Latest News

ഒറ്റയാനായി പൊരുതി… ഹൃദയത്തിലൊരു കണ്ണീര്‍തുള്ളിയായി മടങ്ങി

"തിരുവനതപുരത്തേക്കു ഹിയറിംഗ് എന്ന പ്രഹസനതിനു വിളിച്ചു വരുത്തി,എന്നെ കൊണ്ടു ടൊയോട്ട ഇറ്റിയോസില്‍ വെറുതെ ഇന്ധനം അടിപ്പിച്ചു,എന്റെ പണം വെറുതെ കളഞ്ഞു നിലമ്പൂരില്‍ നിന്നും അത്രെയും ദൂരം ഡ്രൈവ് ചെയ്യിച്ചു,,,,ശിരുവാണി കാടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു എന്നു ആദ്യമേ ടൈപ് ചെയ്തു വച്ച ഓര്‍ഡര്‍ ഇങ്ങു അയച്ചാല്‍ പോരായിരുന്നോ???........ആദിത്യന്‍ ഒരു തുറന്ന യുദ്ധത്തിനോരുങ്ങുകയാണ്.നിങ്ങള്‍ക്കു തേടാനുള്ള വഴികള്‍ നിങ്ങള്‍ തെടിക്കൊള്ളൂ............ഒറ്റയാന് അവന്റേതായ ചില വഴികളുണ്ട്.എന്നെ നിങ്ങള്‍ ഏതൊക്കെ രീതിയില്‍ ബുദ്ധിമുട്ടിച്ചോ,പക്ഷേ..............................."!!!![www.malabarflash.com] 

മരണത്തിനു മണിക്കൂറുകള്‍ക്ക് മുമ്പ് ഡോ. പി സി ഷാനവാസ് ഫെയ്‌സ്ബുക്കില്‍ ഇങ്ങനെ കുറിച്ചു. തികഞ്ഞ നിശ്ചയദാര്‍ഢ്യമായിരുന്നു ഈ കുറിപ്പില്‍ നിറഞ്ഞുനിന്നത്. ആദിവാസികള്‍ക്ക് സ്‌നേഹത്തിന്റെ കൈത്താങ്ങു പകര്‍ന്നതിന്റെ പേരില്‍ ക്രൂശിക്കപ്പെട്ട തനിക്ക് തന്റേതായ വഴിയുണ്ടെന്നു തുറന്നു പ്രഖ്യാപിച്ച കുറിപ്പ്. ഒരു പോരാട്ടത്തിനുള്ള വിളംബരമായിരുന്നു ഷാനവാസിന്റെ വാക്കുകള്‍… പക്ഷേ, കാലം അതിനു പാവങ്ങളുടെ ഈ ആതുരസേവകനെ കാത്തുനിര്‍ത്തിയില്ല. സാമൂഹിക സേനവത്തിന് എച്ചഡിഎഫ്‌സി ബാങ്കില്‍നിന്ന് അഞ്ചര ലക്ഷം രൂപ വായ്പയെടുത്ത മഹാമനുഷ്യ സ്‌നേഹി കാലുഷ്യങ്ങളില്ലാത്ത ലോകത്തോടു വിടപറഞ്ഞു.


കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കി സര്‍ക്കാര്‍ സര്‍വീസില്‍ അസിസ്റ്റന്റ് സര്‍ജനായി പ്രവേശിച്ച ഷാനവാസ് മുമ്പു നിരവധി സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്തിരുന്നു. മലപ്പുറത്തെ ആദിവാസി മേഖലകളിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയോടെ മലപ്പുറത്തെയും കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രികളുടെ എതിര്‍പ്പ് ഷാനവാസിനുണ്ടായി. വിവിധ മരുന്നു കമ്പനികളും ഷാനവാസിനെതിരേ രംഗത്തുണ്ടായിരുന്നു.


സ്വകാര്യ ആശുപത്രി ലോബിയുടെ കടുത്ത എതിര്‍പ്പിനെ അതിജീവിച്ചാണ് ഷാനവാസ് നിലമ്പൂരിലെ പൊതുജനാരോഗ്യ രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചത്. ചുങ്കത്തറ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന സമയത്ത് ഷാനവാസിനെ അപായപ്പെടുത്താന്‍ പോലും ശ്രമമുണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രിയിലെ ജോലി സമയത്തിനു ശേഷം ആദിവാസി മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു ഷാനവാസ്. ഈ പ്രവര്‍ത്തനങ്ങളാണ് ഒരു വിഭാഗത്തെ ഷാനവാസിനെതിരാക്കിയത്. ഡ്യൂട്ടിക്കിടെ മദ്യപിച്ചു എന്നതടക്കമുള്ള ആരോപണവുമായി ഷാനവാസിനെതിരേ നീക്കം നടന്നു. കോടതി പക്ഷേ, ഷാനവാസിന് അനുകൂലമായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ പത്രത്തിനെതിരേ ഷാനവാസ് നിയമപ്പോരാട്ടം നടത്തിവരികയാണ്.


അശരണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി മരുന്നു കമ്പനികളെ ആശ്രയിക്കാതിരുന്നതാണ് ഷാനവാസിനെ കമ്പനികളുടെ കണ്ണിലെ കരടാക്കിയത്. സാമ്പിള്‍ മരുന്നുകള്‍ കണ്ടെത്തിയായിരുന്നു പ്രവര്‍ത്തനങ്ങള്‍. ഇതിനായി ഷാനവാസിന്റെ സഹപാഠികളും സഹപ്രവര്‍ത്തകരും ഏറെ സഹായം ചെയ്തു. ഷാനവാസിന്റെ പ്രവര്‍ത്തനം കേട്ടറിഞ്ഞു നാട്ടില്‍നിന്നും വിദേശത്തുനിന്നും നിരവധി സഹായങ്ങളും ലഭിച്ചു. ലക്ഷങ്ങള്‍ വിലപിടിപ്പുള്ള മരുന്നുകള്‍ പോലും പലരും ഷാനവാസിന് അയച്ചുകൊടുത്തു. [www.malabarflash.com] 

സാമ്പിള്‍ മരുന്നുകള്‍ കമ്പനികളില്‍നിന്നുള്ള ഫസ്റ്റ് ക്വാളിറ്റി മരുന്നുകളായതിനാലാണ് താന്‍ അവ ഉപയോഗിക്കുന്നതെന്നായിരുന്നു ഇതിനു ഷാനവാസിന്റെ വിശദീകരണം. മുമ്പു ജോലി ചെയ്ത ചില ആശുപത്രി അധികൃതരും ലഭിച്ചിരുന്ന സാമ്പിള്‍ മരുന്നുകള്‍ ഷാനവാസിനു നല്‍കിയിരുന്നു. മരുന്നുകമ്പനികള്‍ ചില രാഷ്ട്രീയ കക്ഷികളുടെ സഹായം തേടിയും ഷാനവാസിനെതിരേ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പോലും അറിയാതെയാണ് ഷാനവാസിന്റെ സ്ഥലംമാറ്റമുണ്ടായത്.


ഷാനവാസിന് വിദേശ സഹായമുണ്ടെന്നു വരെ ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചു. ശമ്പളത്തിന്റെ പാതിയും ഷാനവാസ് തന്റെ സേവനപ്രവര്‍ത്തനങ്ങള്‍ക്കാണു മാറ്റിവച്ചിരുന്നത്. ബാങ്കില്‍നിന്നെടുത്ത അഞ്ചര ലക്ഷത്തില്‍ ഇനിയും നാലര ലക്ഷം തിരിച്ചടയ്ക്കാന്‍ ബാക്കി കിടക്കുകയാണ്. ഷാനവാസിന്റെ അക്കൗണ്ടിലേക്ക് പതിനായിരങ്ങള്‍ വരുന്നു എന്നാണ് വിദേശ സഹായമുണ്ടെന്നതിന് കാരണമായി എതിരാളികള്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

സര്‍വീസില്‍ പ്രവേശിച്ച് ആദ്യ മൂന്നു വര്‍ഷം തികയും മുമ്പാണ് ചട്ടങ്ങള്‍ ലംഘിച്ച് ഷാനവാസിന് പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴയിലേക്ക് സ്ഥലംമാറ്റമുണ്ടായത്. മൂന്നു മാസം തികയും മുമ്പ് ശിരുവാണിയിലേക്കും സ്ഥലം മാറ്റമുണ്ടായി. ആദിവാസി വിഭാഗങ്ങള്‍ എന്നും ചൂഷണം അനുഭവിക്കുമ്പോള്‍ അവരുടെ കൂടെ നിന്നു പ്രവര്‍ത്തിക്കുന്നവരെ ദ്രോഹിക്കുന്നത് ഒരു തരത്തില്‍ സര്‍ക്കാര്‍ തന്നെയാണെന്നതിന് വ്യക്തമായ ഉദാഹരണമായിരുന്നു ഷാനവാസിന്റേത്. ഷാനവാസിനു നേരിട്ട ദുരനുഭവങ്ങളിള്‍ പൂര്‍ണ പിന്തുണയുമായി കൂടെ നിന്നത് സോഷ്യല്‍ മീഡിയയായിരുന്നു എന്നതും ശ്രദ്ധേയം.


