Latest News

അഡ്വ. കെ.കെ.വേണുഗോപാലിന് പത്മവിഭൂഷന്‍; ആഹ്ലാദത്തിരയില്‍ കാഞ്ഞങ്ങാട്‌

കാഞ്ഞങ്ങാട്: സുപ്രീംകോടതി സീനിയര്‍ അഭിഭാഷകന്‍ കെ.കെ.വേണുഗോപാലിനെത്തേടി പത്മവിഭൂഷനെത്തിയതിന്റെ ആഹ്ലാദത്തിലാണ് കാഞ്ഞങ്ങാട്ടുകാര്‍. ഈ നാട്ടുകാരനാണ് അഡ്വ. കെ.കെ.വേണുഗോപാല്‍. സ്വാതന്ത്ര്യസമരസേനാനി കെ.മാധവന്റെ മൂത്ത ജ്യേഷ്ഠന്‍ ബാരിസ്റ്റര്‍ എം.കെ.നമ്പ്യാരുടെ മകന്‍. പത്തുനാള്‍മുമ്പ് നെല്ലിക്കാട്ടെ വസതിയിലെത്തി ഇളയച്ഛന്റെ അനുഗ്രഹം വാങ്ങിയിരുന്നു.

കയ്യൂര്‍ കേസില്‍ ബ്രീട്ടീഷ് പോലീസിനുവേണ്ടി കോടതിയില്‍ ഹാജരായത് ബാരിസ്റ്റര്‍ എം.കെ.നമ്പ്യാരാണ്. അന്ന് പോരാട്ടവീഥിയിലായിരുന്നു അനുജന്‍ കെ.മാധവന്‍. പിന്നീട് മദിരാശിയിലേക്കും ഡല്‍ഹിയിലേക്കും പോയെങ്കിലും എം.കെ.നമ്പ്യാര്‍ കാഞ്ഞങ്ങാടുമായുള്ള പൊക്കിള്‍ക്കൊടിബന്ധത്തിന് വിള്ളലേല്പിച്ചില്ല.

അതുകൊണ്ടുതന്നെ മകന്‍ വേണുഗോപാലിന് വധുവിനെ തേടിയതും ഈ നാട്ടില്‍ത്തന്നെയാണ്. മാലോ പട്ടേരെന്ന് അറിയപ്പെട്ടിരുന്ന ചെരിപ്പാടി കുഞ്ഞിക്കണ്ണന്‍ നായരുടെ മകള്‍ ശാന്തയെയാണ് വേണുഗോപാല്‍ കല്യാണം കഴിച്ചത്. മൂന്നുമക്കളുണ്ട്. മൂന്നുവര്‍ഷംമുമ്പ് സംസ്ഥാന സര്‍ക്കാര്‍ കെ.മാധവനെ ആദരിച്ചപ്പോള്‍ മുഖ്യാതിഥിയായി പങ്കെടുത്തത് കെ.കെ.വേണുഗോപാലാണ്.

കെ.മാധവന്റെ ആത്മകഥയുടെ ഇംഗ്ലീഷ് പരിഭാഷ പ്രകാശനം ചെയ്തതും അദ്ദേഹമാണ്. പ്രസംഗിച്ചപ്പോള്‍, ഇളയച്ഛന്റെ ജീവിതം സിനിമയായി കാണാന്‍ ആഗ്രഹമുണ്ടെന്നു പറയുകയും ചെയ്തു. കെ.മാധവന്റെ നൂറാംജന്മദിനത്തില്‍ സംവിധായകന്‍ രഞ്ജിത്ത് കെ.മാധവന്റെ ജീവിതം സിനിമയാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതറിഞ്ഞതും കെ.കെ.വേണുഗോപാലിന്റെ പാരിതോഷികം രഞ്ജിത്തിനെ തേടിയെത്തി. ലക്ഷംരൂപയും സ്വര്‍ണപ്പതക്കവുമായിരുന്നു പാരിതോഷികം.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.