കാഞ്ഞങ്ങാട്: അജാനൂര്‍ കടപ്പുറം തീരദേശ ഗ്രാമത്തിലെ ആറ് വിദ്യാലയങ്ങളിലെ 4 മുതല്‍ 7 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി അജാനൂര്‍ ഗവ.ഫിഷറീസ് യുപി സ്‌കൂളിന്റെ 75-ാം വാര്‍ഷികോപഹാരമായി ഇംഗ്ലീഷ്, കണക്ക് വിഷയങ്ങളില്‍ അടിസ്ഥാന ശേഷി വികാസത്തിന് ഊന്നല്‍ നല്‍കുന്ന മേപ് ഫോര്‍ മി (മാക്‌സിമം അച്ചീവ്‌മെന്റ് പ്രോഗ്രാം ഫോര്‍ മാത്‌സ് ആന്റ് ഇംഗ്ലീഷ്) തുടങ്ങി.
അവധിദിനങ്ങള്‍ മാത്രം ഉപയോഗപ്പെടുത്തി നടത്തുന്ന ഈ പദ്ധതി ആദ്യഘട്ടത്തില്‍ 4 ആഴ്ചകള്‍ നീണ്ടു നില്‍ക്കും. രണ്ടാംഘട്ടം ജൂണ്‍ രണ്ടാംവാരത്തില്‍ ആരംഭിക്കും. സ്‌കൂളിലെ അക്കാദമിക്‌വിംഗും, സംസ്ഥാനത്തെ വിദഗ്ധരായ അധ്യാപകരും ചേര്‍ന്നൊരുക്കുന്ന അന്യാദൃശമായ ഈ പഠനപദ്ധതിയിലൂടെ ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള കഴിവ്, ഇറ്റാലിക്‌സ് കോപ്പി റൈറ്റിംഗ് എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നു. ഗണിതംമധുരം, ഗണിതമാജിക്, പസില്‍, ഗെയിം എന്നിവ ഉള്‍ക്കൊള്ളുന്ന ഗണിത ക്ലാസ്സുകളിലൂടെ ഗണിത പിന്നാക്കാവസ്ഥ മറി കടക്കാനും കുട്ടികളില്‍ ഗണിതാഭിരുചി വളര്‍ത്താനുമാണ് ലക്ഷ്യമിടുന്നത്.
മാര്‍ച്ച് 21വരെ നീണ്ടു നില്‍ക്കുന്ന പദ്ധതിയില്‍ എ.ജി.ഷംസുദ്ദീന്‍, കൃഷ്ണദാസ് പലേരി, എ.സി.അത്താവുള്ള, ആനന്ദ് പേക്കടം തുടങ്ങിയ വിദഗ്ധരായ അധ്യാപകര്‍ സെഷനുകള്‍ കൈകാര്യം ചെയ്യും. കുട്ടികള്‍ക്കായി സെല്‍ഫ് അസസ്‌മെന്റ് ടൂള്‍, ക്രിയേറ്റീവ് കോര്‍ണര്‍, പ്രോബ്‌ളം സോള്‍വിംഗ് ലേഡര്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.
കോഴ്‌സിന്റെ ഭാഗമായി രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണ പരിപാടിയും ഉണ്ടായിരിക്കം. പദ്ധതിയിലൂടെ ഈ രണ്ടു വിഷയങ്ങളിലും കുട്ടികളെ ഉന്നത ശേഷി നിലവാരത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം.
പരിപാടിയുടെ ഉദ്ഘാടനം അജാനൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.അശോകന്‍ നിര്‍വ്വഹിച്ചു. അക്കാദമിക് കോര്‍ഡിനേറ്റര്‍ ടി.അബ്ദുള്‍ റഷീദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ് കെ.ജി.സജീവന്‍ അദ്ധ്യക്ഷനായിരുന്നു.
ഗ്രാമപഞ്ചായത്ത് മെമ്പര്‍ എ.ചന്ദ്രന്‍, സ്‌കൂള്‍ വികസന സംഘാടക സമിതി ചെയര്‍മാന്‍ എ.ഹമീദ്ഹാജി, കുറുംബ ക്ഷേത്രം പ്രസിഡന്റ് എ.ആര്‍.രാമകൃഷ്ണന്‍, എ.പി.രാജന്‍, പി.പി.കുഞ്ഞബ്ദുള്ള, ബി.രവി, രജനി രാജന്‍, കെ.രവീന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു. ഹെഡ്മാസ്റ്റര്‍ ടി.എം.എ ബഷീര്‍ അഹമ്മദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.മോഹനന്‍ നന്ദിയും പറഞ്ഞു. പൂര്‍വ്വ വിദ്യാര്‍ത്ഥിയും റിട്ട.എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനുമായ എ.ആര്‍.അച്യുതനാണ് പരിപാടി സ്‌പോണ്‍സര്‍ ചെയ്യുന്നത്.
No comments:
Post a Comment