Latest News

ഹൊസൂര്‍ ട്രെയിന്‍ അപകടം: മരണം 9, അഞ്ച് മലയാളികള്‍

ആനേക്കല്‍ (കര്‍ണാടക): ബംഗളൂരുവില്‍നിന്ന് എറണാകുളത്തേക്കു പുറപ്പെട്ട ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിന്‍ കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തിയില്‍ ഹൊസൂ റിനു സമീപം ആനേക്കലില്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരണ സംഖ്യ ഒമ്പതായി. ഇതില്‍ അഞ്ചു മലയാളും ഉള്‍പ്പെടുന്നു. രണ്ടു വിദേശികളടക്കം 20 പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു.

കൊല്ലം പള്ളിമുക്ക് സ്വദേശി ഇര്‍ഷാ മനാഫ് (24), തൃശൂര്‍ ഒളരി സ്വദേശി കെ.ആര്‍. ജോര്‍ജ് (70), കാലടി പൂണോലില്‍ പരേതനായ ആന്റണിയുടെ മകന്‍ ഇട്ടീര ആന്റണി (ജോജോ-57), പാലക്കാട് മുണ്ടൂര്‍ എഴക്കാട് സ്വദേശി വി. വിപിന്‍ (23), തൃശൂര്‍ സ്വദേശി സുരേഷിന്റെ മകന്‍ അമന്‍ (13) എന്നിവരാണു മരിച്ച മലയാളികള്‍. തമിഴ്‌നാട് സ്വദേശി പളനിയപ്പയുടെ ഭാര്യ പുനിദവതി (61), ആന്ധ്രാ സ്വദേശി സി.ആര്‍. വേണുഗോപാല്‍ (54), കര്‍ണാടക സ്വദേശികളായ ആയിഷ സഹീര്‍ ഖാന്‍ (30), നസീമ ഖാന്‍ (60) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. ഇവരുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിയ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.

ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയിരുന്ന ഇട്ടീര, സാഹിത്യകാരന്‍ എം.പി. പോളിന്റെ ചെറുമകനാണ്. ഇദ്ദേഹം യുഎസില്‍ ഹോട്ടല്‍ ബിസിനസ് നടത്തിയിരുന്നു. 120 ഓളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. തൃശൂര്‍ ഒളരി സ്വദേശിയായ കാഞ്ഞിരത്തിങ്കല്‍ കെ.ആര്‍. ജോര്‍ജ് തൃശൂര്‍ ചെട്ടിയങ്ങാടിയില്‍ പെര്‍ഫക്റ്റ് മെഷീന്‍ ട്രേഡേഴ്‌സ് എന്ന സ്ഥാപനം നടത്തുകയായിരുന്നു. ബിസിനസ് ആവശ്യങ്ങള്‍ക്കാണ് ഇദ്ദേഹം ബംഗളൂരുവിലെത്തിയത്.

പാലക്കാട് എഴക്കാട് വടക്കേക്കര വെട്ടത്ത് വേലായുധന്റെ മകനായ വി. വിപിന്‍ കോഴിക്കോട്ട് ബിഎസ്‌സി നഴ്‌സിംഗ് അവസാനവര്‍ഷ വിദ്യാര്‍ഥിയാണ്. ഇതോടൊപ്പം ബാംഗളൂരില്‍ ബിഡിഎസിനും പഠിക്കുന്നു. അവിടെനിന്നും അവസാനവര്‍ഷ പരീക്ഷ കഴിഞ്ഞ് പാലക്കാട്ടേക്കു മടങ്ങുകയായി രുന്നു. കൊല്ലം പള്ളിമുക്കില്‍ കുവൈറ്റ് ടെക്‌സ്റ്റൈല്‍സ് എന്ന സ്ഥാപനം നടത്തുന്ന മനാഫിന്റെ മകനാണ് ഇര്‍ഷാ. ബല്ലാരി വിഐഎംഎസ് കോളജില്‍ ബിഡിഎസ് വിദ്യാര്‍ഥിയാണ്. ബംഗളൂരു സുല്‍ത്താന്‍ പാളയ മനോരായ പാളയയില്‍ താമസിക്കുന്ന സുരേഷിന്റെയും ശര്‍മിളയുടെയും മകനാണ് അമന്‍. അമ്മയ്‌ക്കൊപ്പം കേരളത്തിലേക്കു വരുന്ന വഴിയാണ് അപകടമുണ്ടായത്.

വെളളിയാഴ്ച രാവിലെ 6.15 ന് ബംഗളൂരുവില്‍നിന്ന് എറണാകുളത്തേക്കു പുറപ്പെട്ട 21 ബോഗികളുള്ള ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനിന്റെ എന്‍ജിനും ജനറല്‍ കമ്പാര്‍ട്ട്‌മെന്റിനും ശേഷമുള്ള ഒന്‍പതു ബോഗികളാണ് ആനേക്കല്‍ റോഡ്-ഹൊസൂര്‍ സ്റ്റേഷനുകള്‍ക്കിടെ 7.35ഓടെയാണ് പാളം തെറ്റിയത്.

പാളത്തിലേക്ക് ഒരു വലിയ പാറക്കഷണം പതിച്ചതായും ഇതില്‍ ഇടിച്ചാണു ട്രെയിന്‍ പാളം തെറ്റിയതെന്നും കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ട്വീറ്റ് ചെയ്തു. പാറക്കഷണം പാളത്തില്‍ വന്നുപതിച്ചതിന്റെ ശബ്ദം കേട്ടതായി എന്‍ജിന്‍ ഡ്രൈവര്‍ വ്യക്തമാക്കി.

വീഴ്ചയുടെ ആഘാതത്തില്‍ പാളം മുറിഞ്ഞുപോയി. ഡി-എട്ട്, ഡി-ഒമ്പത് ബോഗികളാണ് അപകടത്തില്‍ പെട്ടത്. പാളംതെറ്റിയതിനെ തുടര്‍ന്ന് ഡി-ഒമ്പത് ബോഗി എട്ടിലേക്ക് ഇടിച്ചുകയറി. വിജനമായ പ്രദേശമായിരുന്നതിനാല്‍ ഒരു മണിക്കൂര്‍ വൈകിയാണു രക്ഷാപ്രവര്‍ത്തനം തുടങ്ങാനായത്. യാത്രക്കാര്‍ ബന്ധുക്കളെയും മറ്റും വിവരമറിയിച്ചതോടെയാണ് അപകടവിവരം പുറംലോകമറിയുന്നത്. ബോഗി ഗാസ് കട്ടറുപയോഗിച്ചു പൊളിച്ചു മാറ്റിയാണു മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

കര്‍ണാടക ആരോഗ്യ, സാമൂഹ്യക്ഷേമമന്ത്രി യു.ടി. ഖാദര്‍, കേരള മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ് എന്നിവരും സംഭവസ്ഥലത്തെത്തിയിരുന്നു.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.