Latest News

ഭൂരഹിത കേരളം പദ്ധതി -സര്‍ക്കാര്‍ വഞ്ചന അവസാനിപ്പിക്കണം: സിപിഐ എം

കോളിയടുക്കം: ഭൂ രഹിതരില്ലാത്ത കേരളം പദ്ധയിലെ തട്ടിപ്പ് അവസാനിപ്പിക്കണമെന്ന് സിപിഐ എം കാസര്‍കോട് ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഒരു ലക്ഷം ഭൂരഹിതര്‍ക്ക് മൂന്ന് സെന്റ് വീതം ഭൂമി നല്‍കുമെന്നാണ് സര്‍ക്കാര്‍ ഒരു വര്‍ഷം മുമ്പ് പ്രഖ്യാപിച്ചത്. ഇതില്‍ പകുതിയോളം ഭൂമി കണ്ടെത്തിയത് കാസര്‍കോട് ജില്ലയിലാണ്. നാല്‍പതിനായിത്തിലധികം പ്ലോട്ടുകള്‍ ഇവിടെ ഉണ്ടെന്നാണ് അവകാശപ്പെടുന്നത്.

മറ്റ് ജില്ലയിലുള്ള അപേക്ഷകര്‍ക്കും ഇവിടെ ഭൂമി നല്‍കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ ആ തീരുമാനം നടപ്പിലായില്ല. ജില്ലയിലുള്ള 10086 അപേക്ഷകര്‍ക്ക് പട്ടയം നല്‍കിയതായി പ്രഖ്യാപിച്ച് പദ്ധതി നടപ്പാക്കി എന്ന് പറഞ്ഞെങ്കിലും വര്‍ഷം ഒന്നു കഴിഞ്ഞിട്ടും പകുതിയോളം ആളുകള്‍ക്ക് പോലും ഭൂമി അളന്ന് തിരിച്ച് നല്‍കിയിട്ടില്ല. കിട്ടിയ ഭൂമിയാകട്ടെ ഭൂരിപക്ഷം ആളുകള്‍ക്കും ഉപയോഗ യോഗ്യമല്ല. 

റോഡോ, വെള്ളമോ ഇല്ലാത്ത പാറയില്‍ മൂന്ന് സെന്റ് ഭൂമി നല്‍കി നിര്‍ധന കുടുംബങ്ങളെ സര്‍ക്കാര്‍ വഞ്ചിക്കുകയായിരുന്നു. നിത്യ ജീവിതത്തിനുപോലും വകയില്ലാത്തവര്‍ക്ക് ഉപയോഗ ശൂന്യമായ ഭൂമി മാത്രം നല്‍കിയാല്‍ എങ്ങനെ വീട്‌വെച്ച് താമസിക്കുമെന്ന് പോലും ആലോചിക്കാതെയാണ് ഭൂമി നല്‍കിയത്.
പലര്‍ക്കും കിട്ടിയ ഭൂമി റോഡ്, പുഴ പുറമ്പോക്കുമാണ്. സ്വകാര്യ വ്യക്തിയുടെ ഭൂമിപോലും അളന്ന് തിരിച്ച് നല്‍കിയിട്ടുണ്ട്. അവര്‍ക്കൊന്നും കിട്ടിയ സ്ഥലത്ത് പ്രവേശിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഭൂമി കിട്ടിയവരില്‍ നിരവധി അനര്‍ഹരുണ്ടെന്നും ഭൂമി ഏറ്റുവാങ്ങാന്‍ ആളെത്തിയപ്പോള്‍ മനസിലായി. 

ഭരണകക്ഷിയില്‍പെട്ട ചിലരുടെ സ്വാധീനത്തില്‍ ഭൂ മാഫിയകളെ സഹായിക്കുന്നതിനും ഈ പദ്ധതി ഉപയോഗിക്കുകയാണ്. ചില പഞ്ചായത്തുകളില്‍ കണ്ണായ സ്ഥലം ഇങ്ങനെ പതിച്ച് നല്‍കിയിട്ടുണ്ട്. പലരുടെയും പേരില്‍ അപേക്ഷ നല്‍കി ഭൂമിക്ക് പട്ടയം വാങ്ങിയിട്ടുണ്ട്. ചില റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഈ തട്ടിപ്പ് നടന്നിട്ടുള്ളത്. ഭൂ രഹിതരില്ലാത്ത പദ്ധതിയും യുഡിഎഫ് നേതാക്കള്‍ അഴിമതിക്കുള്ള വേദിയാക്കുകയായിരുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്.
ഒരു കുടുംബത്തിന് മൂന്നു സെന്റ് സ്ഥലം നല്‍കിയതുകൊണ്ട് പ്രയോജനം ഉണ്ടാകില്ലെന്ന് സിപിഐ എമ്മും കര്‍ഷക - കര്‍ഷകത്തൊഴിലാളി സംഘടനകളും അന്നേ പറഞ്ഞതാണ്. ഒരു കുടുംബത്തിന് ജീവിക്കാനാവശ്യമായ സ്ഥലമാണ് നല്‍കേണ്ടത്. 

എല്ലാ ഭൂ രഹിതര്‍ക്കും ഭൂമി നല്‍കണമെന്നാവശ്യപ്പെട്ട് ദിവസങ്ങള്‍ നീണ്ട ഭൂ സമരത്തിനൊടുവിലാണ് എല്ലാവര്‍ക്കും ഭൂമി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതും അഴിമതിക്കും തട്ടിപ്പിനുമുള്ള മാര്‍ഗമാക്കുന്ന സമീപനം തിരുത്തി അര്‍ഹരായ എല്ലാവര്‍ക്കും ഭൂമി നല്‍കാനും അവിടെ വീട്‌വെക്കാനും ഉള്ള സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.