Latest News

ആസിഡ് ആക്രമണം; സോളമന് പന്ത്രണ്ട് വര്‍ഷം കഠിന തടവ്‌

കാസര്‍കോട് : ബസ് യാത്രക്കിടയില്‍ ഒന്നര വയസ്സുള്ള പിഞ്ചു കുഞ്ഞ് ഉള്‍പ്പെടെ നാല് പേരെ ആസിഡ് ഒഴിച്ച് ഗുരുതരമായി പൊള്ളലേല്‍പ്പിച്ച കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ചിറ്റാരിക്കാല്‍ പൂക്കോട് സ്വദേശി സോളമന്‍ തങ്കച്ചനെ (78) ജില്ലാ സെഷന്‍സ് ജഡ്ജി എം കെ ശക്തിധരന്‍ 12വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. 

ഇരകള്‍ക്ക് നഷ്ട പരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. കേസില്‍ വ്യാഴാഴ്ച സോളമന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
തനിക്ക് 78 വയസ്സായെന്നും ഇനിയുള്ള കാലം കുടുംബത്തോടൊപ്പം കഴിയണമെന്നും തന്നോട് ദയ കാണിക്കണമെന്നും പ്രതി കോടതിയെ ബോധിപ്പിച്ചു. പ്രതി കോടതിയില്‍ നിന്ന് യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് ഇതിനെ എതിര്‍ത്തു കൊണ്ട് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. സി ഷുക്കൂര്‍ വാദിച്ചു.
പ്രോസിക്യൂഷന്‍ വിസ്തരിച്ച ആസിഡ് വില്‍പ്പനക്കാരന്‍ ബോധിപ്പിച്ചത് സോളമന്‍ പത്ത് വര്‍ഷമായി ആസിഡ് വാങ്ങുന്നയാളാണ് എന്നാണ്. ആസിഡിനെക്കുറിച്ച് പ്രതിക്ക് വ്യക്തമായ ബോധമുണ്ട്. മാത്രമല്ല സംഭവത്തിലെ ഇരകള്‍ നല്‍കിയ മൊഴിയില്‍ പറയുന്നത് നിന്നെ കത്തിച്ചു കളയും എന്ന് പറഞ്ഞാണ് ആസിഡ് ഒഴിച്ചത് എന്നാണ്.
പ്രതിയുടെ ആസിഡ് ആക്രമണത്തില്‍ ബസ് യാത്രക്കാരായ കമ്പല്ലൂരിനടുത്ത പെരളത്തെ സ്മിത ഭവനില്‍ ജിബിന്‍, ഒന്നര വയസ്സുള്ള മകള്‍ നിരഞ്ജന, പ്രാപ്പൊയിലിലെ ഓമനക്കുട്ടന്‍, കടുമേനിയിലെ ബിജോ എന്ന ഉണ്ണിക്കുട്ടന്‍ എന്നിവര്‍ക്ക് സാരമായി പൊള്ളലേറ്റിരുന്നു.
മെഡിക്കല്‍ രേഖകള്‍ സൂചിപ്പിക്കുന്നത് 4 പേരുടെയും പരിക്ക് ഗുരുതരമാണെന്നാണ്. കൂടാതെ പ്രതിയുടെ പൂര്‍വ്വകാലം ബോധിപ്പിക്കുന്നത് നേരത്തെ ക്രിമിനല്‍ പശ്ചാത്തലം ഉളളയാളാണെന്നാണ്. 2011,2013 വര്‍ഷക്കാലം ചിറ്റാരിക്കല്‍ പോലീസ് തന്നെ ഓരോ കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷയായ ജീവപര്യന്തം തടവ് നല്‍കണമെന്നും ഇരകള്‍ക്ക് നഷ്ടപരിഹാരവും നല്‍കണമെന്നും പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വാദിച്ചു. ഇരു വിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് സോളമന് കോടതി 12 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചത്. 

ആസിഡ് ആക്രമണത്തിനു വിധേയരായ ബിജോക്ക് 25000 രൂപയും ജിബിന്‍, നിരഞ്ജന, ഓമനക്കുട്ടന്‍ എന്നിവര്‍ക്ക് 5000 രൂപ വീതവും പ്രതി നഷ്ടപരിഹാരം നല്‍കണമെന്നും ഇതിന് തയ്യാറല്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. 

പ്രതിയുടെ പ്രായവും രോഗവും പരിഗണിച്ചാണ് പരമാവധി ശിക്ഷയായ ജീവപര്യന്തം വിധിക്കാത്തതെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. വിധി കേള്‍ക്കുവാന്‍ അക്രമണത്തിന് ഇരയായ ബിജോ എന്ന ഉണ്ണിക്കുട്ടനും വെള്ളരിക്കുണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ സുരേഷ് കുമാറും കോടതിയില്‍ എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മൂന്നിനാണ് കേസിനാസ്പദമായ സംഭവംനടന്നത്.
കാഞ്ഞങ്ങാട്- ചെറുപുഴ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസില്‍ മദ്യ ലഹരിയില്‍ ആസിഡുമായി കയറിയ സോളമന്‍ യാത്രക്കാരെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതിനാണ് സോളമന്‍ യാത്രക്കാര്‍ക്ക് നേരെ ആസിഡ് ഒഴിച്ചത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.