Latest News

നീതിപൂര്‍വമായ വികസനം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നേട്ടം: മന്ത്രി അനൂപ് ജേക്കബ്ബ്

കാസര്‍കോട്: ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും പട്ടാള അട്ടിമറിയിലേക്ക് വഴുതിവീണപ്പോഴും സമൂഹത്തിന്റെ എല്ലാവിഭാഗങ്ങളിലും വികസനത്തിന്റെ സ്പര്‍ശം എത്തിക്കാന്‍ കഴിഞ്ഞതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നേട്ടമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. 

വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക്ക് ദിനപരേഡില്‍ അഭിവാദ്യം സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക നീതി ഉറപ്പുവരുത്തുന്ന നിയമനിര്‍മാണങ്ങളിലൂടെ മറ്റുരാജ്യങ്ങള്‍ക്കു മുമ്പേ നടക്കുവാന്‍ ഇന്ത്യയ്ക്കു കഴിഞ്ഞു. ഇന്ത്യ സൈനീകശക്തിയായും ആണവ ശക്തിയായും ബഹിരാകാരംഗത്തും വികസനത്തിന്റെ പുതിയ അധ്യായം രചിച്ച് മുന്നേറുകയാണ്. ഭക്ഷ്യസുരക്ഷാനിയമം മറ്റൊരു രാജ്യത്തുമില്ല. 

ഭക്ഷണം ഔദാര്യമല്ല, അവകാശമായി മാറിയിരിക്കുന്നു. ഭക്ഷ്യധാന്യങ്ങള്‍ക്കുനിയമത്തിന്റെ പരിരക്ഷ ലഭിച്ചു. സാമൂഹിക പുരോഗതിയില്‍ സ്ത്രീശാക്തീകരണത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് സ്ത്രീകളെ റേഷന്‍ കാര്‍ഡുകളുടെ ഉടമകളാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. 

സ്ത്രീ ശാക്തീകരണത്തില്‍ കേരളം മുന്നേറുകയാണ്. സംവരണമില്ലാതെ തന്നെ അര്‍ഹമായ സ്ഥാനങ്ങള്‍ ലഭിക്കാന്‍ സ്ത്രീകളെ പര്യാപ്തമാക്കുകയാണ് ലക്ഷ്യം. സാധാരണ പൗരന് ഉപകാരപ്പെടുന്ന ഒരു രൂപ ഭക്ഷ്യപദ്ധതി, കാരുണ്യ ബെനവലന്റ് ഫണ്ട് എന്നിവയിലൂടെ എല്ലാജനവിഭാഗങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നീതി ലഭ്യമാക്കി.
സേവനാവകാശ നിയമം, വിവരാവകാശ നിയമം എന്നിവയെല്ലാം ഇന്ത്യയുടെ നേട്ടമാണ്. സേവനം ഔദാര്യമല്ല, പൗരന്റെ അവകാശമാണ്. ആധുനിക കാലഘട്ടത്തിന് ഉതകുന്ന നിയമങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്. ചെറുപ്പക്കാരുടെ കഴിവുകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനുവേണ്ടി ഉന്നതവിദ്യാഭ്യാസത്തിന് ഇവിടെതന്നെ സൗകര്യമൊരുക്കി. 

എമര്‍ജിങ്ങ് കേരള, ആഗോള നിക്ഷേപകസംഗമം എന്നിവ കേരളത്തെ നിക്ഷേപക സൗഹൃദസംസ്ഥാനമാക്കാന്‍ സഹായിച്ചു. വിവാദമുണ്ടാക്കി നാടിന്റെ പുരോഗതിക്ക് തടസമാക്കുന്ന ചിന്താഗതി മാറണം. കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞംതുറമുഖം, സ്മാര്‍ട്‌സിറ്റി എന്നിവ വികസനത്തിന്റെ മാര്‍ഗദീപങ്ങളാണ്. നാടിന്റെ സ്വാതന്ത്യത്തിന് വേണ്ടി പോരാടിയ ധീരരായ സ്വാതന്ത്ര്യസമരസേനാനികളുട സ്മരണകള്‍ പ്രചോദനമേകണമെന്നും മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. 

