Latest News

സ്‌കൂളിലെ പീഡനാരോപണ വിവാദം: കണ്ണൂര്‍ ഡി.ഡി.ഇക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: കടമ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകര്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ദിനേശന്‍ മഠത്തിലിനെ സര്‍ക്കാര്‍ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സ്‌കൂളിനെയും മാനേജ്‌മെന്റ് അധികൃതരെയും മോശമാക്കുന്ന വിധത്തില്‍ പ്രസ്താവന പുറപ്പെടുവിച്ചതിനാണു നടപടി.

കോണ്‍ഗ്രസ് നേതാവിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളിലെ അധ്യാപകര്‍ പീഡിപ്പിച്ചെന്നു കാണിച്ച് 10ാം ക്ലാസ് വിദ്യാര്‍ഥികളെന്നു സംശയിക്കുന്നവര്‍ നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്ന് ഡി.ഡി.ഇ. ദിനേശന്‍ മഠത്തില്‍ കണ്ണൂര്‍ ജില്ലാ പോലിസ് ചീഫ് ഉണ്ണിരാജന് റിപോര്‍ട്ട് നല്‍കിയിരുന്നു. മാനേജര്‍ മരണപ്പെട്ടിട്ടും പകരക്കാരെ തിരഞ്ഞെടുക്കാത്തതിനാല്‍ ഡി.ഇ.ഒയെ സ്‌കൂളിന്റെ ചുമതല ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും ഇദ്ദേഹം കത്തുനല്‍കിയിരുന്നു.

എന്നാല്‍ പരാതി വ്യാജമാണെന്നും ഡി.ഡി.ഇ. സ്‌കൂളിനെയും അധ്യാപകരെയും മോശമാക്കാന്‍ മനപ്പൂര്‍വം ശ്രമിക്കുകയായിരുന്നെന്നും ആരോപിച്ച് മാനേജ്‌മെന്റും പി.ടി.എയും രംഗത്തെത്തി. മേലുദ്യോഗസ്ഥനെതിരേ പരാമര്‍ശം നടത്തിയതിന് ഡി.ഡി.ഇ. ചില അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 2014 ജൂണ്‍ 18നാണു ഏഴ് അധ്യാപകരുടെ പേരുസഹിതം സ്‌കൂളിലെ വിദ്യാര്‍ഥിനികളെന്നു പരിചയപ്പെടുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ജില്ലാ കലക്ടര്‍, ഡി.ഡി.ഇ., ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി എന്നിവര്‍ക്കു പരാതി ലഭിച്ചത്. ഡി.ഡി.ഇ. നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടെത്തി. എന്നാല്‍ പോലിസ് നടത്തിയ അന്വേഷണത്തില്‍ പരാതി വ്യാജമാണെന്നാണ് കണ്ടെത്തല്‍.

സസ്‌പെന്റ് നടപടിക്കെതിരേ ബുധനാഴ്ച അപ്പീല്‍ നല്‍കാനാണു ദിനേശന്‍ മഠത്തിലിന്റെ തീരുമാനം.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.