Latest News

പോലീസ് ജീപ്പിടിച്ച് പ്രധാനാധ്യാപിക മരിച്ചു

ഫറോക്ക്: ബ്രേക്കില്ലാതെ അമിതവേഗത്തില്‍ ഓടിച്ച പോലീസ് ജീപ്പിടിച്ച് സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന അധ്യാപിക മരിച്ചു. കോഴിക്കോട് കണ്ണൂര്‍ റോഡിലെ സെന്റ് ജോസഫ് എല്‍.പി. സ്‌കൂളിലെ പ്രധാനാധ്യാപിക ചെറുവണ്ണൂര്‍ മണിയമ്പത്ത് വീട്ടില്‍ ജോയി വിത്സന്റെ ഭാര്യ റോള ഡൊറീന(50)യാണ് മരിച്ചത്.

ദേശീയപാതയില്‍ ചെറുവണ്ണൂര്‍ കോയാസ് ബസ്‌സ്‌റ്റോപ്പിന് സമീപം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. മുമ്പ് ജോലിചെയ്ത ചെറുവണ്ണൂര്‍ ലിറ്റില്‍ ഫ്ലൂര്‍ സ്‌കൂളില്‍ ഒരു യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്ത് ഭര്‍ത്താവിനൊപ്പം ബൈക്കില്‍ മടങ്ങിയ അധ്യാപിക, കോയാസ് ബസ്‌സ്‌റ്റോപ്പിന് സമീപം ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് എതിര്‍വശത്തേക്ക് സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുമ്പോള്‍ ഫറോക്കില്‍നിന്നും അമിത വേഗത്തില്‍ വന്ന പോലീസ് ജീപ്പ് ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

റോഡിലൂടെ പത്ത് മീറ്ററോളം ദൂരം അധ്യാപികയെ വലിച്ചുകൊണ്ടുപോയ ശേഷമാണ് പോലീസ് ജീപ്പ് നിന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടിയിലായ രണ്ടുപേരെ കോയാസ് ആസ്പത്രിയില്‍ പരിശോധനയ്ക്ക് കൊണ്ടുപോവുകയായിരുന്ന ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. അപകടം നടന്ന് അരമണിക്കൂറിനകം തന്നെ പോലീസ് ജീപ്പ് സംഭവസ്ഥലത്തുനിന്നും ക്രെയിന്‍ ഉപയോഗിച്ച് മാറ്റി.

പോലീസ് ജീപ്പ്‌ െഡ്രെവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് ട്രാഫിക് പോലീസ് കേസെടുത്തിട്ടുണ്ട്.

ബി.എസ്.എന്‍.എല്‍ ഫറോക്ക് ഓഫീസിലെ ഉദ്യോഗസ്ഥനാണ് റോളയുടെ ഭര്‍ത്താവ് ജോയി വിത്സന്‍. മക്കള്‍: ഗ്‌ളെന്‍ എല്‍വിസ് (ഡല്‍ഹി), റിനില്‍ ആഷ്‌ലിന്‍. തലശ്ശേരി കാര്‍മല്‍ വില്ലയില്‍ പരേതനായ വില്ല്യം മെന്‍ഡോണ്‍സയുടെയും വില്ലി മെന്‍ഡോണ്‍സയുടെയും മകളാണ്. സഹോദരങ്ങള്‍: റീന, റോണി, റോമി, ജെറീന, എലന്‍. 
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.