എം എല്‍ എമാരായ എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുറസാഖ്, കെ.കുഞ്ഞിരാമന്‍(ഉദുമ) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാ ദേവി ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍. ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്, സബ്കലക്ടര്‍ കെ ജീവന്‍ ബാബു, എഡിഎം എച്ച് ദിനേശന്‍, ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. മുതാസ് ഷുക്കൂര്‍, ബി എം പ്രദീപ്, സ്വാതന്ത്ര്യ സമരസേനാനി കെ എം കെ നമ്പ്യാര്‍, റെഡ്‌ക്രോസ് ജില്ലാചെയര്‍മാന്‍ ഇ ചന്ദ്രശേഖരന്‍ നായര്‍, ഡപ്യൂട്ടികലക്ടര്‍മാരായ എന്‍ ദേവിദാസ്, എന്‍ പി ബാലകൃഷ്ണന്‍, ഉന്നതപോലിസ് ഉദ്യോഗസ്ഥര്‍ മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, പൊതുജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ റിപ്പബ്ലിക് ദിനാഘോപരിപാടിയില്‍ സംബന്ധിച്ചു.


പരേഡില്‍ 30 പേര്‍ വീതമടങ്ങുന്ന 23 പ്ലാറ്റൂണുകള്‍ അണി നിരന്നു. സായുധസേന, വനിതാപോലീസ്, ലോക്കല്‍ പോലീസ്, എക്‌സൈസ്, ജില്ലയിലെ വിവിധ സ്‌കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റ്, എന്‍.സി.സി സീനിയര്‍ ഡിവിഷന്‍, എന്‍.സി.സി ജൂനിയര്‍ ഡിവിഷന്‍, ജൂനിയര്‍ റെഡ്‌ക്രോസ്, എന്‍സിസി നാവല്‍ വിങ്ങ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വിഭാഗങ്ങള്‍ പരേഡില്‍ അണിനിരന്നു. പെരിയ ജവഹര്‍ നവോദയ വിദ്യാലയ, ഉളിയത്തടുക്ക ജയ്മാതാ സ്‌കൂള്‍ , പോലീസ് സേനാവിഭാഗം എന്നിവയുടെ ബാന്റ് വാദ്യങ്ങള്‍ പരേഡില്‍ താളവാദ്യം ഒരുക്കി.

പരേഡില്‍ മികച്ച പ്രകടനം നടത്തിയ സായുധസേന, സീനിയര്‍ എന്‍ സി സി വിഭാഗം നെഹ്‌റുകോളേജ് കാഞ്ഞങ്ങാട്, ജൂനിയര്‍ എന്‍സിസി വിഭാഗത്തില്‍ ജിഎച്ച്എസ് എസ് ചെമ്മനാട്, സ്റ്റുഡന്റ് പോലിസ് കാഡറ്റ് വിഭാഗത്തില്‍ ജിഎച്ച് എസ് എസ് ഉദിനൂര്‍, സ്‌ക#ൗട്ട്‌സില്‍ പെരിയ ജവഹര്‍ നവോദയ, ഗൈഡ്‌സ് വിഭാഗത്തില്‍ മോഡല്‍ റസിഡന്‍സ് സ്‌കൂള്‍ പരവനടുക്കം എന്നിവര്‍ക്ക് മന്ത്രി ട്രോഫികള്‍ സമ്മാനിച്ചു.വിവിധ വിഭാഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവര്‍ക്കും മന്ത്രി ഉപഹാരം നല്‍കി.
കുഡലു ചൈതന്യാ സ്‌കൂള്‍, പൊയിനാച്ചി പതഞ്ജലി യോഗാകേന്ദ്രം വിദ്യാര്‍ത്ഥികളുടെ യോഗപ്രദര്‍ശനം, നവോദയ വിദ്യാലയ അവതരിപ്പിച്ച ചെണ്ടമേളം, സംഘഗാനം ജിംനാസ്റ്റിക്‌സ് ഡിസ്‌പ്ലേ പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മംഗലംകളി, ദേശഭക്തി ഗാനം തുടങ്ങിയവ റിപ്പബ്ലിക് പരേഡിനോട് അനുബന്ധിച്ച് അവതരിപ്പിച്ചു.

മന്ത്രി അനൂപ് ജേക്കബ് കലാപരിപാടികള്‍ വീക്ഷിച്ചു. വിവിധവകുപ്പുകളുടെ ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ പ്രതിനിധികള്‍ പങ്കെടുത്തു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.