കാസര്‍കോട്: കഴിഞ്ഞ ജൂലായില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നല്‍കിയ ഓട്ടോറിക്ഷയുമായി റോഡിലേക്ക് ഇറങ്ങിയപ്പോള്‍ പാത്തിക്കര സ്വദേശിനി എം.അമ്പിളിക്ക് ഒറ്റ ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുളളൂ. ഓട്ടോ ഓടിച്ച് ആരെയും ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്‍ക്കുക. അമ്പിളിയുടെ ആഗ്രഹം പൂവണിഞ്ഞു. അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബത്തെ പരിപാലിച്ചുകൊണ്ട് 27 കാരിയായ അമ്പിളി മുന്നേറുകയാണ് .
ഇന്ന് അമ്പിളിക്ക് ഓട്ടോ ഉപജീവനമാര്‍ഗ്ഗം മാത്രമല്ല , ജീവിത വിജയത്തിലേക്കുള്ള മാര്‍ഗ്ഗം കൂടിയാണ്. രാവിലെ എട്ട് മണിക്ക് പാത്തിക്കര ഓട്ടോസ്റ്റാന്റിലെത്തുന്ന അമ്പിളി വൈകുന്നരം ആറ് മണിവരെയാണ് ഓട്ടോ ഓടിക്കുന്നത്. ശരാശി എഴുന്നൂറോളം രൂപയാണ് ദിവസവും സമ്പാദിക്കുന്നത്. ഇത് അമ്പിളിയുടെ മാത്രം കഥയല്ല. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നല്‍കിയ 45 ഓട്ടോയുമായി ജീവിതം പുലര്‍ത്തുന്ന 45 പട്ടികവര്‍ഗ്ഗ യുവതികളുടെ വിജയത്തിന്റെ കഥ കൂടിയാണ്.
ചുളളിക്കരയിലെ 31കാരിയായ സി.നിര്‍മ്മലയുടെ കഥയും ഇതില്‍ നിന്നും വ്യത്യസ്തമല്ല. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നതിനിടയിലാണ് അനുഗ്രഹമായി ഓട്ടോ ലഭിച്ചത്. കൂലിപ്പണിക്കാരനായ ഭര്‍ത്താവും രണ്ടു മക്കളും നിര്‍മ്മലയുമടങ്ങുന്ന കുടുംബം ഇന്ന് ഓട്ടോ ഓടിക്കുന്നതിലൂടെ കിട്ടുന്ന വരുമാനത്തിലൂടെ സംതൃപ്തമായി കഴിഞ്ഞുകൂടുന്നു.
18നും 35 വയസ്സിനുമിടയിലുളള തൊഴില്‍ രഹിതരായ 45 പട്ടികവര്‍ഗ്ഗ യുവതികള്‍ക്കാണ് ഈ പദ്ധതി അനുഗ്രഹമായത്. പദ്ധതിയിലൂടെ ഇവര്‍ക്ക് സ്വയം തൊഴില്‍ ലഭ്യമാക്കുക എന്നതായിരുന്നു പ്രാഥമിക ലക്ഷ്യം. സംസ്ഥാനത്തൊട്ടാകെ സൗജന്യ 500 ഓട്ടോറിക്ഷകളാണ് ഇങ്ങിനെ വിതരണം ചെയ്തത്. ഇതില്‍ ജില്ലയില്‍ 45 ഓട്ടോകള്‍ വിതരണം ചെയ്തു. ഇതു പ്രകാരം എട്ടാം ക്ലാസ്സ് പാസ്സായവര്‍ക്കും മോട്ടോര്‍ വാഹനവകുപ്പ് എംപാനല്‍ ചെയ്തിട്ടുളള ഡ്രൈവിംഗ് പരിശീലനം നേടിയവര്‍ക്കുമാണ് ഓട്ടോ ലഭിച്ചത്.
ഓട്ടോ ഡ്രൈവിംഗ് പരിശീലനത്തിന് സ്റ്റൈപന്റും പരിശീലന ഫീസുമായി 5000 രൂപ വീതവും ലഭിച്ചു. വിധവകള്‍, വിധവകളുടെ മക്കള്‍, സ്ത്രീ കുടുംബനാഥയായിട്ടുളളവര്‍ , അവിവാഹിതരായ അമ്മമാര്‍ അവരുടെ മക്കള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കി കൊണ്ടാണ് ഓട്ടോ വിതരണം ചെയ്തത്. 1.40 ലക്ഷം രൂപ വിലയുളള ഓട്ടോറിക്ഷകളാണ് നല്‍കിയത്. നീലയും മഞ്ഞയും നിറമുളളതാണ് ഓട്ടോകള്‍. മുചക്ര വാഹനം ഇവരുടെ ജീവിത വിജയത്തിന്റെ പ്രതീകമാവുകയാണ്.
No comments:
Post a Comment