Latest News

മുഖ്യമന്ത്രി അഴിമതിവകുപ്പിന്റെ ചെയര്‍മാനായി മാറി: ശോഭാസുരേന്ദ്രന്‍

കാലിച്ചാനടുക്കം: കേരളത്തില്‍ നടക്കുന്ന അഴിമതികളെ സംരക്ഷിച്ചുനിര്‍ത്തുന്ന അഴിമതിവകുപ്പിന്റെ ചെയര്‍മാനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാറിയിരിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം ശോഭാസുരേന്ദ്രന്‍. 

ബിജെപി കോടോം - ബേളൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാലിച്ചാനടുക്കത്ത് നടന്ന സ്വര്‍ഗീയ കെ.പി. ഭാസ്‌കരന്‍ ബലിദാനദിനത്തോടനുബന്ധിച്ച് നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

അഴിമതിക്കാരെയും സ്വന്തം കസേരയെയും സംരക്ഷിക്കുക മാത്രമാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പണി. ബാര്‍കോഴ കേസ് സിബിഐക്ക് വിടാത്തത് നരേന്ദ്രമോഡി സര്‍ക്കാറിന്റെ കീഴില്‍ സിബിഐ അന്വേഷണം നടത്തിയാല്‍ താന്‍ അകത്താകുമെന്നുള്ളതുകൊണ്ടാണെന്നും ശോഭാസുരേന്ദ്രന്‍ വ്യക്തമാക്കി.


സരിത കേസില്‍ ഉമ്മന്‍ ചാണ്ടിയെ രക്ഷിച്ചത് പിണറായിയാണ്. ഇവിടെ അഴിമതി കേസുകളില്‍ അന്വേഷണം നടക്കുന്നില്ല. മുസ്ലിംലീഗ് വരക്കുന്ന വരയിലാണ് രമേശ് ചെന്നിത്തലയുടെ ആഭ്യന്തരവകുപ്പ് നില്‍ക്കുന്നത്. നരേന്ദ്രമോഡി ഭരിക്കുന്ന ഭാരതത്തില്‍ മുസ്ലിം സമുദായത്തിന് ഭയക്കേണ്ട കാര്യമില്ല. ഭാരതത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ബിജെപി സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു.

ജന്‍ധന്‍ യോജനയില്‍ സാധാരണക്കാരായ ലക്ഷക്കണക്കിന് ആള്‍ക്കാരാണ് ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുള്ളത്. ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്കായി സുകന്യശ്രീ അക്കൗണ്ട് ആരംഭിച്ചിരിക്കുകയാണ്. സിപിഎമ്മിന്റെ അഴിമതി പ്രവര്‍ത്തനങ്ങളെ തുറന്നടിച്ചിരുന്ന അച്യുതാനന്ദനെ പിണറായിയും കൂട്ടരും മണിച്ചിത്രത്താഴിട്ട് പൂട്ടിയിരിക്കുകയാണ്.

1984ല്‍ നിന്നും ബിജെപിയുടെ വളര്‍ച്ച അഭൂതപൂര്‍വമാണ്. കേരളത്തില്‍ ബിജെപിക്ക് കളിക്കാനുള്ള ഗ്രൗണ്ട് ഒരുങ്ങിക്കഴിഞ്ഞെന്നും കാസര്‍കോട് ജില്ലയില്‍ പ്രവര്‍ത്തനത്തിന്റെ അശ്വമേധം നടത്താന്‍ ഭാസ്‌കരേട്ടന്റെ ഓര്‍മകള്‍ക്ക് സാധിക്കണമെന്നും ശോഭാസുരേന്ദ്രന്‍ പറഞ്ഞു. മാണിയിലേക്ക് ശ്രദ്ധതിരിച്ച് ഉമ്മന്‍ചാണ്ടി അഴിമതി നടത്തുകയാണെന്ന് കെ.പി. ഭാസ്‌കരന്‍ അനുസ്മരണ പ്രഭാഷണം നടത്തിക്കൊണ്ട് ദേശീയസമിതി അംഗം മടിക്കൈ കമ്മാരന്‍ പറഞ്ഞു. കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് തൂത്തെറിയാന്‍ ഇന്ന് ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.


ബിജെപി കോടോം - ബേളൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ബാബുരാജ് പൊടവടുക്കം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് സംസാരിച്ചു. കൊവ്വല്‍ ദാമോദരന്‍, എസ്.കെ. കുട്ടന്‍, ഇ. കൃഷ്ണന്‍, ബളാല്‍ കുഞ്ഞിക്കണ്ണന്‍, ശങ്കരന്‍ വാഴക്കോട്, അഡ്വ. കെ. രാജഗോപാല്‍, പി. ഭരതന്‍, രോഹിണി കാനത്തില്‍ എന്നിവര്‍ സംബന്ധിച്ചു.

സമ്മേളന നഗരിയിലേക്ക് കയക്കുന്നില്‍ നിന്നും നടന്ന പ്രകടനത്തിലും പൊതുയോഗത്തിലും നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. സി. കുഞ്ഞമ്പു, ശ്രീനാഥ് അട്ടക്കണ്ടം, എം. നാരായണന്‍, വിജയന്‍ എരളാല്‍, ഉണ്ണികൃഷ്ണന്‍ വെള്ളമുണ്ട എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. രാമചന്ദ്രന്‍ സ്വാഗതവും ദിവാകരന്‍ നന്ദിയും പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.