്ചെടുത്ത നിരവധി സൗകര്യങ്ങള്‍ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

13 മെഗാപിക്‌സലിന്റെ പിന്‍ക്യാമറയും അഞ്ച് മെഗാപിക്‌സലിന്റെ മുന്‍ക്യാമറയുമാണ് എ7ലുള്ളത്. വൈഡ്-ആംഗിള്‍ സെല്‍ഫി, റിയര്‍-കാം സെല്‍ഫി, ബ്യൂട്ടി ഫേസ് തുടങ്ങിയ സോഫ്റ്റ്‌വേര്‍ സൗകര്യങ്ങളുള്ള ക്യാമറകളാണിത്.

ഔദ്യോഗികമായി അവതരിപ്പിച്ചെങ്കിലും ഇന്ത്യയില്‍ ഗാലക്‌സി എ7 ന് എന്ത് വില വരുമെന്ന കാര്യം സാംസങ് വെളിപ്പെടുത്തിയിട്ടില്ല. മറ്റ് കമ്പനികളുടെ ഏറ്റവും പുതിയ മോഡലുകളോട് മത്സരിക്കാന്‍ പറ്റുന്ന വിലയായിരിക്കും ഇതിനെന്ന് മാത്രമേ സാംസങ് പറയുന്നു. മാര്‍ച്ച് മാസത്തോടെ എ7 ഇന്ത്യയില്‍ വില്പനയ്‌ക്കെത്തും. അപ്പോള്‍ മാത്രമേ ഫോണിന്റെ വില അറിയാന്‍ സാധിക്കൂ.

അതേസമയം, ഫിലിപ്പീന്‍സില്‍ വില്‍പ്പനയ്‌ക്കെത്തിയ ഗാലക്‌സി എ7 ന്റെ വില PHP 24,990 (ഏതാണ്ട് 34,700 രൂപ) ആണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Keywords: Tech News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.