Latest News

വിദ്യാര്‍ഥി പ്രതിഷേധം, അധ്യാപകരുടെ രാജിഭീഷണി: ദേലംപാടി സ്‌കൂള്‍ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

മുള്ളേരിയ: വിദ്യാര്‍ഥിയെ അടിച്ചുപരുക്കേല്‍പ്പിച്ചെന്ന പരാതിയില്‍ അധ്യാപകനെ സ്‌കൂളില്‍ നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ദേലംപാടി ഗവ. ഹയര്‍സെക്കന്‍ഡറിസ്‌കൂളില്‍ ഒരു വിഭാഗം വിദ്യാര്‍ഥകളുടെ പ്രതിഷേധം തുടരുന്നു. ആരോപണ വിധേയനായ അധ്യാപകനെ സ്‌കൂളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് വിദ്യാര്‍ഥികളും അധ്യാപകനെതിരെ നടപടിയെടുത്താല്‍ കൂട്ടരാജിയെടുക്കുമെന്ന ഭീഷണി മുഴക്കി മറ്റു അധ്യാപകരും നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതു കാരണം സ്‌കൂളിന്റെ പ്രവര്‍ത്തനം തന്നെ പ്രതിസന്ധിയിലായി.

കഴിഞ്ഞ മാസം 19ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്ലാസില്‍ വച്ചു മര്‍ദിച്ചതായി പരാതിയുയര്‍ന്നത്. വിദ്യാര്‍ഥിയുടെ പരാതിയില്‍ അധ്യാപകനെതിരെ കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പിറ്റേന്ന് ഒരുകൂട്ടം വിദ്യാര്‍ഥികളും രക്ഷിതാക്കളും രംഗത്തെത്തി പഠിപ്പു മുടക്കി.

ഇതേ തുടര്‍ന്ന് സ്‌കൂള്‍ അധികൃതരുടെ ആവശ്യപ്രകാരം അധ്യാപകന്‍ അവധിയെടുത്തു. നിയമനടപടി തുടരുന്ന സാഹചര്യത്തില്‍ അധ്യാപകനെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് പിടിഎ തീരുമാനമെടുക്കുകയും എതിര്‍ക്കുന്നവരെ വിളിച്ചു ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. എന്നാല്‍ അധ്യാപകനെ സ്‌കൂളില്‍ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാട് ഇവര്‍ തുടര്‍ന്നു.

കഴിഞ്ഞ മൂന്നിന് ആദൂര്‍ എസ്‌ഐ ടി.പി. ദയാനന്ദന്റെ സാന്നിധ്യത്തില്‍ വിദ്യാര്‍ഥി പ്രതിനിധികളെയടക്കം ഉള്‍പ്പെടുത്തി സര്‍വകക്ഷി യോഗം ചേര്‍ന്ന് അധ്യാപകനെ തടസ്സമില്ലാതെ ജോലിചെയ്യാന്‍ അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടയിലും ചിലര്‍ എതിര്‍പ്പുമായെത്തിയതോടെ തീരുമാനം നടപ്പാക്കാനായില്ല. 

പ്രതിസന്ധി രൂക്ഷമായതോടെ കഴിഞ്ഞ എട്ടിന് സിഐ പിടിഎ ഭാരവാഹികളുടെയും അധ്യാപക പ്രതിനിധികളുടെയും യോഗം വിളിച്ച് അധ്യാപകനെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചു. ഇതുപ്രകാരം ചൊവ്വാഴ്ച സ്‌കൂളിലെത്തിയ അധ്യപകനെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ഓഫിസില്‍ പൂട്ടിയിടുകയും ബൈക്കിന്റെ കാറ്റഴിച്ചുവിട്ട് കേടു വരുത്തുകയും ചെയ്തതായി പരാതിയുയര്‍ന്നു. പ്രതിഷേധത്തെ തുടര്‍ന്ന് പഠനം തടസപ്പെട്ടു.

അധ്യാപകനെ ജോലി ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ കൂട്ട അവധിയെടുക്കാനാണ് സ്‌കൂളിലെ മറ്റ് അധ്യാപകരുടെ തീരുമാനം. വാര്‍ഷിക പരീക്ഷ അടുക്കാറായ ഈ സമയത്തു തുടരുന്ന സമരപരമ്പരകള്‍ വിദ്യാര്‍ഥികളുടെ ഭാവി തന്നെ തുലാസിലാക്കിയിരിക്കുകയാണ്. 

അധ്യയനത്തിന്റെ തുടക്കത്തില്‍ അധ്യാപകക്ഷാമം പഠനത്തെ ബാധിച്ചിരുന്നു. ഒന്നു മുതല്‍ പത്തു വരെ കന്നഡ, മലയാളം വിഭാഗങ്ങളിലായുള്ള 20 ക്ലാസുകളില്‍ 10നു 78 സ്ഥിരം അധ്യാപകര്‍ മാത്രമാണുള്ളത്. താല്‍ക്കാലിക അധ്യാപകരെ വച്ചാണ് സ്‌കൂളിന്റെ പ്രവര്‍ത്തനം.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.