Latest News

പെരിഞ്ഞനം നവാസ് കൊല: സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറിയടക്കം 10 പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

തൃശൂര്‍: രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച പെരിഞ്ഞനം നവാസ് കൊലക്കേസില്‍ പ്രതികളായ സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയടക്കം പത്ത് പേര്‍ക്കും ജീവപര്യന്തം തടവിന് ശിക്ഷിച്ചു.  ഒരാളെ വെറുതെ വിട്ടു. ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് പി.രാഗിണിയാണ് കേസില്‍ വിധി പറഞ്ഞത്. 

പെരിഞ്ഞനം മൂന്നുപീടികയിലെ തളിയപ്പാടത്ത് നവാസ് 2014 മാര്‍ച്ച് രണ്ടിന് രാത്രി പെരിഞ്ഞനം പാണ്ടിപ്പറമ്പ് റോഡിനടുത്തുള്ള വീട്ടുപറമ്പില്‍ വെച്ച് കൊല്ലപ്പെട്ടതാണ് കേസ്. പെരിഞ്ഞനം സി.പി.എം ലോക്കല്‍ സെക്രട്ടറി ചക്കരപ്പാടം നെല്ലിപ്പറമ്പത്ത് വീട്ടില്‍ രാമദാസ് ഏഴാംപ്രതിയും പെരിഞ്ഞനം ബ്രാഞ്ച് സെക്രട്ടറി കിഴക്കേടത്ത് സനീഷ് ആറാംപ്രതിയുമാണ്. 

വാടകഗുണ്ടകളായ ചെറുവാള്‍ക്കാരന്‍ വീട്ടില്‍ റിന്‍റോ, അറയ്ക്കല്‍ വീട്ടില്‍ സലേഷ്, ചിറ്റിയത്ത് വീട്ടില്‍ ബിഥുന്‍, പൂക്കോള് വീട്ടില്‍ ജിക്സണ്‍ എന്ന ഈപ്പച്ചന്‍, നടക്കന്‍ വീട്ടില്‍ ഉദയകുമാര്‍ എന്നിവരാണ് ഒന്നുമുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍. 

ഡി.വൈ.എഫ്.ഐ നേതാവ് പുതിയവീട്ടില്‍ റഫീക് എട്ടും ചുള്ളിപറമ്പില്‍ വീട്ടില്‍ സുബൈര്‍ പത്തും, ഹബീബ് പതിനൊന്നും പ്രതികളാണ്. കേസില്‍ ഒമ്പതാം പ്രതി ആയിരുന്ന സുമേഷിനെയാണ് വെറുതെ വിട്ടത്. ഒന്നുമുതല്‍ അഞ്ചുവരെയുള്ള പ്രതികളെ കൊലപാതകക്കുറ്റത്തിനും 6,7,8,10 പ്രതികളെ ഗൂഢാലോചനക്കുമാണ് കുറ്റക്കാരെന്ന് കണ്ടത്തെിയത്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്ന കുറ്റമാണ് പതിനൊന്നാം പ്രതിക്കുള്ളത്.
പെരിഞ്ഞനത്തെ ഡി.വൈ.എഫ്.ഐ നേതാവായിരുന്ന ബിജുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ബി.ജെ.പി പെരിഞ്ഞനം മേഖലാ പ്രസിഡന്‍റുമായ കല്ലാടന്‍ ഗിരീഷിനെ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ട അക്രമികള്‍ ആളുമാറി നവാസിനെ കൊലപ്പെടുത്തുകയായിരുന്നു. 

2014 മാര്‍ച്ച് 14ന് അറസ്റ്റ് ചെയ്ത പ്രതികള്‍ റിമാന്‍റിലായിരുന്നു. ഇവരുടെ ജാമ്യാപേക്ഷ പരിഗണിച്ച ഹൈകോടതി ജനുവരി 31ന് മുമ്പായി കേസ് തീര്‍പ്പ് കല്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. പി.എ.വര്‍ഗീസിനായിരുന്നു നവാസ് വധക്കേസിന്‍െറ അന്വേഷണ ചുമതല. കൊടുങ്ങല്ലൂര്‍ സി.ഐ. കെ.ജെ.പീറ്ററിന്‍്റെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂര്‍ എസ്.ഐ. പദ്മരാജന്‍, മതിലകം എസ്.ഐ. എം.കെ.രമേശ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് ഈ കേസ് അന്വേഷിച്ചത്. 

കൃത്യത്തിനു ഉപയോഗിച്ച ഒരു വാള്‍, 3 ദണ്ഡ് എന്നിവ സി.പി.എം.ലോക്കല്‍ കമ്മിറ്റി ഓഫീസിനു പുറക് വശത്തുള്ള ഉപയോഗ ശൂന്യമായ കുളത്തില്‍ നിന്ന് അഴീക്കൊട് കൊസ്റ്റല്‍ പൊലീസ് സ്റ്റഷേനിലെ മുങ്ങല്‍ വിദഗ്ധരെ ഉപയോഗിച്ച് പൊലീസ് കണ്ടെടുത്തിരുന്നു. മൂന്ന് മാസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കിയ കേസില്‍ 467 പേജുള്ളതായിരുന്നു കുറ്റപത്രം. 

11 പേരെ പ്രതികളായും 95സാക്ഷികളുമുണ്ടായി. 55 തൊണ്ടി മുതലുകളും,30 രേഖകളും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. നവാസിനെ കൊലപ്പെടുത്തിയ ആക്രമണത്തില്‍ നവാസിനൊപ്പമുണ്ടായിരുന്ന സുബ്രഹ്മണ്യന്‍, രമേഷ്കുമാര്‍ എന്നിവര്‍ക്കും പരുക്കേറ്റിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.