Latest News

റംഷീദിന്റെ ബന്ധുക്കളെ വെട്ടി പരിക്കേല്‍പ്പിച്ച രണ്ടുപേര്‍ പിടിയില്‍

കാഞ്ഞങ്ങാട്: മുക്കൂട്ട് ദുരൂഹ സാഹചര്യത്തില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട ഇട്ടമ്മല്‍ മുത്തപ്പന്‍ മഠപ്പുരക്കടുത്ത് താമസിക്കുന്ന തേങ്ങ വ്യാപാരി മുഹമ്മദ് കുഞ്ഞിയുടെ മകന്‍ റംഷീദിന്റെ മാതൃസഹോദരന്‍ വളപ്പില്‍ അബ്ദുള്‍ ഖാദര്‍(45), ബന്ധു വി മന്‍സൂര്‍ എന്നിവരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ പോലീസ് പിടിയിലായി.

ഇഖ്ബാല്‍ ഹൈസ്‌കൂളിനടുത്ത് താമസിക്കുന്ന മട്ടന്‍ ഹംസയുടെ മകന്‍ അഫ്‌സല്‍(20), കുടക് അബ്ദുള്‍ റഹ്മാന്റെ മകന്‍ ആസിഫ്(22) എന്നിവരാണ് പോലീസ് വലയിലായത്.
തിങ്കളാഴ്ച രാത്രിയിലാണ് അബ്ദുള്‍ ഖാദറിനും മന്‍സൂറിനും നേരെ അക്രമം നടന്നത്. സാരമായി പരിക്കേറ്റ ഇരുവരും മംഗലാപുരം യൂണിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്.
അന്ന് രാത്രി പത്ത് മണിയോടെ സഹോദരന്‍ അബ്ദുള്‍ റഹ്മാന്റെ വീട്ടില്‍ പോയി തിരിച്ച് വരുന്നതിനിടയില്‍ അബ്ദുള്‍ ഖാദറിനെയും മന്‍സൂറിനെയും തടഞ്ഞ് നിര്‍ത്തി വാളുകൊണ്ട് വെട്ടുകയും പാര കൊണ്ട് അടിച്ചും പരിക്കേല്‍പ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി.
ഈ കേസില്‍ അബ്ദുള്ള, സഹോദരന്‍ ഹംസ, അര്‍ഷാദ് എന്നിവരും പ്രതികളാണ്. ഇവര്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു പ്രേമന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്.
ഇപ്പോള്‍ വലയിലായ അഫ്‌സലിനോടൊപ്പം ഒക്‌ടോബര്‍ 15 ന് വൈകിട്ട് വീട്ടില്‍ നിന്നിറങ്ങിയ റംഷീദ് പിറ്റേന്ന് വെളുപ്പിന് ഒരുമണിയോടെ ചിത്താരി മുക്കൂട് റോഡില്‍ മുസ്‌ലിം ലീഗ് ഓഫീസിന് അല്‍പ്പമകലെ മോട്ടോര്‍ ബൈക്ക് അപകടത്തിലാണ് മരണപ്പെട്ടത്.
ഈ അപകടത്തില്‍ ഏറെ ദുരൂഹത ഉയര്‍ന്നിരുന്നു. അഫ്‌സലും ചേറ്റുകുണ്ട് സ്വദേശി ഖലീലും സംശയത്തിന്റെ നിഴലിലായിരുന്നു. ഇവര്‍ക്കെതിരെ റംഷീദിന്റെ വീട്ടുകാര്‍ പരാതി ഉയര്‍ത്തിയിരുന്നു. റംഷീദിനെ കൊലപ്പെടുത്തിയതാണെന്ന പ്രചരണം ഇപ്പോഴും നാട്ടില്‍ നിലനില്‍ക്കുന്നുണ്ട്. സംഭവത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉത്തരവിട്ടിട്ടുണ്ട്.
റംഷീദിന്റെ പിതാവ് മുഹമ്മദ് കുഞ്ഞി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.