Latest News

ചാമ്പലായത് വീടും പുസ്തകങ്ങളും യൂനിഫോമും; റംദ ഫാത്തിമയുടെ ഉള്ളില്‍ ഭീതിയുടെ കനല്‍മാത്രം

കോഴിക്കോട്: പൂക്കളെ ഏറെ ഇഷ്ടമായിരുന്നു റംദാ ഫാത്തിമക്ക്. പൂമ്പാറ്റകളെ അതിലേറെ പ്രിയം. ആനയേയും അണ്ണാറക്കണ്ണനെയും റംദ ഇഷ്ടത്തോടെ വരച്ച ചിത്രപുസ്തകം ഇനി തീയെടുത്ത ഓര്‍മ മാത്രം. കൊച്ചു റംദയുടെ മനസ്സിലിപ്പോള്‍ പൂക്കളും പൂമ്പാറ്റകളുമില്ല. പകരം ഉറഞ്ഞുകൂടിയ ഭയം മാത്രം.

പാഠപുസ്തകങ്ങളും യൂനിഫോമും അടക്കം സകലതും കത്തിച്ചാമ്പലായതിന്റെ ഭീതിതമായ ഓര്‍മയില്‍ ഈ കൊച്ചുപെണ്‍കുട്ടിക്കു സംസാരിക്കാന്‍ പോലുമാകുന്നില്ല. നാദാപുരത്തെ തൂണേരി മുളിയില്‍ താഴെകുനി റഫീഖിന്റെ മൂന്നു മക്കളില്‍ ഇളയവളാണു നാലു വയസുകാരിയായ റംദാ ഫാത്തിമ. ഉള്ളില്‍ കനലാളുന്ന ചാരം പോലെയാണ് ഇപ്പോള്‍ നാദാപുരത്തിന്റെ മനസ്. പകയുടെയും വിദ്വേഷത്തിന്റെയും പുകയാണ് എങ്ങും. അതില്‍ എരിഞ്ഞുതീരുന്നതു നിരപരാധികളായ സാധാരണക്കാരും. ആയുസ്സിന്റെ പാതിയിലേറെക്കാലം അത്യധ്വാനം ചെയ്തു സ്വരുക്കൂട്ടിയ സമ്പാദ്യം കൊണ്ടു പണിത വീടും വാഹനങ്ങളും കണ്‍മുന്നില്‍ കത്തിച്ചാമ്പലാകുന്നതു നെഞ്ചുപൊട്ടുന്ന വേദനയോടെ കണ്ടു നില്‍ക്കാനേ തൂണേരിയിലെയും വെള്ളൂരിലെയും ഒട്ടനവധി കുടുംബങ്ങള്‍ക്കു കഴിയുന്നുള്ളൂ.

വീട്ടുപകരണങ്ങളും വാഹനങ്ങളും ചാരമാകുന്നതു കണ്ടുനില്‍ക്കാനാവാതെ പ്രാണനും കൈയില്‍പിടിച്ച് അകലെയുള്ള ബന്ധുവീടുകളിലേക്കും പരിചയക്കാരുടെ അടുത്തേക്കും പലായനം ചെയ്യുകയാണ് ഇവിടത്തെ നൂറുകണക്കിനു കുടുംബങ്ങള്‍. മുളിയില്‍ താഴെകുനി റഫീഖിന്റെ ഭാര്യ പറയുന്നു: പ്രായമായ ഉമ്മയും മൂന്നു മക്കളും വീട്ടിലുണ്ടായിരുന്നപ്പോഴാണ് അക്രമികള്‍ വീട്ടില്‍ വന്നത്.

ഞങ്ങള്‍ ഭയന്നുവിറച്ച് ഓടി അടുത്ത വീട്ടില്‍ ഒളിച്ചു. പക്ഷേ, അവര്‍ മൂന്നു തവണ വന്നു എല്ലാം അഗ്നിക്കിരയാക്കി. മുഖംമൂടി ധരിച്ച ആയുധധാരികളായിരുന്നു മിക്കവരും. വന്നപാടെ മുന്നിലെ ജനല്‍ വഴി പെട്രോള്‍ ഒഴിച്ചു തീയിട്ടു. ഫയര്‍ഫോഴ്‌സിനേയും പൊലിസിനേയും പലതവണ വിളിച്ചിട്ടും ആരും വന്നില്ല. അവസാനം ജീവന്‍ നഷ്ടപ്പെടുമെന്നായപ്പോള്‍ ഞങ്ങള്‍ അടുത്ത അമുസ്‌ലിം വീട്ടില്‍ അഭയം തേടി.

www.malabarflash.com എല്ലാം കത്തിയമര്‍ന്നപ്പോള്‍ പൊലിസ് വന്നു ഞങ്ങളെ കുമ്മങ്കോട്ടുളള വീട്ടിലേക്കുമാറ്റി. ഇനി ബാക്കി ഒന്നുമില്ല. എന്റെ മഹര്‍ പോലും അവര്‍ കൊണ്ടുപോയി. മക്കളുടെ പഠനകാര്യത്തില്‍ ഇനി എന്തുചെയ്യും. മൂന്നുപേര്‍ക്കും യൂനിഫോമുകളും പാഠപുസ്തകങ്ങളുമില്ല.

മൂത്തമകന്‍ റാശിദ് പെരിങ്ങത്തൂര്‍ എന്‍.എ.എം സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഈ മാസം 29ന് എസ്.എസ്.എല്‍.സി മോഡല്‍പരീക്ഷ തുടങ്ങുകയാണ്. രണ്ടാമത്തെ മകന്‍ റഷാദ് ആവോലം സി.ഡി.യു.പി സ്‌കൂളില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയാണ്. ഇളയമകള്‍ റംദാ ഫാത്തിമ എം.എം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥിനിയും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.