ജനങ്ങളുടെ കണ്ണിരൊപ്പാനും സങ്കടങ്ങള്‍ക്ക് പരിഹാരം കാണാനുമാണ് ഏതൊരു ആതുരസേവകനും ശ്രമിക്കേണ്ടത്. മരുന്നുകമ്പനികള്‍ നല്‍കുന്ന മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളില്‍ മയങ്ങി ജനങ്ങളെ മരുന്നു കുടിപ്പിക്കുകയല്ല എന്ന തത്വമായിരുന്നു ഷാനവാസിനെ നയിച്ചത്. ജീവിതപ്പാതിയെത്തും മുമ്പു ഷാനവാസിന് ഇത്രയധികം എതിരാളികളെ സമ്മാനിച്ചത് സ്വന്തമായി സ്‌നേഹസമ്പന്നമായ മനസുണ്ടെന്ന നന്മയുമായിരുന്നു.[www.malabarflash.com] 

ഇന്നലത്തന്നെ ഷാനവാസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മറ്റൊരു കുറിപ്പിങ്ങനെയായിരുന്നു.
"3 വര്‍ഷം തികയുന്നതിനു മുമ്പേ സ്വന്തം ജില്ലയില്‍ വേക്കന്‍സി ഉണ്ടായിരിക്കേ അന്യജില്ലയിലേക്ക് സ്ഥലം മാറ്റി.തികച്ചും അനധികൃതം,നിയമ വിരുദ്ധം......പുതിയ സ്ഥലമായ പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴയില്‍ 3 മാസം തികയുന്നതിനു മുമ്പ്തന്നെ അവിടുന്ന് ശിരുവാണി കാടുകളിലേക്കും,കുന്നുകളിലേക്കും സ്ഥലം മാറ്റി.തികച്ചും നിയമവിരുദ്ധം,,പച്ചയായ മനുഷ്യാവകാശ ലംഘനം............എതിരാളികള്‍ വമ്പന്‍ സ്രാവുകളാണ്..പക്ഷേ അവര്‍ക്കൊന്നും സത്യത്തിനും നീതിക്കും മീതെ അധികകാലം പറക്കാനാവില്ല.........ഹൈകോടതിയില്‍ സത്യത്തിനും നീതിക്കും വേണ്ടിയിട്ടുള്ള നിയമ പോരാട്ടം നടക്കട്ടെ.എന്തായാലും സത്യമേ വിജയിക്കൂ.സത്യമേ വിജയിക്കാവൂ,കാരണം സത്യം ഈശ്വരനാണ്......എന്റെ സ്ഥലം മാറ്റത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച വൃത്തികെട്ട കരങ്ങള്‍ക്ക് സത്യത്തില്‍ ഭയമാണ്.കാരണം അവരെ പൂട്ടുന്ന രഹസ്യങ്ങള്‍ ആദിത്യന്റെ പക്കലുള്ളതു കൊണ്ടു തന്നെ.സമയമാകുമ്പോള്‍ ആദിത്യന്‍ അതു പൊതു ജനമദ്ധ്യേ തുറന്നു കാണിക്കും...................പിന്നെ ഇവര്‍ക്കറിയില്ലല്ലോ ആദിത്യനു കാടും,മേടും,മലയുമാണ് കൂടുതല്‍ ഇഷ്ടമെന്ന്.ശിരുവാണിയിലെ എന്റെ പ്രിയപ്പെട്ട ആദിവാസികളെ,പട്ടിണിപ്പാവങ്ങളെ,കാടും മലയും കയറി ആദിത്യന്‍ നിങ്ങള്‍ക്കാവശ്യമുള്ള അത്യാവശ്യ വസ്തുക്കളുമായി വരും.നിങ്ങള്‍ ഇനി മുതല്‍ പട്ടിണി കിടക്കേണ്ടി വരില്ല............................................ആദിത്യന്റെ അടുത്ത യാത്ര ശിരുവാണിയിലേക്ക്"......................................................!!!!

അടുത്തയാത്രയ്ക്ക് ശിരുവാണിക്കുന്നുകള്‍ കയറാന്‍ കാത്തുനില്‍ക്കാതെ സ്‌നേഹം മാത്രം നിറഞ്ഞു നിന്ന ഈ പച്ചയായ മനുഷ്യന്‍ യാത്രയായി. കാലത്തിന് കുറിച്ചുവയ്ക്കാന്‍ കുറെ നല്ല ഓര്‍മകള്‍ മാത്രം നല്‍കി. മനുഷ്യത്വത്തിന്റെ ഉദാത്ത ഉദാഹരണമായിരുന്നു ഷാനവാസ്.
(കടപ്പാട്: ഇന്ത്യവിഷന്‍)
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.