Latest News

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വധം: നാലു പേര്‍ അറസ്റ്റില്‍

നാദാപുരം: തൂണേരി കണ്ണങ്കൈയില്‍ വ്യാഴാഴ്ച രാത്രി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാലൂര്‍കണ്ടി ഷിബിന്‍ (19) കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വ്യാപക അക്രമവും തീ വയ്പ്പും. ഒട്ടേറെ വീടുകള്‍ അഗ്നിക്കിരയാക്കി. വിളകള്‍ വെട്ടി നശിപ്പിച്ചു. വാഹനങ്ങള്‍ക്കു തീവച്ചു. നാദാപുരം, എടച്ചേരി, വളയം, കുറ്റിയാടി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പത്തു ദിവസത്തേക്കു നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഷിബിന്‍ വധക്കേസില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടഞ്ചേരിയിലെ കളമുള്ളതില്‍ ശുഹൈബ് (18), വെള്ളൂര്‍ മണിയന്റവിട അനീസ് (18), തൂണേരി വാരാണ്ടിതാഴക്കുനി സിദ്ദീഖ് (30), വെള്ളൂര്‍ കാട്ടുമാടത്തില്‍ അസീബ് (18) എന്നിവരാണ് അറസ്റ്റിലായത്. മറ്റു ചിലര്‍ കസ്റ്റഡിയിലുമുണ്ട്. ഇവര്‍ എത്തിയ കാറും ആയുധങ്ങളും കസ്റ്റഡിയിലെടുത്തു.

പ്രധാന പ്രതി തെയ്യമ്പാടി ഇസ്മായിലിനായി വ്യാപക തിരച്ചില്‍ ആരംഭിച്ചു. ഗൂണ്ടാ നിയമപ്രകാരം ഇസ്മായില്‍ മുന്‍പ് ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. പിന്നീട് ജോലിക്കായി വിദേശത്തു പോയ ഇയാള്‍, പിതാവിന്റെ മരണത്തെ തുടര്‍ന്ന് തിരിച്ചെത്തിയിരുന്നു. പ്രതികളെല്ലാവരും മുസ്‌ലിം ലീഗുകാരാണെന്ന് പൊലീസ് അറിയിച്ചു.

ഷിബിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഗള്‍ഫില്‍ ജോലിയുള്ള പിതാവ് ഭാസ്‌കരന്‍ വെളളിയാഴ്ച നാട്ടിലെത്തി. അമ്മ: അനിത. സഹോദരങ്ങള്‍: ഷിജിന്‍, ഷിതിന്‍.

ഷിബിന്റെ മരണത്തിനിടയായ സംഘര്‍ഷത്തില്‍ വെട്ടേറ്റ നിലയില്‍ രണ്ടു കോണ്‍ഗ്രസുകാര്‍ അടക്കം ആറു പേര്‍ ആശുപത്രിയിലുണ്ട്. ഡിവൈഎഫ്‌ഐക്കാരായ വെള്ളൂരിലെ മീത്തലെ പിള്ളാണ്ടി അനീഷ് (35), പുത്തലത്ത് അഖില്‍ (24), ഈശ്വരന്‍വലിയത്ത് ലിനീഷ് (24), കരിയിലാട്ട് രഗില്‍ (22) എന്നിവരും കോണ്‍ഗ്രസുകാരനായ വട്ടക്കണ്ടിതാഴക്കുനി വിജീഷു (27) മാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. 

കോണ്‍ഗ്രസുകാരന്‍ കരുവങ്ങാട്ട് രാജേഷിനെ (28) തലശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി രണ്ടു വാഹനങ്ങള്‍ തമ്മില്‍ ഉരസിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.