Latest News

നിലമ്പൂര്‍ രാധ വധം: രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവും പിഴയും

മഞ്ചേരി: നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസ് ജീവനക്കാരി കോവിലകത്തുമുറി ചിറയ്ക്കല്‍ രാധ (49) കൊല്ലപ്പെട്ട കേസിലെ രണ്ടു പ്രതികള്‍ക്കും കോടതി ജീവപര്യന്തം കഠിനതടവും പിഴയും വിധിചîു. ഒന്നാം പ്രതി നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫിസ് സെക്രട്ടറിയായിരുന്ന ബി.കെ. ബിജു (38), രണ്ടാം പ്രതി സുഹൃത്ത് ചുള്ളിയോട് ഉണ്ണിക്കുളം കുന്നശ്ശേരി ഷംസുദ്ദീന്‍ (29) എന്നിവര്‍ക്കാണ് ഒന്നാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി പി.എസ്. ശശികുമാര്‍ ശിക്ഷ വിധിച്ചത്.

ബിജുവിനു ജീവപര്യന്തം തടവിനു പുറമെ, 50,000 രൂപ പിഴയും മാനഭംഗത്തിന് 10 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും തെളിവ് നശിപ്പിച്ചതിനു മൂന്നു വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും മൃതദേഹത്തില്‍നിന്ന് ആഭരണം കവര്‍ന്നതിന് ഒരു വര്‍ഷം തടവും 1,000 രൂപ പിഴയും അന്യായമായി തടഞ്ഞുവച്ചതിനു മൂന്നു മാസം കഠിന തടവുമാണ് ശിക്ഷ.

ഷംസുദ്ദീന് ജീവപര്യന്തം കഠിന തടവിനു പുറമെ, 25,000 രൂപ പിഴയും മാനഭംഗത്തിന് ഏഴു വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിന് രണ്ടു വര്‍ഷം കഠിന തടവും 5,000 രൂപ പിഴയും മൃതദേഹത്തില്‍നിന്ന് ആഭരണം കവര്‍ന്നതിന് ഒരുവര്‍ഷം കഠിന തടവും 1,000 രൂപ പിഴയും അന്യായമായി തടഞ്ഞുവച്ചതിന് മൂന്നു മാസം വെറുംതടവും ആണ് ശിക്ഷ.

ഓരോ വകുപ്പിലും ചുമത്തിയ പിഴ അടച്ചില്ലെങ്കില്‍ കൂടുതല്‍ ശിക്ഷ അനുഭവിക്കണം. ബിജുവിനു മൊത്തം 86,000 രൂപയും ഷംസുദ്ദീന് 41,000 രൂപയുമാണ് പിഴയടയ്‌ക്കേണ്ടത്. പിഴയടച്ചാല്‍ തുക രാധയുടെ അനന്തരാവകാശികള്‍ക്കു നല്‍കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ കുടുംബത്തിന്റെ ഏക ആശ്രയമാണ് തങ്ങളെന്ന് ഇരുവരും കോടതിയോട് പറഞ്ഞു.

സാക്ഷിമൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടത്. പ്രോസിക്യൂഷന്‍ നിരത്തിയ തെളിവുകളില്‍ പ്രതികള്‍ കുറ്റം ചെയ്തത് സംശയാതീതമായി തെളിയിക്കാനായിട്ടുണ്ടെന്നും പ്രതികള്‍ക്ക് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്നും 201 പേജുള്ള വിധിന്യായത്തില്‍ പറയുന്നു. മൃഗീയവും പൈശാചികവുമായാണ് കൃത്യം നിര്‍വഹിച്ചതെങ്കിലും അത്യപൂര്‍വ കേസാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി തള്ളി.

2014 ഫെബ്രുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. രാവിലെ കോണ്‍ഗ്രസ് ഓഫിസില്‍ ജോലിക്കെത്തിയ രാധയെ ബിജുവും ഷംസുദ്ദീനും ചേര്‍ന്ന് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍കെട്ടി ഗുഡ്‌സ് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി ഉണ്ണിക്കുളത്തെ കുളത്തില്‍ താഴ്ത്തിയെന്നാണ് കേസ്. പ്രതികളെ അന്നുതന്നെ പൊലീസ് പിടികൂടിയിരുന്നു. തന്റെ പരസ്ത്രീ ബന്ധം അറിയാവുന്ന രാധ അതു പുറത്തുപറഞ്ഞാല്‍ സമൂഹത്തില്‍ തനിക്കു മാനഹാനിയുണ്ടാകുമെന്നും ഗസറ്റഡ് പദവിയിലുള്ള ജോലി നഷ്ടപ്പെടുമെന്നുമുള്ള ഭയംമൂലമാണ് ബിജു സുഹൃത്ത് ഷംസുദ്ദീന്റെ സഹായത്തോടെ കൃത്യം നടത്തിയത്.

സംഭവം നടക്കുമ്പോള്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പഴ്്‌സനല്‍ സ്റ്റാഫില്‍ അംഗമായിരുന്നു ബിജു. എഡിജിപി ഡോ. ബി. സന്ധ്യയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി.ജി. മാത്യു ഹാജരായി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.