Latest News

ബെംഗളൂരുവില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

തൃശൂര്‍: ബെംഗളൂരുവില്‍നിന്നു കാണാതായ വിയ്യൂര്‍ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയതാണെന്നു കണ്ടെത്തി. സംഭവത്തില്‍ എടമുട്ടം കരയാമുട്ടം പുതുപ്പുള്ളി ബിജോയിയുടെ മകന്‍ ബിനീഷിനെ (അപ്പു-22) പേരാമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. വിയ്യൂര്‍ ഗാന്ധിനഗര്‍ കാച്ചപ്പിള്ളി ജയിംസിന്റെ മകന്‍ ജാക്‌സന്റെ തിരോധാനമാണു കൊലപാതകമാണെന്നു കണ്ടെത്തിയത്.

മറ്റു പ്രതികളായ തൃശൂര്‍ സ്വദേശി വിവേക് (കണ്ണാപ്പി-25), വലപ്പാട് പയച്ചോട്ട് തൊഴുത്തുംപറമ്പില്‍ ഷിനോജ് (മുത്തു-22), ജയകൃഷ്ണന്‍ എന്നിവരെക്കുറിച്ചു വിവരം ലഭിച്ചതായി ജില്ലാ സിറ്റി പൊലീസ് മേധാവി ജേക്കബ് ജോബ് അറിയിച്ചു.

ബംഗളൂരുവില്‍ കോറമംഗലയ്ക്കടുത്തു ജാക്‌സനും മറ്റു നാലു പേരും കൂടി വീട് വാടകയ്‌ക്കെടുത്തു താമസിക്കുകയായിരുന്നു. ഫ്രൂട്ട് സ്റ്റാളില്‍ ജോലിക്കാരനായിരുന്ന ജാക്‌സന്‍ വീട്ടില്‍ വന്നിട്ടു മൂന്നു വര്‍ഷമായി. അവിവാഹിതനാണ്. കഴിഞ്ഞ ജൂണിനുശേഷം ജാക്‌സനെക്കുറിച്ചു വിവരമൊന്നും ഇല്ലാതെ വന്നതോടെ പിതാവ് ജയിംസ് ബെംഗളൂരുവില്‍ താമസസ്ഥലത്തെത്തി അന്വേഷിച്ചു. മകന് എന്തോ സംഭവിച്ചുവെന്നു സംശയം തോന്നിയതിനെ തുടര്‍ന്നു നാട്ടിലെത്തി സിറ്റി പൊലീസ് മേധാവിക്കു പരാതി നല്‍കി. വിയ്യൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

പേരാമംഗലം സിഐയുടെ നേതൃത്വത്തില്‍ പൊലീസ് കര്‍ണാടകയിലും തമിഴ്‌നാട്ടിലും അന്വേഷണം നടത്തി. ബെംഗളൂരുവിലെ വാടകവീട്ടില്‍ കഴിഞ്ഞ ജൂണ്‍ 27നു ജാക്‌സന്‍, വിവേക്, ഷിനോജ്, ജയകൃഷ്ണന്‍, ബിനീഷ് എന്നിവര്‍ ലോകകപ്പ് ഫുട്‌ബോള്‍ കാണുന്നതിനിടെ മദ്യപിച്ചു. ഇടയ്ക്ക് ഇവര്‍ തമ്മില്‍ തര്‍ക്കവും അടിപിടിയുമുണ്ടായി. പിറ്റേന്നു പുലര്‍ച്ചെ വിവേകും ബിനീഷും ജാക്‌സനെ ക്രൂരമായി മര്‍ദിച്ചു. തോര്‍ത്തുമുണ്ട് ഉപയോഗിച്ചു കഴുത്തില്‍ കുരുക്കിട്ടു കൊന്നു. മൃതദേഹം താമസസ്ഥലത്തുനിന്നു താഴെ ഇറക്കി ബിനീഷിന്റെ മോട്ടോര്‍ സൈക്കിളില്‍ ഇരുത്തി. ഷിനോജ് പിറകിലിരുന്നു പിടിച്ചു. വിവേക് ബൈക്ക് ഓടിച്ചു തമിഴ്‌നാട്ടിലേക്കുള്ള റോഡിലൂടെ ഏറെ ദൂരം പോയശേഷം വനത്തിലെ കൊക്കയില്‍ മൃതദേഹം ഉപേക്ഷിച്ചു. ബിനീഷും ജയകൃഷ്ണനും മറ്റൊരു ബൈക്കില്‍ ഒപ്പമുണ്ടായിരുന്നു.

തുടര്‍ന്നു നാലു പേരും താമസസ്ഥലത്തേക്കു മടങ്ങി. രണ്ടു ദിവസത്തിനുശേഷം കേരളത്തിലേക്കു മടങ്ങി. മദ്യപിച്ച് ഇടയ്ക്കിടെ അടിപിടി ഉണ്ടാകാറുണ്ടെന്നും ഇതിലെ വിരോധമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നും ചോദ്യംചെയ്യലില്‍ തെളിഞ്ഞു.

തമിഴ്‌നാട് ഫോറസ്റ്റ് ഗാര്‍ഡ് മൃതദേഹം കാണുകയും പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തിരുന്നു. തിരിച്ചറിയാന്‍ കഴിയാത്തതിനെ തുടര്‍ന്നു ഹൊസൂരിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. കേസിലെ രണ്ടാം പ്രതി ഷിനോജ് ചേര്‍പ്പ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന വധശ്രമക്കേസില്‍ റിമാന്‍ഡിലാണ്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.