Latest News

വി.എസ് പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചേക്കും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാതെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ തിരുവനന്തപുരത്തേക്ക് മടങ്ങി. പ്രതിപക്ഷ നേതൃസ്ഥാനം വി.എസ് രാജിവച്ചേക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. അന്തിമ തീരുമാനം പാര്‍ട്ടി നിലപാട് അറിഞ്ഞ ശേഷമേ ഉണ്ടായിരിക്കുകയുള്ളെന്നും റിപ്പോര്‍ട്ടുണ്ട്. 

ഞായറാഴ്ച പുലര്‍ച്ചെ നാലോടെയാണ് വി.എസ് ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചത്. പുറപ്പെടുന്നതിനു മുമ്പ് മകന്‍ അരുണ്‍ കുമാറുമായി വി.എസ് കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

അതേസമയം, പ്രശ്‌ന പരിഹാരത്തിന് കേന്ദ്ര നേതൃത്വം ശ്രമം തുടങ്ങിയിട്ടുണ്ട്. കേന്ദ്ര നേതാക്കള്‍ തമ്മില്‍ ഞായറാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍ വി.എസ് തിരുവനന്തപുരത്തേക്ക് പോയത് അറിഞ്ഞിട്ടില്ലെന്നാണ് സിപിഎം നേതാക്കളുടെ പ്രതികരണം.

കഴിഞ്ഞ ദിവസം സിപിഎമ്മിനെ വീണ്ടും കടുത്ത സമ്മര്‍ദത്തിലേക്കു തള്ളിവിട്ടു വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച പൊതുചര്‍ച്ചയ്ക്കിടെ തനിക്കെതിരേ ഉയര്‍ന്ന രൂക്ഷമായ ആരോപണങ്ങളില്‍ മനസുമടുത്താണ് അദ്ദേഹം വേദി വിട്ടിരുന്നത്. 

പുന്നപ്രയിലെ കുടുംബവീടായ വേലിക്കകത്തു വീട്ടിലേക്കാണു അദ്ദേഹം പോയത്. ശനിയാഴ്ച രാത്രിയോടെ അനുരഞ്ജന ചര്‍ച്ചകള്‍ക്കായി, അറിയപ്പെടുന്ന വി. എസ് പക്ഷക്കാരായ കെ. ചന്ദ്രന്‍പിള്ളയും എസ്. ശര്‍മയും വി.എസിന്റെ വീട്ടിലെത്തിയിരുന്നു. 20 മിനിറ്റു നേരം വി.എസുമായി സംസാരിച്ചിരുന്നെങ്കിലും തന്റെ നിലപാടില്‍ ഒരു മാറ്റവുമില്ല എന്നാണ് വി.എസ് ഇവരെ അറിയിച്ചിരുന്നത്.

എല്ലാവരെയും കൂടെ നിര്‍ത്താനാണു പാര്‍ട്ടി ശ്രമിക്കുന്നതെന്നും ഒരാളെയും നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. അച്ചടക്കമുള്ള പാര്‍ട്ടിക്കേ ജനങ്ങളെ നയിക്കാന്‍ കഴിയൂ. സിപിഎം സമ്മേളന നടപടികള്‍ വിശദീകരിക്കാന്‍ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു കോടിയേരി ഇക്കാര്യം പറഞ്ഞത്. 
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.