Latest News

ദുബായിയില്‍ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്‌റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു

ദുബായ്: ദുബായിയിലെ ആദ്യത്തെ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്‌റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി കാര്യാലയത്തില്‍ സ്ഥാപിച്ച സ്‌റ്റേഷന്റെ ഉദ്ഘാടനം സുപ്രീം എനര്‍ജി കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം നിര്‍വഹിച്ചു.

ഒരേ സമയം രണ്ട് വാഹനങ്ങള്‍ റീച്ചാര്‍ജ് ചെയ്യാനുള്ള സൗകര്യമാണ് സ്‌റ്റേഷനിലുള്ളത്.
2015ല്‍ 100 റീച്ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന്റെ ആദ്യപടിയായാണ് ദീവയില്‍ സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്. മറ്റു 12 സ്‌റ്റേഷനുകള്‍ കൂടി ഉദ്ഘാടനത്തിന് തയ്യാറായിട്ടുണ്ട്. ഇവയില്‍ 11 സ്‌റ്റേഷനുകള്‍ ദീവയുടെ വിവിധ സെന്ററുകളിലായാണ് സ്ഥാപിച്ചത്. 

ദുബായ് സിലികണ്‍ ഒയാസിസില്‍ ഒരു സ്‌റ്റേഷനും പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. ഇതേ കേന്ദ്രത്തിലെ തന്നെ മറ്റൊന്നും ദുബായ് ഡിസൈന്‍ ഡിസ്ട്രിക്ടിലെ രണ്ടെണ്ണവും മാര്‍ച്ച് 15ന് മുമ്പായി ഉദ്ഘാടനത്തിന് തയ്യാറാകും. ദീവയുടെ പ്രധാന കാര്യാലയത്തിന് പുറമെ, അല്‍ വാസല്‍, അല്‍ ഹുദൈബ, ബുര്‍ജുനഹാര്‍, ഉമ്മുനഹാര്‍, ഉമ്മുറമൂല്‍, ജബല്‍അലി എന്നിവിടങ്ങളിലാണ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
2015ല്‍ തന്നെ വിവിധ തരത്തിലുള്ള 84 സ്‌റ്റേഷനുകള്‍ കൂടി നിലവില്‍വരും. ‘ഫാസ്റ്റ്’, ‘പബ്ലിക്’, ‘ഹോം’ എന്നീ വിഭാഗങ്ങളില്‍ പെടുന്ന സ്‌റ്റേഷനുകള്‍ നഗരത്തിന്റെ വിവിധ കോണുകളിലായി സ്ഥാനംപിടിക്കും. വിമാനത്താവളങ്ങള്‍, മുനിസിപ്പാലിറ്റി സെന്ററുകള്‍, ആര്‍.ടി.എ. കാര്യാലയം, ഷോപ്പിങ് മാളുകള്‍, പെട്രോള്‍ സ്‌റ്റേഷനുകള്‍, ഹോട്ടലുകള്‍, പാര്‍ക്കിങ് കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങള്‍ സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതിനായി തെരഞ്ഞെടുക്കും.
അതിവേഗം ചാര്‍ജ് ചെയ്യാവുന്ന ‘ഫാസ്റ്റ്’ സ്‌റ്റേഷനുകളില്‍ നിന്ന് 30 മിനിറ്റുകൊണ്ട് കാറുകള്‍ റീചാര്‍ജ് ചെയ്യാനാകും. ‘പബ്ലിക്’ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്‌റ്റേഷനുകളില്‍ നിന്ന് നാലു മണിക്കൂര്‍ കൊണ്ടും ഹോം ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ വഴി ആറു മുതല്‍ എട്ട് മണിക്കൂര്‍കൊണ്ടുമാണ് കാറുകള്‍ ചാര്‍ജ് ചെയ്യാനാവുക.


Keywords: Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.