Latest News

ഗാനഗന്ധര്‍വന് മൂകാംബികാ സന്നിധിയില്‍ എഴുപത്തിയഞ്ചാം പിറന്നാള്‍ ആഘോഷം

കൊല്ലൂര്‍: ഏഴു സ്വരങ്ങളും തഴുകി വരുന്ന സ്വരമാധുരിക്ക് കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രസന്നിധിയില്‍ എഴുപത്തിയഞ്ചാം പിറന്നാള്‍. വാഗ്ദേവതാ സന്നിധിയെ സ്വരരാഗ സംഗീതസാന്ദ്രമാക്കിയ സംഗീതാര്‍ച്ചനയോടെയാണ് ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസ് പിറന്നാള്‍ ആഘോഷിച്ചത്.

രാവിലെ ഏഴരയോട ഭാര്യ പ്രഭയ്‌ക്കൊപ്പം ക്ഷേത്രദര്‍ശനം നടത്തി ഒരുമണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിച്ചു. തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികള്‍ക്കൊപ്പം ഭക്ഷണം കഴിച്ച് തിരിച്ചെത്തി ചണ്ഡികായാഗത്തില്‍ പങ്കെടുത്തശേഷം സന്നിധിയില്‍ സംഗീതാര്‍ച്ചന നടത്തി. വര്‍ണം ഉള്‍പ്പെടെ നാലുകീര്‍ത്തനങ്ങള്‍ പാടിയ ഗാനഗന്ധര്‍വന്‍ മൂകാംബികാ സ്തുതി പാടിയാണ് അവസാനിപ്പിച്ചത്. 


തുടര്‍ച്ചയായ നാല്‍പ്പത്തിനാലാം വര്‍ഷവും ജന്‍മദിനത്തില്‍ മൂകാംബികാ ദേവിയെ തൊഴുതു വണങ്ങി സംഗീതാര്‍ച്ചന നടത്താന്‍ യേശുദാസ് ഭാര്യാസമേതം വെള്ളിയാഴ്ച വൈകിട്ട് കൊല്ലൂരെത്തിയിരുന്നു. വെള്ളിയാഴ്ച രാത്രി 7.35ന് ക്ഷേത്ര സന്നിധിയില്‍ എത്തിയ ഗാനഗന്ധര്‍വനും പത്‌നിയും പഞ്ചമുഖ ഗണപതിക്കുമുന്നില്‍ പ്രത്യേക പൂജ നടത്തി ദേവീസന്നിധിയില്‍ തൊഴുകൈയോടെ ഏഴു പ്രദക്ഷിണം പൂര്‍ത്തിയാക്കിയശേഷം സരസ്വതീമണ്ഡപത്തില്‍ ദേവിക്കുള്ള വഴിപാടായി പ്രത്യേക സംഗീതാര്‍ച്ചന നടത്തി. 


രാത്രി എട്ടരയോടെ അത്താഴപൂജയ്ക്കായി ചുറ്റമ്പലത്തില്‍ പ്രവേശിച്ചു. പൂജ കഴിയുംവരെ ശ്രീകോവിലിനു മുന്നില്‍ ഇരുവരും പ്രാര്‍ഥനാനിരതരായി. അമ്മ മരിച്ചതിനു ശേഷം അമ്മയുടെ സ്ഥാനത്തുള്ള കൊല്ലൂര്‍ ദേവീസന്നിധിയില്‍ ചെലവഴിക്കുന്നതില്‍ അപ്പുറമുള്ള ആഘോഷമൊന്നും എഴുപത്തിയഞ്ചാം പിറന്നാളിലും ഗാനഗന്ധര്‍വനില്ലായിരുന്നു. 


യേശുദാസിന്റെ പിറന്നാള്‍ ദിനത്തില്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തില്‍ സരസ്വതി മണ്ഡപത്തില്‍ കഴിഞ്ഞ 14 വര്‍ഷമായി നടക്കുന്ന ഗാനാര്‍ച്ചനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ ഗായകര്‍ പങ്കെടുത്തു. ശ്രീമൂകാംബികാ സംഗീതാരാധന സമിതി ഏര്‍പ്പെടുത്തിയ പ്രഥമ സൗപര്‍ണികാമൃതം സംഗീത പുരസ്‌കാരം പ്രശസ്ത സംഗീതജ്ഞന്‍ കുമാര കേരളവര്‍മയ്ക്ക് യേശുദാസ് സമ്മാനിച്ചു. ഗാനാര്‍ച്ചനയ്ക്കു ശേഷം പിറന്നാള്‍ സദ്യയും കഴിച്ചാണ് യേശുദാസ് മടങ്ങിയത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.