Latest News

വര്‍ണങ്ങള്‍ പെയ്തിറങ്ങിയ വേദിയില്‍ദേശീയ ഗെയിംസിന് തിരി തെളിഞ്ഞു

തിരുവനന്തപുരം: വര്‍ണങ്ങള്‍ പെയ്തിറങ്ങിയ വേദിയില്‍ മലയാമ്മയുടെ സൗന്ദര്യം പ്രസരിച്ചു. കാര്യവട്ടം സ്റ്റേഡിയത്തിന്റെ ആകാശത്ത് ഒരായിരം നക്ഷത്രങ്ങള്‍ പ്രകാശം ചൊരിഞ്ഞു. ഗാലറിയില്‍ ഇരമ്പിയാര്‍ത്ത് ഇളകിമറിഞ്ഞ പതിനായിരങ്ങള്‍ ആഘോഷത്തിലേക്കു ചുവടുവച്ചു. ഭാരതമേ കാണുക കാണുക എന്നു കേരളം ഉറക്കെ വിളിച്ചു പറഞ്ഞപ്പോള്‍, വര്‍ണാഭ ദൃശ്യങ്ങളും താളവിസ്മയവും ഈരാവിനെ പകലാക്കിയ കരിമരുന്നു കലാവിരുന്നും സമ്മാനിച്ച് 35-ാം ദേശീയ ഗെയിംസിനു പ്രൗഢോജ്വല തുടക്കമായി. പുത്തന്‍ ഉയരവും ദൂരവും വേഗവും കുറിക്കാനെത്തിയ കായികതാരങ്ങള്‍ക്കു കേരളം സമ്മാനിച്ചത് പുത്തന്‍ അനുഭവവും.

കായികകേരളത്തിന്റെ വിസ്മയമായ കാര്യവട്ടം അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്നലെ വൈകുന്നേരം 7.40ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവാണു ദേശീയ കായികമാമാങ്കത്തിന്റെ ഉദ്ഘാടന പ്രഖ്യാപനം നടത്തി. തുടര്‍ന്നു ജനസാഗരത്തെ സാക്ഷിനിര്‍ത്തി ഭാരതത്തിന്റെ എക്കാലത്തെയും മഹാനായ കായികതാരം ഭാരതരത്‌ന സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒളിമ്പ്യന്‍ കെ.എം. ബീനാമോളില്‍നിന്നു ദീപശിഖ ഏറ്റുവാങ്ങിയപ്പോള്‍ കേരളം മുഴുവന്‍ ദേശീയ ഗെയിംസിന് അഭിവാദ്യം നേരുകയായിരുന്നു. സച്ചിനില്‍നിന്ന് ഏറ്റുവാങ്ങിയ ദീപശിഖ ഇന്ത്യയുടെ ട്രാക്കിലെ റാണി ഒളിമ്പ്യന്‍ പി.ടി ഉഷയും രാജ്യാന്തര കായികതാരം അഞ്ജു ബോബി ജോര്‍ജും ചേര്‍ന്നു സ്റ്റേഡിയത്തില്‍ സ്ഥാപിച്ച ആട്ടവിളക്കില്‍ തെളിച്ചതോടെ മേളയ്ക്കു തുടക്കമായി.

ഉദ്ഘാടനത്തിനു മുന്നോടിയായി കേരളത്തിന്റെ താളവാദ്യ കുലപതി മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തില്‍ 101 മേളക്കാരുടെ ചെണ്ടമേളം അരങ്ങേറി. 


തുടര്‍ന്നു താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ്. കഴിഞ്ഞ ദേശീയ ഗെയിംസിലെ ഓവറോള്‍ ചാമ്പ്യന്‍മാരായ സര്‍വീസസ് മാര്‍ച്ച്പാസ്റ്റില്‍ ഒന്നാമതായി അണിനിരന്നു. തുടര്‍ന്ന് ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് ഓരോ സംസ്ഥാനങ്ങളും കടന്നുവന്നത്. ആതിഥേയരായ കേരളം മാര്‍ച്ച് പാസ്റ്റില്‍ ഏറ്റവും അവസാനമായാണ് അണിനിരന്നത്. തനതു മലയാളി വേഷമായ സെറ്റ് സാരി അണിഞ്ഞു വനിതാ താരങ്ങളും ജുബ്ബയും മുണ്ടുമായി പുരുഷ താരങ്ങളും കായികപ്രേമികള്‍ക്കു ബിഗ് സല്യൂട്ട് നല്കിയപ്പോള്‍ കരഘോഷം മുഴക്കി. പ്രീജാ ശ്രീധരനാണു കേരളത്തിന്റെ പതാകയേന്തി മാര്‍ച്ച്പാസ്റ്റിനു നേതൃത്വം നല്‍കിയത്. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു അഭിവാദ്യം സ്വീകരിച്ചു.

ഉദ്ഘാടനസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്ര കായികമന്ത്രി സര്‍ബാനന്ദ സോനോവാള്‍, കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഐഒഎ പ്രസിഡന്റ് എന്‍. രാമചന്ദ്രന്‍, എന്നിവര്‍ പ്രസംഗിച്ചു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം ദീപശിഖ ഏറ്റുവാങ്ങി കൈമാറാന്‍ വേദിയിലെത്തിയ സച്ചിനും വിശിഷ്ടാതിഥികള്‍ക്കും നിറഞ്ഞ കരഘോഷമാണ് കാണികള്‍ സമ്മാനിച്ചത്. 


തൊട്ടുപിന്നാലെ നടന്‍ മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള കലാകാരന്‍മാര്‍ തുറന്നുവിട്ടതു കലയുടെ സമ്മോഹന മുഹൂര്‍ത്തങ്ങളാണ്. കുഞ്ഞാലിമരയ്ക്കാറായി മോഹന്‍ലാല്‍ വേഷമിട്ട വാര്‍ ക്രൈ എന്ന സംഗീത നൃത്തശില്പം കാണികള്‍ക്കു വേറിട്ട അനുഭവമായി. 

മലയാളികള്‍ കാത്തിരുന്ന മോഹന്‍ലാലിന്റെ സ്വന്തം ബാന്‍ഡായ ലാലിസവും ചടങ്ങിനു നിറപ്പകിട്ടേകി. 1931 മുതല്‍ 1980 വരെയുള്ള ഇന്ത്യന്‍ സിനിമാഗാനങ്ങള്‍ സ്റ്റേഡിയത്തെ ഇളക്കിമറിച്ചു. 

30 സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നുമുള്ള 6,000ലേറെ താരങ്ങളാണു ഞായറാഴ്ച മുതല്‍ മാറ്റുരയ്ക്കുന്നത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.