Latest News

മതപരിവര്‍ത്തനത്തിനെതിരെ ജാഗ്രത വേണം: ദേവെഗൗഡ

കോഴിക്കോട് : രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന മതപരിവര്‍ത്തനം വലിയൊരു പ്രശ്‌നമാണെന്നും ഇതിനെതിരെയുള്ള നിശ്ശബ്ദ പ്രതിഷേധം ഏതു സമയത്തും അണപൊട്ടിയൊഴുകാമെന്നും മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ എസ് ദേശീയ പ്രസിഡന്റുമായ എച്ച്.ഡി. ദേവെഗൗഡ മുന്നറിയിപ്പു നല്‍കി. ഐഎന്‍എല്ലിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ട് സ്ഥാപിക്കുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ട് സാംസ്‌കാരിക കേന്ദ്രത്തിനു തറക്കല്ലിടുകയായിരുന്നു ഗൗഡ.

മതപരിവര്‍ത്തനത്തെക്കുറിച്ച് ഓരോ ദിവസവും പുതിയ വാര്‍ത്തകളാണ് വരുന്നത്. സ്വയം സന്നദ്ധരായി സ്വാഭാവികമായ മതപരിവര്‍ത്തനങ്ങളാണ് നടക്കുന്നതെങ്കില്‍ കുഴപ്പമില്ല. എന്നാല്‍ പലയിടത്തും പ്രലോഭനങ്ങളുടെ പേരില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നതായാണറിയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വിഭാഗീയമായ താല്‍പര്യങ്ങളാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം വലിയ പ്രശ്‌നങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഒരുമിച്ച് നില്‍ക്കുകയും ഒറ്റക്കെട്ടായി പ്രതിരോധിക്കുകയും വേണം. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ സംഭവമായ ബാബ്‌രിമസ്ജിദ് തകര്‍ന്നു വീണപ്പോഴും ഗുജറാത്തിലെ ഗോധ്രയില്‍ മനുഷ്യക്കുരുതി നടന്നപ്പോഴും ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ ശബ്ദമാണ് ഉയര്‍ന്നു കേട്ടത്. അദ്ദേഹം ഒരിക്കലും വിഭാഗീയതയുടെ വക്താവായിരുന്നില്ല. മഹാനായ ആ നേതാവിന്റെ പേരില്‍ സാംസ്‌കാരിക കേന്ദ്രം ആരംഭിക്കുകയെന്നത് ഉചിതമായ തീരുമാനമാണ്.

ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എസ്.എ. പുതിയവളപ്പില്‍ ആധ്യക്ഷ്യം വഹിച്ച ചടങ്ങില്‍ ദേശീയ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാന്‍ മുഖ്യപ്രഭാഷണം നടത്തി. ജനതാദള്‍ ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി, ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ്, എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, ഐഎന്‍എല്‍ ദേശീയ ജനറല്‍ സെക്രട്ടറി എം.ജി.കെ. നിസാമുദ്ദീന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി. അബ്ദുല്‍ വഹാബ്, സംസ്ഥാന സെക്രട്ടറിമാരായ കെ.പി. ഇസ്മായില്‍, എം.എം. മാഹീന്‍, മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹിമാന്‍ എന്നിവര്‍ പ്രസംഗിച്ചു.

നേരത്തേ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പുതിയ വര്‍ത്തമാനം എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് പ്രതിനിധാനം ചെയ്യുന്നത് ന്യൂനപക്ഷങ്ങളെയല്ലെന്നും അവരിലെ സമ്പന്നരെയാണെന്നും എം.എ. ബേബി പറഞ്ഞു. മതഭ്രാന്തില്‍ നിന്ന് സമൂഹത്തെയും നാടിനെയും മതത്തെ തന്നെയും രക്ഷിക്കണം. മതനിരപേക്ഷതയിലൂടെ മാത്രമേ പുരോഗതി സാധ്യമാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

കാസിം ഇരിക്കൂര്‍ മോഡറേറ്ററായിരുന്ന സെമിനാറില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍, പി. അഹമ്മദ് ശരീഫ്, എന്‍.കെ. അബ്ദുല്‍ അസീസ്, അജിത് കുമാര്‍ ആസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.